മലപ്പുറം: സ്ത്രീകളുടെ ആരോഗ്യ സുരക്ഷയും മാലിന്യ നിർമാർജ്ജനവും ലക്ഷ്യമിട്ടു കൊണ്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതകൾക്ക് മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിക്ക് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ പ്രൗഡോജ്വല തുടക്കം.
മെൻസ്ട്രൽ കപ്പ് വിതരണത്തിന്റെ ജില്ലാ തല ഉത്ഘാടനം കുടുംബശ്രീ, ആശാ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സന്നിദ്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് അധ്യക്ഷയായി.ആർത്തവ കാലത്ത് നാപ്കിൻ പാഡുകളുടെ ഉപയോഗം മൂലം സ്ത്രീകൾക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് വലിയ തോതിൽ പരിഹാരമായും പുനരുപയോഗ യോഗ്യമല്ലാത്ത അജൈവ മാലിന്യമായ നാപ്കിൻ ഉപയോഗം കുറച്ചു കൊണ്ടു വരുന്നതിനും സാധ്യമാകുന്ന മെൻസ്ട്രൽ ഹൈജീനിക് കിറ്റ് പാർശ്വ ഫലങ്ങളില്ലാത്തതും കഴുകി ഉപയോഗിക്കാൻ കഴിയുന്നതുമാണ്.
ഒരു കോടി അൻപതു ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള പദ്ധതി കുടുംബശ്രീ ജില്ലാ മിഷൻ മുഖേനയാണ് നടപ്പിലാക്കുന്നത്.
മാലിന്യ സംസ്കരണ രംഗത്ത് ഏറ്റവും വലിയ വെല്ലുവിളിയായി ഉയർന്നു വരുന്ന നാപ്കിൻ പാഡുകളുടെ ഉപയോഗം ഹരിത കർമ്മ സേനയുടെ വാതിൽ പടി സേവനങ്ങളെ പോലും സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് മെൻസ്ട്രൽ ഹൈജീനിക് കിറ്റ് എന്ന നവീനമായ ആശയം നടപ്പാക്കാൻ തീരുമാനിച്ചത്.
ജില്ലയുടെ ജനസംഖ്യയിൽ ഏകദേശം 18 ലക്ഷം വനിതകളാണ്. ഒരു സ്ത്രീക്ക് തന്റെ ജീവിത കാലത്ത് ശരാശരി ഏകദേശം 11000 ത്തോളം നാപ്കിൻ ഉപയോഗിക്കേണ്ടി വരുന്നു എന്നാണ് പഠനങ്ങൾ. ഇത്രയും പാഡുകളുടെ ഉപയോഗം സൃഷ്ടിക്കുന്ന മലിനീകരണ പ്രതിസന്ധി ചെറുതല്ല. ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കുന്നതിന് സ്ത്രീകൾക്ക് ഏറെ സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവും പുനരുപയോഗത്തിനു കഴിയുന്നതുമായ മെൻസ്ട്രൽ കപ്പിലൂടെ സാധിക്കും.
ആദ്യഘട്ടത്തിൽ 45 പഞ്ചായത്തുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 27000 വനിതകൾക്കാണ് മെൻസ്ട്രൽ ഹൈജീനിക് കിറ്റ് സൗജന്യമായി നൽകുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, പൊതു മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ജമീല ആലിപ്പറ്റ, മെമ്പർമാരായ അഡ്വ. പി. വി. മനാഫ്, ഫൈസൽ എടശ്ശേരി, സമീറ പുളിക്കൽ, റൈഹാനത്ത് കുറുമാടൻ, ശ്രീദേവി പ്രാക്കുന്ന്, യാസ്മിൻ അരിമ്പ്ര, എം. പി. ശരീഫ ടീച്ചർ, സുഭദ്ര, ഷഹാർബാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റുമാരായ സലീമ ടീച്ചർ ,ഹസീന ഫസൽ
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജാഫർ കക്കൂത്ത് തുടങ്ങിയവർ സംബന്ധിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.