ആലപ്പുഴ;കിഴക്കുനിന്നുള്ള വെള്ളത്തിന്റെ വരവിൽ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ തലവടി പഞ്ചായത്തിൽ നിരവധി വീടുകൾ വെള്ളത്തിൽ. പമ്പാ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്ന നിലയിലാണ്.
വ്യാഴം പകൽ കാര്യമായ മഴ ലഭിച്ചില്ലെങ്കിലും കിഴക്കൻ പ്രദേശത്തുനിന്നുള്ള വെള്ളം കുട്ടനാട്ടിൽ അപകടനിലയ്‌ക്ക് മുകളിലെത്തി. മുട്ടാർ, തലവടി, എടത്വാ, തകഴി, ചമ്പക്കുളം, പുളിങ്കുന്ന് പഞ്ചായത്തിൽ പല വീടുകൾക്കുള്ളിലും വെള്ളം കയറി. വെളിയനാട്, രാമങ്കരി, കാവാലം എന്നിവിടങ്ങളിലും വെള്ളംകയറി.
കുന്നുമ്മാടി കുതിരച്ചാൽ കോളനിയിലെ അറുപതോളം വീടുകളിൽ ഒരടിയോളം വെള്ളമുണ്ട്. ഈ ഭാഗത്തുനിന്ന് ഏഴ് സ്‌ത്രീകളെയും ഏഴുമാസം പ്രായമുള്ള കുട്ടിയെയും അടക്കം തകഴി അഗ്‌നിരക്ഷാസേനാംഗങ്ങൾ രക്ഷപെടുത്തി ക്യാമ്പിലെത്തിച്ചു.
തലവടി, മണലേൽ, വേദവ്യാസ സ്‌കൂൾ, മുരിക്കോലിമുട്ട്, പ്രിയദർശിനി, നാരകത്തറമുട്ട്, പൂന്തുരുത്തി, കളങ്ങര, ചൂട്ടുമാലിൽ പ്രദേശങ്ങളിലും വീടുകളിൽ വെള്ളംകയറി.റോഡുകളിൽ വെള്ളംകയറി പല സ്ഥലങ്ങളും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. വാഹനഗതാഗതം മുടങ്ങി. കിടങ്ങറ, വാലടി റോഡ്, കൃഷ്ണപുരം–-തുരുത്തി റോഡ് എന്നിവിടങ്ങളും വെള്ളത്തിൽ മുങ്ങി.
ചതുർഥ്യാകരി വികാസ്‌മാർഗ് വെള്ളംകയറിയതോടെ ഇതുവഴിയുള്ള ബസ് സർവീസ് നിർത്തിവച്ചു. തലവടിയിലെ കിടപ്പുരോഗികളെ അഗ്‌നിരക്ഷാസേനയുടെയും ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടെയും നേതൃത്വത്തിൽ എടത്വായിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വളർത്തുമൃഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
തലവടി ഹയർസെക്കൻഡറി സ്‌കൂൾ, തകഴി ദേവസ്വം ബോർഡ് ഹൈസ്‌കൂൾ, മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ ക്യാമ്പ് തുറന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.