ആലുവ: മരിച്ചെന്നു കരുതി ശവദാഹം നടത്തിയ ആൾ ഏഴാം ചരമ ദിനാചരണം നടക്കുമ്പോൾ തിരിച്ചെത്തി.
കീഴ്മാട് ഒൻപതാം വാർഡ് ഔപ്പാടൻ വീട്ടിൽ ആന്റണി (അന്തോണി-68) ആണ് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച് തിരിച്ചെത്തിയത്. ഏഴാം ചരമദിനമായ തിങ്കളാഴ്ച ബന്ധുക്കൾ കല്ലറ അലങ്കരിച്ച് പ്രത്യേക പ്രാർഥന നടത്തി പിരിഞ്ഞപ്പോഴാണ് ആന്റണി നാട്ടിൽ ബസിറങ്ങിയത്. ചൂണ്ടി കവലയിൽ ബസിറങ്ങി നടന്നുവന്ന ആന്റണിയെ കണ്ട അയൽക്കാരൻ സുബ്രഹ്മണ്യൻ ഒന്നുഞെട്ടി.
സുബ്രഹ്മണ്യൻ പറഞ്ഞാണ് ആന്റണി തന്റെ ‘മരണ വിവരം’ അറിഞ്ഞത്. കീഴ്മാട് പഞ്ചായത്തംഗം സ്‌നേഹ മോഹനൻ അടക്കമുള്ളവരും ഈ സമയം സ്ഥലത്തെത്തി. ഉടൻ വീട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു. തന്റെ ഏഴാം ചരമ ദിനാചരണമാണെന്നറിഞ്ഞ ആന്റണി വൈകാതെ ജനനവും മരണവും രേഖപ്പെടുത്തിയ ’സ്വന്തം’ കല്ലറ കാണാനെത്തി.അവിവാഹിതനായ ആന്റണി ആലുവ മാർക്കറ്റിലും മൂവാറ്റുപുഴയിലും മറ്റും ചെറിയ ജോലികൾ ചെയ്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയാണ് ജീവിച്ചിരുന്നത്. ഏഴ് സഹോദരങ്ങളാണ് ആന്റണിക്കുള്ളത്. ഇവരുടെ വീടുകളിൽ വല്ലപ്പോഴുമാണ് പോയിരുന്നത്. ഓഗസ്റ്റ് 14-ന് അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ആന്റണിയുടെ ‘മരണം’ രേഖപ്പെടുത്തിയത്.
13-ന് രാത്രി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പരിസരത്തുവെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടയാളെ അങ്കമാലി പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ഇയാൾ വൈകാതെ മരിച്ചു. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
അങ്കമാലി ഭാഗത്തുള്ള ആന്റണിയുടെ സഹോദരിയാണ് ആദ്യം മൃതദേഹം ‘തിരിച്ചറി’യുന്നത്. പണ്ട് അപകടത്തെ തുടർന്ന് തലയിലും കാലിലുമുണ്ടായ മുറിവിന്റെ പാടുകൾ കണ്ടാണ് മൃതദേഹം ആന്റണിയുടേതാണെന്ന് ഉറപ്പിച്ചത്. മറ്റു ബന്ധുക്കളും ആശുപത്രിയിലെത്തി ഇത് സ്ഥിരീകരിച്ചു.
പിന്നീട് പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ഏറ്റുവാങ്ങി ആലുവ ചുണങ്ങംവേലി സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മരണപ്പെട്ടത് തന്റെ രൂപസാദൃശ്യമുള്ള കോട്ടയം സ്വദേശി രാമചന്ദ്രൻ എന്നയാൾ ആയിരിക്കാമെന്നാണ് ആന്റണി പറയുന്നത്. അലഞ്ഞുനടക്കുന്ന സ്വഭാവക്കാരനായ രാമചന്ദ്രനെ മുൻപ് ആന്റണി പരിചയപ്പെട്ടിട്ടുണ്ട്.
ആന്റണി മടങ്ങിയെത്തിയതോടെ കല്ലറയിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റുമെന്ന് അങ്കമാലി പോലീസ് പറഞ്ഞു. മരിച്ചയാളെക്കുറിച്ച് വിശദമായ അന്വേഷണവും നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.