എറണാകുളം; വനവാസി വിഭാഗത്തിൽനിന്ന് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്‌വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമനം ലഭിച്ച പി ജി ജിന്റുവിന് ജോലി രാജിവയ്ക്കാതെ പഠിക്കാം. വനംമന്ത്രി എ കെ ശശീന്ദ്രൻ വിഷയത്തിൽ ഇടപെട്ടതോടെയാണ് ബീറ്റ് ഫോറസ്‌റ്റ് ഓഫീസർജോലി രാജിവയ്ക്കാതെ ടിടിസി പഠനം പൂർത്തിയാക്കാൻ വഴിയൊരുങ്ങിയത്.
കുട്ടമ്പുഴ വെള്ളാരംകുത്ത് ആദിവാസി ഊരിലെ ജിന്റു പഠനാവധി നിഷേധിച്ചതിനെത്തുടർന്ന് രാജിവച്ച വിവരം അറിഞ്ഞയുടൻ മന്ത്രി വിഷയത്തിൽ ഇടപെടുകയായിരുന്നു. മന്ത്രി വനംമേധാവിയോട് റിപ്പോർട്ട് തേടുകയും രാജിക്കത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. വനംവകുപ്പിൽ തുടരാൻ താൽപ്പര്യമുണ്ടെങ്കിൽ അവധി അപേക്ഷ നൽകാൻ നിർദേശിച്ചു. അതോടൊപ്പം ജിന്റുവിന്റെ ഭാഗം നേരിട്ട് കേൾക്കാനും മലയാറ്റൂർ ഡിഎഫ്ഒ-യ്ക്ക് നിർദേശം നൽകി.
മന്ത്രിയെ ജിന്റു വ്യാഴാഴ്‌ച നേരിൽക്കണ്ട് പഠനം പൂർത്തിയാക്കാൻ അവധി നൽകണമെന്ന് അഭ്യർഥിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നൽകിയാൽ ശുപാർശ സഹിതം സർക്കാരിലേക്ക് പരിഗണനയ്ക്ക് അയക്കുമെന്ന് കൂടിക്കാഴ്ചയിൽ ഡിഎഫ്‌ഒ അറിയിച്ചു. ഇതോടെ ആശങ്ക അകന്ന ജിന്റു നിലവിൽ ജോലി ചെയ്യുന്ന കാലടി റേഞ്ചിൽ എവർഗ്രീൻ ഫോറസ്റ്റ് സ്‌റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച് മടങ്ങി.
വനാശ്രിത ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടിയാണ് ആ വിഭാഗത്തിൽനിന്ന് പിഎസ്‌സി മുഖേനയുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്‌വഴി 500 ബിഎഫ്ഒ-മാരെ സർക്കാർ നിയമിച്ചതെന്ന് മന്ത്രി പറഞ്ഞു. തൃശൂർ പൊലീസ് അക്കാദമിയിലാണ് ഇവർക്കുള്ള പരിശീലനം ക്രമീകരിച്ചത്.
ഈ സാഹചര്യത്തിലാണ് പരിശീലനം പൂർത്തിയാക്കിയശേഷം ജിന്റു ഉൾപ്പെടെയുള്ളവരുടെ അവധി അപേക്ഷ പരിഗണിക്കാമെന്ന് ആദ്യം തീരുമാനിച്ചത്.പഠനാവശ്യത്തിനുള്ള അവധി അപേക്ഷ നിശ്ചിത മാതൃകയിൽ ജിന്റു സമർപ്പിച്ചില്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ടിടിസി കോഴ്‌സ് പൂർത്തിയായാൽ അധ്യാപികയായി ജോലി ലഭിക്കുമെന്ന വിശ്വാസത്തിലാണ് ജോലി രാജിവച്ച് ടിടിസി പഠനം തുടരാൻ ജിന്റു തീരുമാനിച്ചത്. അവധി അനുവദിക്കുമെങ്കിൽ ബിഎഫ്ഒ ജോലിയിൽ തുടരാൻ താൽപ്പര്യമുണ്ടെന്നും ജിന്റു അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.