വയനാട് :വീടിന് സമീപത്തെ പറമ്പിൽ പശുവിന് പുല്ല് മുറിക്കാൻ പോയ ആളെ പുഴയിൽ കാണാതായി.
മീനങ്ങാടി മുരണി കുണ്ടുവയലിലെ 55 കാരനായ കീഴാനിക്കൽ സുരന്ദ്രനെയാണ് കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കുണ്ടുവയലിലാണ് സംഭവം.
വീടിനു പിന്നിൽ അൽപം അകലെ പുല്ല് ചെത്തുകയായിരുന്ന ഭർത്താവിനെ തിരഞ്ഞപ്പോൾ ഏതോ ജീവി വലിച്ചിഴക്കുന്നത് കണ്ടതായി സുരേന്ദ്രന്റെ ഭാര്യ ഷൈല പറഞ്ഞു.
സുരേന്ദ്രനെ ആക്രമിച്ചത് മുതലയാണെന്നാണ് അഭ്യൂഹം. പുല്ലു ചെത്തിയ സ്ഥലത്ത് സുരേന്ദ്രനെ വലിച്ചിഴച്ചു കൊണ്ടുപോയ പാടുകൾ കാണപ്പെട്ടു. സുരേന്ദ്രന്റെ ചെരുപ്പും തോർത്തും നദിക്കരയിലായിലായി ഉള്ളതായും പ്രദേശ വാസികൾ പറഞ്ഞു.
പുഴയിൽ അഗ്നിശമന സേന, പോലീസ്, എൻഡിആർഎഫ്, പൾസ് എമർജൻസി ടീം, ലൈഫ് സേവിംഗ് കമ്മിറ്റി എന്നിവർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാരാപ്പുഴ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് നിർത്തിവച്ചതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് വൈകിട്ടോടെ തിരച്ചിൽ നിർത്തിവച്ചിരുന്നു ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. വീടിനു സമീപത്തെ പുഴയിൽ കാണാതായ സുരേന്ദ്രനുവേണ്ടി തിരച്ചിൽ തുടരുമ്പോഴും ജനം ഞെട്ടിയിരിക്കുകയാണ്.
എന്താണ് സംഭവിച്ചതെന്നറിയാതെ നൂറുകണക്കിനാളുകളാണ് പുഴയോരത്ത് എത്തിയത്. മുതല വലിച്ചിഴച്ചെന്ന വാർത്ത കേട്ട് നാട്ടുകാരും സ്ത്രീകളുമെല്ലാം പേടിച്ചിരിക്കുകയാണ്.
പുഴയിൽ എത്ര വെള്ളമൊഴുകിയാലും ഇറങ്ങാൻ പരിചയമുള്ള സുരേന്ദ്രൻ ഈ വെള്ളത്തിൽ അപകടത്തിലാകുമെന്ന് അവരാരും വിശ്വസിക്കുന്നില്ല. നാല് മണിക്കൂർ തിരച്ചിൽ തുടർന്നപ്പോഴും സുരേന്ദ്രന് എന്ത് സംഭവിച്ചു എന്ന ഭയം നിറഞ്ഞ മുഖത്തോടെ എല്ലാവരും കരയിൽ കാത്തു നിന്നു.
കാരാപ്പുഴ ഡാമിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിൽ മുതലകളുണ്ടെന്ന സംശയവും ഉയർന്നിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ ഷൈലയുടെ മൊഴിയിൽ ഏതോ ജീവിയാണ് ഇയാളെ വലിച്ചിഴച്ചതെന്നാണ് വിവരം.
പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഷൈലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരാപ്പുഴയിൽ നിന്നുള്ള വെള്ളം പനമരം പുഴയിലേക്കാണ് ഒഴുകുന്നത്. പനമരം പുഴയിൽ പലതവണ മുതലകളെ കണ്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് കാരാപ്പുഴ അണക്കെട്ടിന് മുകളിൽ മുതല എത്തിയിരുന്നു.
അന്ന് അതിനെ പിടിച്ചിരുന്നു. മാസങ്ങൾക്ക് ശേഷം റിസർവോയറിന് താഴെ രണ്ട് മുതലകളെ കണ്ടെത്തി. ഈ സംഭവങ്ങൾ കൂടി ചേർത്താൽ പുഴയിൽ മുതലയുണ്ടെന്ന അഭ്യൂഹം ശക്തമായി. ആരോഗ്യമുള്ള സുരേന്ദ്രനെ 20 മീറ്റർ ദൂരത്തേക്ക് വലിച്ചിഴയ്ക്കാൻ നല്ല ശക്തി വേണ്ടിവരുമെന്നും ബന്ധു ഷാജി പറഞ്ഞു.
കാരാപ്പുഴ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് നിർത്തിയതോടെ പുഴയിലെ നീരൊഴുക്ക് കുറഞ്ഞെങ്കിലും നിർത്താതെ പെയ്യുന്ന മഴ മൂലം തിരച്ചിൽ തടസ്സപ്പെട്ടു. ആദ്യം നാട്ടുകാരും പിന്നീട് അഗ്നിശമനസേനയും തിരച്ചിൽ ആരംഭിച്ചു.
പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയും ജീവൻ രക്ഷാ സമിതിയും കൂടുതൽ ഉപകരണങ്ങളുമായി എത്തി തിരച്ചിൽ നടത്തി. കനത്ത മഴ കാരണം തിരച്ചിൽ ഇന്നലെ ആറരയോടെ അവസാനിപ്പിച്ചിരുന്നു സുരേന്ദ്രന് എന്താണ് സംഭവിച്ചതെന്നറിയാതെ പുഴക്കരയിൽ ഭയത്തോടെയാണ് ഇപ്പോഴും ജനങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.