വൈക്കം :തലയാഴത്ത് പണമടയ്ക്കാത്തതിത്തുടർന്ന് വൈദ്യുതി വിഛേദിക്കാൻ എത്തിയ കെഎസ്ഇബി ലൈൻമാനെ വീട്ടുകാർ കമ്പി വടിയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ചതായി പരാതി.
തലയാഴം ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസിലെ ലൈൻമാൻ മുണ്ടാർ പാലിയംകുന്നിൽ ഹരീഷിനെ മർദിച്ചതായാണു പരാതി. പരുക്കേറ്റ ഹരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയാണു സംഭവം. വെച്ചൂർ മുച്ചൂർക്കാവ് അനുഷ ഭവനിൽ സന്തോഷ് എന്നയാളുടെ വീട്ടിൽ വൈദ്യുതി ബില്ലിന് കുടിശിക വന്നതിനെ തുടർന്ന് വൈദ്യുതി വിഛേദിച്ചു. മീറ്ററിൽ നിന്നുള്ള വൈദ്യുതി ബന്ധം വിഛേദിക്കാൻ ഹരീഷ് എത്തിയപ്പോൾ വീട്ടുകാർ വൈദ്യുതി സ്വയം പുനഃസ്ഥാപിച്ച് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടു.ഹരീഷ് ഇത് ചോദ്യം ചെയ്തപ്പോൾ വീട്ടുടമ സന്തോഷും മകനും ചേർന്നു തടഞ്ഞു നിർത്തി അസഭ്യം പറയുകയും കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു എന്നാണ് ഹരീഷിന്റെ പരാതി. വിവരം ഓഫിസിൽ അറിയിക്കാൻ ഹരീഷ് ഫോൺ വിളിക്കുന്നതിനിടെ ഫോൺ പിടിച്ചു വാങ്ങി വീണ്ടും മർദിച്ചു.
അവിടെ നിന്നു രക്ഷപ്പെട്ട ഹരീഷ് തലയാഴത്തെ വൈദ്യുതി ഓഫിസിലെത്തി വിവരം പറയുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകർ ചേർന്ന് ഹരീഷിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിനിടെ പരുക്കേറ്റ സന്തോഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിനെതിരെ കെഎസ്ഇബി സംയുക്ത ട്രേഡ് യൂണിയനുകൾ പ്രതിഷേധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.