മീനങ്ങാടി; തിരച്ചിലിനൊടുവിൽ കീഴാനിക്കൽ സുരേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും മരണത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നു. കഴിഞ്ഞ ദിവസം പുല്ല് വെട്ടുന്നതിനിടെയാണു ദുരൂഹസാഹചര്യത്തിൽ സുരേന്ദ്രനെ മുരണിപ്പുഴയിൽ കാണാതായത്.
ഇന്നലെ വൈകിട്ട്, സുരേന്ദ്രനെ കാണാതായ കുണ്ടുവയലിനു 4 കിലോമീറ്റർ അകലെ ഗാന്ധിനഗറിനോടു ചേർന്ന ചെക്ഡാമിനു സമീപത്തുനിന്ന് തുർക്കി ജീവൻ രക്ഷാസമിതി മൃതദേഹം കണ്ടെടുത്തിരുന്നു.
എന്താണു സംഭവിച്ചതെന്ന കൃത്യമായ ഉത്തരമില്ലാത്തതിനാൽ മരണകാരണം കൂടുതൽ വ്യക്തമാകാൻ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
റിപ്പോർട്ട് ലഭിക്കുന്നതോടെ മരണത്തിന്റെ ചിത്രം തെളിയുമെന്നാണു പൊലീസിന്റെ നിഗമനം. ഏതെങ്കിലും മൃഗത്തിന്റെ ആക്രമണമാണെന്ന സംശയമുണ്ടായിരുന്നെങ്കിലും മൃതദേഹം ലഭിച്ചതോടെ മരണകാരണം അതല്ലെന്നാണ് അന്വേഷണസംഘം കരുതുന്നത്.
മൃഗങ്ങളാൽ ആക്രമിക്കപ്പെട്ടതിന്റെ അടയാളങ്ങളോ പരുക്കുകളോ മൃതദേഹത്തിലില്ല. മൂക്കിന്റെ വലതു വശത്ത് ചെറിയ മുറിവുണ്ടെങ്കിലും അത് ആക്രമണത്തിന്റേതല്ല. വെള്ളത്തിൽനിന്നോ മറ്റോ സ്വഭാവികമായും ഉണ്ടായതാകാമെന്നാണു കരുതുന്നത്.
കണ്ണിന്റെ മുകളിൽ മീനുകൾ കൊത്തിയ പാടുകളും ഒഴിച്ചാൽ മറ്റു പരുക്കുകളെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വെള്ളത്തിൽ കിടന്നതിന്റെ ലക്ഷണങ്ങൾ മാത്രമാണു കണ്ടെത്തിയിരിക്കുന്നത്.
സംഭവം നടന്ന സ്ഥലത്ത് 4 മീറ്റർ ദൂരത്തിൽ വലിച്ചു കൊണ്ടുപോയ വിധത്തിലുള്ള പാടാണ് ദുരൂഹത കൂടുതൽ വർധിപ്പിക്കുന്നത്. കൂടാതെ, സുരേന്ദ്രൻ ധരിച്ചിരുന്ന ബൂട്ടിൽ ഒരെണ്ണം പുല്ല് വെട്ടിയതിന്റെ പരിസരത്തുനിന്നും ഒരെണ്ണം പുഴയിൽനിന്നുമാണു ലഭിച്ചത്. ഇതും സംശയത്തിന് ഇട നൽകുന്നതാണ്.
പ്രദേശത്ത് സുരേന്ദ്രന്റെതായ ലഭിച്ച എല്ലാ വസ്തുക്കളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. തുർക്കി ജീവൻരക്ഷാ സമിതിയും എൻഡിആർഎഫും ബത്തേരി, മാനന്തവാടി, കൽപറ്റ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണു തിരച്ചിൽ നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.