കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ പൂർണമായ നീതി കിട്ടുംവരെ സമരം തുടരുമെന്ന് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹർഷിന. തനിക്കുണ്ടായ അനുഭവം ഇനിയൊരാൾക്കും ഉണ്ടാവരുത്. വാഗ്ദാനങ്ങൾ കൊണ്ട് പിന്മാറില്ല, നടപടിയാണ് വേണ്ടതെന്നും ഹർഷിന പറഞ്ഞു.
നീതി തേടി കഴിഞ്ഞ 65 ദിവസമായി ഹർഷിന സമരം തുടരുകയാണ്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയിൽ നീതി ആവശ്യപ്പെട്ടാണ് ഹർഷിനയുടെ സമരം. കത്രിക കുടുങ്ങിയ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കുക, മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ഷിന ഉന്നയിക്കുന്നത്.
വീട്ടമ്മയായ തന്നെ തെരുവിൽ സമരം ചെയ്യുന്നതിലേക്ക് വലിച്ചിഴച്ചു. തുച്ഛമായ നഷ്ടപരിഹാരം തന്ന് സമരം അവസാനിപ്പിക്കാൻ ശ്രമിച്ചു. നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് തന്നവർക്കും അറിയാം. പൊലീസ് അന്വേഷണ റിപ്പോർട്ട് വന്നതോടെ താൻ പറഞ്ഞതിൽ ഒരു ശതമാനം പോലും കള്ളമില്ലെന്ന് തെളിഞ്ഞുവെന്നും ഹർഷിന പറഞ്ഞു.
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലാണെന്ന പൊലീസ് റിപ്പോർട്ട് ഇന്ന് പുറത്തു വന്നിരുന്നു. സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സ്സുമാരും കുറ്റക്കാരാണെന്നും പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവെച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ചികിത്സ തേടിയത്. മൂന്നാമത്തെ പ്രസവമായിരുന്നു.
സേറിയന് ശേഷം വലിയ ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. മൂന്നാമത്തെ സിസേറിയന്‍ ആയതിനാലുള്ള പ്രയാസമാണെന്നാണ് കരുതിയത്. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. എട്ട് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
ഹര്‍ഷിനക്ക് രണ്ട് ലക്ഷം രൂപ ധന സഹായം നൽകാനായിരുന്നു സർക്കാർ തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ തനിക്ക് വേണ്ടെന്നും അഞ്ച് വര്‍ഷം അനുഭവിച്ച വേദനക്കും ചികിത്സാ ചെലവുകള്‍ക്കും രണ്ട് ലക്ഷം വിലയിട്ടത് തന്നെ അവഹേളിക്കലാണെന്നുമായിരുന്നു ഹർഷിനയുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.