കണ്ണൂർ: ചെറുപുഴ, രാത്രിയിൽ വിലസുന്ന അജ്ഞാതൻ നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. രണ്ടാഴ്ച മുൻപ് ആലക്കോട് പഞ്ചായത്തിലെ രയരോത്ത് ആരംഭിച്ച അജ്ഞാതന്റെ 'യാത്ര' ഇപ്പോൾ ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയിൽ ഭാഗത്ത് എത്തി.
രാത്രിയിൽ വീടുകളിലെത്തി കതകിൽ തട്ടിവിളിക്കുക, കതകുകളിലും ഭിത്തികളിലും കരിഓയിൽ തേച്ച കൈപ്പത്തി പതിപ്പിക്കുക, വീടുകളുടെ ജനൽപ്പാളികൾ കുത്തിത്തുറക്കുക, ബൾബുകൾ ഊരിമാറ്റുക തുടങ്ങിയവയാണ് ഇയാൾ ചെയ്യുന്നത്.
രയരോം-കോടോപ്പള്ളി ഭാഗത്തായിരുന്നു ആദ്യം ഇയാളുടെ ശല്യം. പിന്നീട് കുണ്ടേരിയും പെരുവട്ടവും കഴിഞ്ഞാണ് ഇപ്പോൾ പ്രാപ്പൊയിൽ ഭാഗത്ത് എത്തിയത്.
കഴിഞ്ഞദിവസം പ്രാപ്പൊയിൽ എയ്യൻകല്ല് ഭാഗത്ത് നിരവധി വീടുകളിൽ തട്ടിവിളിച്ചു. വാതിൽ തുറന്നാൽ ഇയാൾ രക്ഷപ്പെടും. എയ്യൻകല്ലിലെ സതി കണംകാരൻ വീട്ടിൽ, പി.ജെ. രാജൻ തച്ചേത്ത്, മധു കുഴിപ്പറമ്പിൽ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം ഇയാൾ എത്തിയത്.
ശനിയാഴ്ച പുലർച്ചെ പ്രാപ്പൊയിൽ കക്കോട് റോഡിൽ ജുമാ അത്ത് പള്ളിക്ക് സമീപത്തുള്ള മച്ചിയാനിക്കൽ കൃഷ്ണൻകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ വീടിന്റെ ജനൽപ്പാളികൾ കുത്തിത്തുറന്നു. ബൾബുകൾ ഊരിമാറ്റി. വാഹാനിക്കൽ മുഹമ്മദ് ഷെരീഫ്, ഓടപ്ലാക്കൽ ഷാബിൻ, ആർ.കെ. പ്രദീപൻ എന്നിവരുടെ വീടിന്റെ കതകുകളിൽ തട്ടി.
ഇതിൽ മുഹമ്മദ് ഷെരീഫിന്റെ വീട്ടിൽ സി.സി.ടി.വി. ക്യാമറയുള്ളതിനാൽ പിൻവശത്തെ കതകിലാണ് മുട്ടിയത്. അതിനാൽ പ്രദേശത്തെക്കുറിച്ച് അറിയാവുന്നവരാകാമെന്നാണ് വിലയിരുത്തൽ.
പുലർച്ചെ മൂന്നോടെയാണ് ഇവിടെ എത്തിയത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചെറുപുഴ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം രാത്രി രയരോം മുടിക്കാനമ്പൊയിലിൽ രാത്രി എട്ടരയോടെ അമ്പാട്ടുകുഴി രാജുവിന്റെ വീട്ടിലെത്തിയ അജ്ഞാതനെ രാജുവും മകനും കൂടി ഏറെ ദൂരം ഓടിച്ചെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല.
അജ്ഞാതനെക്കുറിച്ച് നിറംപിടിപ്പിച്ച കഥകളും പ്രചരിക്കുന്നു. നാട്ടുകാരെ ഭീതിയിലാക്കിയ അജ്ഞാതനെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.