മലപ്പുറം: ജില്ലയിലെ പാരാ പ്ലീജിയാ രോഗികൾക്കായി മലപ്പുറം ജില്ലാ പഞ്ചായത്തിന് കീഴിൽ കുറുവ പഞ്ചായത്തിലെ ചട്ടിപ്പറമ്പിൽ അത്യാധുനിക സംവിധാനങ്ങളുമായി ഫിസിയോതെറാപ്പി കം റിഹാബിലിറ്റേഷൻ സെൻറർ യാഥാർത്ഥ്യമാകുന്നു.
അപകടങ്ങളിൽ പെട്ട് നട്ടെല്ലിനും സ്‌പൈനൽ കോഡിനുമൊക്കെ ക്ഷതം സംഭവിച്ചും സ്ട്രോക്ക് മൂലം ശരീരം തളർന്നും കിടപ്പിലായ രോഗികൾക്ക് പുനരുജ്ജീവന ചികിത്സക്കായി ജില്ലാ പഞ്ചായത്ത് മുൻ ഭരണ സമിതിയുടെ കാലത്ത് നിർമാണം ആരംഭിച്ച പദ്ധതിയാണിത്. Wa
ചെറുകുളംബിലെ പൗര പ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ചെമ്പകശ്ശേരി ഉമ്മർ ഹാജി സൗജന്യമായി നൽകിയ അര ഏക്കർ ഭൂമിയിൽ കെട്ടിടത്തിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. മൂന്ന് നിലകളിലുള്ള കെട്ടിട നിർമ്മാണത്തിന് 2.5 കോടിയോളം രൂപ ജില്ലാ പഞ്ചായത്ത് ഇതിനകം ചിലവഴിച്ചു.നട്ടെല്ലിന് ക്ഷതം സംഭവിച്ചും അവയവങ്ങൾക്ക് ബലക്ഷയം സംഭവിച്ചും കിടപ്പിലായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രയാസപ്പെടുന്ന രോഗികൾക്ക് ഏറ്റവും നല്ല ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഇത്തരമൊരു കേന്ദ്രം സ്ഥാപിക്കുവാൻ ജില്ലാ പഞ്ചായത്ത് മുൻ ഭരണ സമിതി മുൻകൈയെടുത്തത്.
വാഹനാപകടത്തിൽ പരിക്കുപറ്റി അരക്ക്താഴെ തളർന്നുപോയ തോരപ്പ മുസ്തഫ എന്ന സാമൂഹ്യപ്രവർത്തകനാണ് ഇങ്ങനെയൊരാശയം ജില്ലാ പഞ്ചായത്തിന് മുന്നിൽ വെച്ചത്.
ഇതിനായി മുസ്തഫയുടെ നേതൃത്വത്തിൽ തന്നെ അന്നത്തെ ഭരണ സമിതി വെല്ലൂരിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന റിഹാബിലിറ്റേഷൻ സെൻറർ സന്ദർശിച്ചതിനു ശേഷമായിരുന്നു ചട്ടിപ്പറമ്പിൽ സ്ഥാപനത്തിന്റെ നിർമാണത്തിന് തുടക്കം കുറിച്ചത്.
സാമ്പത്തിക ഞെരുക്കവും ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തയും മൂലം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയാതെ ജീവിതം തള്ളി നീക്കുന്ന പാരാ പ്ലീജിയാ രോഗികൾക്ക് ഏറ്റവും മികച്ച രീതിയിലുള്ള ഫിസിയോ തെറാപ്പിയും പുനരധിവാസ ചികിത്സയും ഇവിടെ ലഭ്യമാക്കും.
ഫിസിയോതെറാപ്പിക്ക് ആവശ്യമായ നവീനമായ യന്ത്ര സാമഗ്രികൾ സ്ഥാപിതമാകുന്നതോടെ ഈ കേന്ദ്രം ഉടൻ പ്രവർത്തനസജ്ജമാകും. ഇതിനായി പ്രസിഡന്റ് എം. കെ. റഫീഖ യുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് പ്രതിനിധി സംഘം സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിലെ ഇങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ (നിപ്മർ) സന്ദർശിച്ചു
എക്സിക്യൂട്ടീവ് ഡയരക്ടർ സി. ചന്ദ്രബാബുവുമായി കൂടിക്കാഴ്ച്ച നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷൻ എൻ. എ. കരീം, മെമ്പർ ടി. പി. ഹാരിസ്, സെക്രട്ടറി ബിജു, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
നിപ്മറിന്റെ മാതൃകയിൽ ഏറ്റവും പുതിയ ഉപകരണങ്ങൾ ഇവിടെയും സ്ഥാപിക്കും. ഇതിനായി എക്സിക്യൂട്ടീവ് ഡയരക്ടർ ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ നിപ്മർ സംഘം ഓഗസ്റ്റിൽ ജില്ലയിലെത്തി ചട്ടിപ്പറമ്പിലെ നിർദ്ധിഷ്ട കേന്ദ്രം നേരിൽ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തും
നിലവിൽ പാലിയേറ്റീവ് സൊസൈറ്റികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇത്തരം കേന്ദ്രങ്ങൾ അപൂർവ്വമായി ചെറിയ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു കീഴിൽ ജില്ലയിൽ വിപുലമായ ഇത്തരമൊരു സംരംഭം ആദ്യത്തേതാണ്
ശരീരം തളർന്ന് സ്വന്തം വീട്ടിലെ ഇരുട്ടുമുറിയിൽ ജീവിതകാലം മുഴുവൻ ഒരേ കിടപ്പിൽ തന്നെ തള്ളി നീക്കാൻ വിധിക്കപ്പെടുന്ന ഹതഭാഗ്യരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അവസരം ഉണ്ടാക്കി കൊടുക്കുക എന്നതാണ് ഈ പദ്ധതി വഴി ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.