പത്തനംതിട്ട:ഓമല്ലൂര്‍ സെയ്ന്റ് സ്റ്റീഫന്‍സ് സി.എസ്.ഐ.പള്ളിയിലും തൊട്ടടുത്തുള്ള സി.എം.എസ്.എല്‍.പി.സ്കൂളിലും മോഷണം.പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന കവര്‍ച്ചാസംഘം അലമാരിയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയും സ്കൂളിലെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും മറ്റ് അനുബന്ധ ഉപകരണങ്ങളുമടക്കം മോഷ്ടിച്ചു കടന്നു കളഞ്ഞു.
സ്കൂളിലെ ഓഫീസ് മുറിയില്‍ അലമാരയ്ക്കുള്ളിലുണ്ടായിരുന്ന ചെക്കുബുക്ക്,ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ വലിച്ചെറിയുകയും മുറി അലങ്കോലപ്പെടുത്തുകയും ചെയ്തു.ഓഫീസ് റൂമില്‍ വിലപിടിപ്പുള്ള ഒരു പ്രോജക്ടര്‍ ഉണ്ടായിരുന്നെങ്കിലും അത് മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെട്ടില്ല.മോഷ്ടാക്കള്‍ സംഘമായെത്തി കവര്‍ച്ച നടത്തിയെന്നാണ് നിഗമനം. പാഴ്സലായി മോഷ്ടാക്കള്‍ വാങ്ങിയെന്ന് കരുതുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ പള്ളി പരിസരത്ത് കണ്ടെത്തി.ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് പള്ളിക്കവാടത്തിലെ ഗ്രില്ലിന്റെ പൂട്ടു തകര്‍ത്തശേഷം ഉള്ളില്‍കടന്ന മോഷ്ടാക്കള്‍ കവാടത്തിലെ മണിച്ചിത്രപ്പൂട്ട് കുത്തിപ്പൊളിച്ച് അകത്തെത്തിയാണ് കാണിക്കവഞ്ചി പുറത്തെത്തിച്ച് പൂട്ട് തകര്‍ത്തത്.
പൂട്ട് സമീപത്തെ തെങ്ങിന്റെ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. പള്ളിയില്‍ സൂക്ഷിച്ചിരുന്ന വീഞ്ഞ് കുടിച്ച ശേഷം ബാക്കി പള്ളിമുറ്റത്ത് ഉപേക്ഷിച്ചു. സ്കൂളില്‍നിന്ന് ലാപ് ടോപ്പ് അടക്കം 40,000 രൂപയോളം വില വരുന്ന സാധനങ്ങള്‍ മോഷണം പോയതായി സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.കാണിക്കവഞ്ചി കുത്തിത്തുറന്ന് പതിനായിരം രൂപയോളം അപഹരിച്ചുവെന്ന് ഇടവക വികാരി ഫാ. ഷിജോമോന്‍ ഐസക് പറഞ്ഞു.പത്തനംതിട്ടയില്‍നിന്ന് വിരലടയാള വിദഗ്ധര്‍ സ്ഥലത്തുവന്ന് തെളിവുകള്‍ ശേഖരിച്ചു. പോലീസ് നായയെയും ഇവിടെ എത്തിച്ച് പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.