ഇടുക്കി : ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ ഡോഗ് ജെനി സർവീസിൽ നിന്ന് വിരമിച്ചു. നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇടുക്കി കെ 9 ഡോഗ് സ്‌ക്വാഡിലെ ജെനിക്ക് ഇനി വിശ്രമ ജീവിതം.
വിരമിച്ചശേഷം ജെനി യെ സംരക്ഷിക്കാൻ ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്‌ടർ പി സി സാബു വകുപ്പുതല അനുവാദം വാങ്ങിയിരുന്നു. ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസിൽനിന്ന് ജെനിയെ പി സി സാബു ഏറ്റുവാങ്ങി.2014 – 2015 വർഷത്തിൽ ത്രിശൂർ, കേരളാ പോലീസ് അക്കാദമിയിൽ നിന്നും ജെനി പ്രാഥമിക പരിശീലനം നേടി. 2015ൽ അടിമാലി രാജധാനി കൊലക്കേസിൽ പ്രതികളെ കണ്ടെത്തുന്നതിൽ ജെനി നിർണായക പങ്ക് വഹിച്ചു. നിരവധി കൊലപാതകം, വ്യക്തികളെ കാണാതെ പോകൽ, മോഷണം തുടങ്ങിയ കേസുകളിൽ തെളിവുകളുണ്ടാക്കി.
2019ൽ ശാന്തൻപാറ പുത്തടി എന്ന സ്ഥലത്ത് റിജോഷ് എന്നയാളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പരിശോധനക്കായി എത്തിയ ജെനി രണ്ടര കിലോമീറ്റർ സഞ്ചരിച്ച് സ്ഥലം കാട്ടികൊടുത്തു. അവിടെ റിജോയുടെ മൃതശരീരം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മിസിങ് കേസിൽ ഒതുങ്ങിപ്പോകാമായിരുന്ന കൊലപാതകകേസ് തെളിയിക്കാനും ജെനി കാരണമായി.കരിമണ്ണൂർ സ്റ്റേഷൻ പരിധിയിലെ കൊലക്കേസ് പ്രതി ഒളിച്ചിരുന്ന സ്ഥലം ദുർഘടമായ പാറക്കെട്ടുകളിലുടെ സഞ്ചരിച്ച് കാണിച്ചുകൊടുക്കുകയും. 2020ൽ വണ്ടിപ്പെരിയാർ സ്റ്റേഷൻ പരിധിയിലെ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും നിർണായകമായ സേവനങ്ങൾ ജെനി നൽകി. ആദ്യമായാണ് ജില്ലയിൽ ഒരു ഡോഗിന്റെ വിരമിക്കൽ ചടങ്ങ് നടക്കുന്നത്.
10 വർഷത്തെ സേവനത്തിന്ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ജെനിക്ക് ഗംഭീര യാത്രയയപ്പാണ് ജില്ലയിൽ ഒരുക്കിയത്. ഡോഗ് സ്‌ക്വാഡിൽ നിന്ന് വിരമിക്കുന്ന നായകളെ തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽ ഒരുക്കിയിട്ടുള്ള വിശ്രാന്തിഹോമിലേക്കാണ് കൊണ്ടുപോകാറ് എന്നാൽ, സാബുവിന്റെ അപേക്ഷപ്രകാരം ജെനിയെ സാബുവിനൊപ്പം അയക്കുകയായിരുന്നു.
യൂണിഫോമിലെത്തിയ ജെനിയെ ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ് മാലയിട്ട് സ്വീകരിച്ചു. നാർകോട്ടിക്‌സെൽ ഡിവൈഎസ്പി മാത്യു ജോർജ്, സിഐ സതീഷ് കുമാർ, എഎസ്ഐ ഇൻ ചാർജ് ജമാൽ,
കെ നയൻ ഡോഗ് സ്‌ക്വാഡ് ഇൻ ചാർജ് ഓഫീസർ റോയി തോമസ് തുടങ്ങി ഡോഗ് സ്‌ക്വാഡിലെ സേനാ അംഗങ്ങളും ചേർന്നാണ് ജെനിയെ യാത്രയാക്കിയത്. ഇനി പി സി സാബുവിന്റെ തങ്കമണിയിലെ വീട്ടിലാണ് ജെനിയുടെ വിശ്രമജീവിതം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.