കണ്ണൂർ: ബ്ലാക്ക്മാൻ മോഡൽ ആക്രമണം. രാത്രി സഞ്ചാരിയായ ഒരു അജ്ഞാതൻ കണ്ണൂരിലെ ഒരു ഗ്രാമത്തിന്‍റെ ഉറക്കം കെടുത്തുകയാണ്.
ആലക്കോട് തേർത്തല്ലിയിലാണ് മുഖം മൂടിയും അടിവസ്ത്രവും മാത്രം ധരിച്ചെത്തി ഒരാൾ ഭീതി വിതയ്ക്കുന്നത്. സന്ധ്യമയങ്ങിയാൽ പിന്നെ പുറത്തിറങ്ങാൻ പേടിക്കും തേർത്തല്ലി കോടോപളളിയിലുളളവർ. എപ്പോഴാണ്,എവിടെയാണ് മുഖംമൂടി ധരിച്ചൊരാൾ പ്രത്യക്ഷപ്പെടുന്നതെന്ന് അറിയില്ല.അടിവസ്ത്രം മാത്രം ധരിച്ചൊരാൾ. ദേഹത്ത് എണ്ണയും കരി ഓയിലും പുരട്ടിയെത്തും. വീടുകളുടെ കതകിലും ജനാലകളിലും മുട്ടും. അർധരാത്രിയും പുലർച്ചെയും നാട്ടിലാകെ കറങ്ങും.
അടുത്തിടെയായി അജ്ഞാതനെ കണ്ട് പേടിച്ചവരേറെയാണ്. രാത്രി ചായ കുടിച്ച് വെള്ളം പുറത്തേക്ക് ഒഴിക്കുമ്പോഴാണ് പ്രദേശവാസിയായ കുഞ്ഞമ്മ അജ്ഞാതനെ കാണുന്നത്.
അലറി വിളിച്ചതോടെ രൂപം ഓടി. ജനലിലേക്ക് മുഖം വെച്ച് തുറിച്ച് നോക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടതെന്ന് പ്രദേശവാസിയായ കുഞ്ഞമ്മ പറഞ്ഞു
അടിവസ്ത്രവും ഒരു ബനിയനും മാസ്കും മാത്രമാണ് വേഷം. വീടിന് മുറ്റത്തെ ടാപ്പുകൾ തുറന്നിടുന്ന ബ്ലാക്ക് മാൻ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികൾ മടക്കി വയ്ക്കുന്നുമുണ്ട്.
ഇതുവരെ പ്രദേശത്ത് ഇയാള്‍ മോഷണം നടത്തിയിട്ടില്ലെന്നും ആളുകളെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. തുടക്കത്തിൽ നാട്ടുകാർ അത്ര കാര്യമാക്കിയില്ല. എന്നാൽ അജ്ഞാതനെ കാണുന്നത് പതിവായതോടെ ആളെ പിടികൂടാനിറങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍.
രാത്രി മുഴുവൻ ഉറക്കമൊഴിച്ച് തെരച്ചിലാണ് ഇപ്പോള്‍. അജ്ഞാതൻ ഇനിയുമിറങ്ങിയാൽ പിടിക്കാൻ ആലക്കോട് പൊലീസും നിരീക്ഷണത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.