കെ-റെയില്‍ വിഷയത്തിൽ സിപിഎം ബിജെപി അവിശുദ്ധ ബന്ധമെന്ന് കെ സി വേണുഗോപാൽ' കൂട്ടുകെട്ട് മറനീക്കി പുറത്ത് വരികയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തിലെ സിപിഎം-ബിജെപി കൂട്ടുകെട്ട് മറനീക്കി പുറത്ത് വരികയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ജനകീയ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെയ്ക്കേണ്ടി വന്ന കെ-റെയിൽ പദ്ധതി ഏത് വിധേനയും നടപ്പിലാക്കാൻ വേണ്ടി ബിജെപിയുമായി കൂട്ടുചേരാനുള്ള സിപിഎം നീക്കം കൂടുതല്‍ വ്യക്തമായെന്നാണ് അദ്ദേഹം പറയുന്നത്.

മോദിയും പിണറായിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ പാലമായി നിന്ന് പ്രവർത്തിക്കുന്നത് ഡൽഹിയിലെ കേരളാ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ കമ്മീഷൻ കൊള്ള നടത്താൻ സംസ്ഥാന സർക്കാർ കണ്ടെത്തിയ കെ-റെയിൽ പദ്ധതി രൂപം മാറ്റി അവതരിപ്പിക്കാനാണ് കെ.വി തോമസിനെ സർക്കാർ ഇപ്പോൾ ഉപയോഗിക്കുന്നത്. 

കെ.വി തോമസും ഇ. ശ്രീധരനും അടച്ചിട്ട മുറിയിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ബദൽ റെയിൽ പാതാ നിർദേശങ്ങൾ വരുന്നു, കെ. സുരേന്ദ്രൻ എന്ന ബി.ജെ.പി അധ്യക്ഷൻ പരിപൂർണ പിന്തുണയുമായി രംഗത്തുവരുന്നു. മോദി-പിണറായി ചങ്ങാത്തം ഇതിലും ഭംഗിയായി എങ്ങനെ വെളിച്ചത്തുവരും. 

കെ.വി തോമസ് ഇ ശ്രീധരനെ കണ്ട നിമിഷം മുതൽക്ക് സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പദ്ധതി ഓൺ ആയിക്കഴിഞ്ഞിരിക്കുന്നു. സംസ്ഥാന സർക്കാർ കൊണ്ടുവന്ന കെ-റെയിൽ പദ്ധതി ജനകീയ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ എങ്ങനെയും പദ്ധതി നടപ്പിലാക്കണം എന്ന ഉദ്ദേശത്തിലാണ് കെ.വി തോമസിനെ ഉപയോഗപ്പെടുത്തി ഇ. ശ്രീധരനെ പദ്ധതിയിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്. 

കെ.വി തോമസ് ഇ. ശ്രീധരനെക്കണ്ട തൊട്ടടുത്ത ദിവസം തന്നെയാണ് കോടികളുടെ പദ്ധതി ഉണ്ടായിരിക്കുന്നത് എന്നത് സംശയാസ്പദമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഒപ്പം ഈ പദ്ധതി ഡൽഹിക്ക് അയച്ചതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രംഗത്തെത്തുന്നത്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരം സമർപ്പിച്ച ബദൽ നിർദേശവും ബി.ജെ.പിയും തമ്മിൽ എന്താണ് ബന്ധം? 

രണ്ടുദിവസം കൊണ്ടുണ്ടായ പദ്ധതിയുടെ പിന്നിൽ ഗുരുതരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നിസ്സംശയം പറയാം. ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയായിരുന്നു കേരളാ സർക്കാർ വിഭാവനം ചെയ്ത കെ-റെയിൽ. പദ്ധതിക്ക് പച്ചക്കൊടി കിട്ടാത്ത സാഹചര്യത്തിൽപ്പോലും 34 കോടി രൂപ ചിലവായിക്കഴിഞ്ഞു. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം, മൂന്നുലക്ഷം കോടി രൂപയാണ് കേരളത്തിന്റെ പൊതുകടമെന്നതാണ്. 

കേരളത്തിലെ ജനസംഖ്യ മൂന്നേകാൽ കോടി. അപ്പോൾ ആളോഹരി കടം 90,000രൂപ. കെ-റെയിൽ പദ്ധതിക്ക് വേണ്ടി കടം എടുക്കുന്നതോടെ കേരളം മറ്റൊരു വൻ ബാധ്യതയിലേക്ക് പോകുന്നു എന്നുള്ളത് നേരത്തെത്തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ വേഗറെയിലിനും കണക്കാക്കുന്നത് ഒരു ലക്ഷം കോടി രൂപയാണ്. 

പദ്ധതിയിലൂടെ വൻ സാമ്പത്തിക ബാധ്യതയാണ് കേരളത്തെ കാത്തിരിക്കുന്നത്. സംസ്ഥാനത്തെ ഇത്രകണ്ട് ഗുരുതരമായ നിലയിലാക്കി പദ്ധതി നടപ്പിലാക്കുന്നത് വഴി 10 ശതമാനം കമ്മീഷൻ മേടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമുള്ളത്. ഈ ഉദ്ദേശം തന്നെയാണ് എങ്ങനെയും പദ്ധതി നടപ്പിലാക്കാൻ ശ്രീധരനെ കൂട്ടുപിടിക്കുന്നതിലുമുള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു. 

പണം മാത്രമല്ല, തുരങ്കത്തിനായി ഭൂമി കുഴിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാകുമെന്നതും ബദൽ നിർദേശത്തെ എതിർക്കാൻ കാരണമാണ്. ഇപ്പോൾത്തന്നെ കെ-റെയിൽ വിരുദ്ധ സമിതി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. പരിപൂർണമായി കേരളാ ജനത എതിർക്കുന്ന ഒരു പദ്ധതിയാണ് രൂപം മാറ്റി പഴയ കുപ്പിയിൽ തന്നെ വിറ്റഴിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. 

കെ.വി തോമസും ബി.ജെ.പിയുമായി ഉണ്ടാക്കിയ 'ഡീൽ' എന്താണെന്ന് അറിയാൻ കേരളത്തിന്‌ താത്പര്യമുണ്ട്. കമ്മീഷനിൽ ബി.ജെ.പി-സി.പി.എം പങ്കുവെയ്ക്കലാണോ വരുന്ന പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളാണോ ഇതിന് പിന്നിലെന്ന വെളിപ്പെടുത്തൽ നടത്താൻ ബന്ധപ്പെട്ടവർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !