തിരുവനന്തപുരം :സിപിഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആർ.സുധീർഖാനു നേരെ ഉപയോഗിച്ച ആസിഡ് ഓൺലൈനിൽ വരുത്തിയത്. ആസിഡിനു പുറമേ മറ്റ് ഏതോ രാസ ലായനിയും കൂടി ചേർത്ത പ്രത്യേക വസ്തു ആയിരിക്കാം സുധീറിനു നേരെ ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇതുകൊണ്ടാണ് ഇത് കത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. ആസിഡ് മാത്രമാണെങ്കിൽ ശരീരത്തിൽ പൊള്ളലേൽക്കുക മാത്രമേ ചെയ്യൂ. എന്നാൽ സുധീർഖാന്റെ കിടപ്പ് മുറിയിലെ കട്ടിലിൽ ഉണ്ടായിരുന്ന ബെഡ് ഷീറ്റ് ഉൾപ്പെടെ തുണികൾ കത്തിപ്പോയി.
മൊബൈൽ ഫോൺ ഉരുകി.മൊബൈൽ പൊട്ടിത്തെറിച്ചതാകാമെന്നാണ് സുധീർ കരുതിയത്.തന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചതായി സുധീർ അറിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ആസിഡിന്റെ സാന്നിധ്യം വ്യക്തമായത്.വിശദ പരിശോധനയിലെ ആസിഡ് ഏതെന്നു സ്ഥിരീകരിക്കാൻ കഴിയുകയുള്ളു എന്ന് പൊലീസ് അറിയിച്ചു. ഓൺ ലൈനിൽ വരുത്തിയ മിക്സഡ് സൊലൂഷനാകാം എന്നാണ് നിഗമനം.
അതേസമയം അക്രമിയുടെ വീട്ടിൽ നിന്ന് രാസലായനി ലഭിച്ചു പൊലീസും ഫൊറൻസിക് സംഘവും അക്രമിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു വീട്ടു വളപ്പിൽ നിന്നും ഒരു കുപ്പിയിൽ പകുതിയോളം രാസ ലായനി ലഭിച്ചതായും പോലീസ് പറഞ്ഞു.
ഇവിടെ നിന്നു ലഭിച്ച രാസ ലായനിയും സുധീറിന്റെ വീട്ടിലെ ഫൊറൻസിക് പരിശോധനയിൽ ലഭിച്ച ലായനിയുടെ സാംപിളും തമ്മിൽ പൊരുത്തപ്പെടുന്നതായി സയന്റിഫിക് വിഭാഗം കണ്ടെത്തി. ഓൺലൈനിൽ വരുത്തിയ ഒരു ബോട്ടിലിലെ ലായനിയാണ് ഇത്.
ഇതിനു സമീപം പേപ്പർ കത്തിയ നിലയിൽ കണ്ടെത്തി. ഇതുകൊണ്ട് തന്നെ ആസിഡും മറ്റേതെങ്കിലും രാസ വസ്തുവുമായി സംയോജിപ്പിച്ച് പുതിയ രാസ ലായനി ഉണ്ടാക്കിയതാണൊ എന്ന സംശയവും പോലീസിനുണ്ട്.പരിശോധന ഫലം വരുമ്പോൾ മാത്രമേ കാര്യങ്ങൾ കൂടുതൽ വ്യക്തമാകൂ.
സാഹചര്യ തെളിവുകളും ഭാര്യയുടെ മൊഴിയും അടിസ്ഥാനപ്പെടുത്തിയാണ് വധശ്രമത്തിനും ഗൂഡാലോചനയ്ക്കും കേസ് റജിസ്റ്റർ ചെയ്തത്. സുധീറിന്റെ വീട്ടിൽ രാവിലെ വന്നുപോയ സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തെ കണ്ടെത്താനായില്ല.
ഇയാളെ ചോദ്യം ചെയ്യണം. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.വീട് പൂട്ടിയിരിക്കുന്നു. ഒരു ഫോൺ ലൊക്കേഷൻ തമിഴ്നാടാണ്. ഇദ്ദേഹത്തെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തത വരികയുള്ളു എന്ന് പൊലീസ് പറഞ്ഞു.
അക്രമി എത്തിയത് പേപ്പർ നൽകാനെന്ന പേരിൽ രാവിലെ 7 മണിയോടെയാണ് സുധീറിന്റെ വീട്ടിൽ സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എത്തിയത്.
കതക് തട്ടിവിളിച്ചിട്ടും സുധീർ ഉണർന്നില്ല. ഭാര്യ എത്തി വിവരം ചോദിച്ചു. ഒരു പേപ്പർ നൽകാനെന്നായിരുന്നു മറുപടി. ഞാൻ നൽകാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. പിന്നാലെ സുധീറിന്റെ കിടപ്പ് മുറിയിലേക്ക് ഇയാൾ കയറി.
ഇയാൾ വീടു വിട്ട് മിനിറ്റുകൾക്കകം നിലവിളിയുമായി സുധീർ മുറിക്കു പുറത്തിറങ്ങി. ശുചിമുറിയിലെ ടാപ്പ് തുറന്ന് വെള്ളം ശരീരത്തിലേക്ക് ഒഴിച്ചപ്പോൾ ടാപ്പ് പോലും പൊട്ടി.
ഫോൺ പൊട്ടിത്തെറിച്ചെന്നു പറഞ്ഞു സുധീർ നിലവിളിക്കുന്നുണ്ടായിരുന്നു. ഉടൻതന്നെ കണ്ടല സഹകരണ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നു കിള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
തുടർന്നു നടത്തിയ പരിശോധയിലാണ് പൊള്ളലിനു കാരണം മൊബൈൽ പൊട്ടിയതല്ലെന്നു വ്യക്തമായത്. ആസിഡിന്റെ സാനിധ്യം തിരിച്ചറിഞ്ഞതിനെത്തുടർന്നു മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.