വിക്ടോറിയ : ചെലവ് കൂടുതൽ; 2026 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനാകില്ലെന്ന് ഓസ്ട്രേലിയ.
മുൻപ് നിശ്ചയിച്ച തുകയിൽ നിന്നും എസ്റ്റിമേറ്റ് തുക ഉയർത്തിയതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിക്ടോറിയൻ ഭരണകൂടം അറിയിച്ചത്.
ചെലവ് കൂടുതലായതിനാൽ 2026 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനാകില്ലെന്ന് ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം. ഇതോടെ ഗെയിംസിന്റെ നടത്തിപ്പ് സംബന്ധിച്ച് സംഘാടകർക്കിടയിൽ ആശങ്കകൾ ഉയർന്നിരിക്കുകയാണ്. മുൻപ് നിശ്ചയിച്ച തുകയിൽ നിന്നും പുതിയ എസ്റ്റിമേറ്റ് തുക ഉയർത്തിയതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിക്ടോറിയൻ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഈ തുക എങ്ങനെയെങ്കിലും കണ്ടെത്തി ഗെയിംസ് സംഘടിപ്പിച്ചാൽ തന്നെ തങ്ങൾക്ക് അത് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കുമെന്ന് വിക്ടോറിയൻ സംസ്ഥാനത്തിന്റെ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് വ്യക്തമാക്കി.
കോമണ്‍വെല്‍ത്ത് ഗെയിംസിനിന്റെ നടത്തിപ്പിന് ആദ്യം തീരുമാനിച്ചിരുന്ന തുക 2 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ ആയിരുന്നു. എന്നാലിത് പിന്നീട് ഏകദേശം 7 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറായാണ് ഉയർത്തിയത്. ”ഞാൻ ഈ സ്ഥാനത്തിരുന്ന് ബുദ്ധിമുട്ടുള്ള ഒരുപാട് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഇത് അത്തരമൊരു തീരുമാനം അല്ല. സത്യം പറഞ്ഞാൽ, ഒരു കായിക മത്സരത്തിന് ഏഴ് ബില്യൺ ഡോളർ ചെലവാക്കുക എന്നത് റിസ്കുള്ള കാര്യമാണ്. ഞങ്ങൾ അത് ചെയ്യുന്നില്ല”, ഡാനിയേൽ ആൻഡ്രൂസ് മെൽബണിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പറഞ്ഞു.
”കഴിഞ്ഞ വർഷം കണക്കാക്കിയതിനേക്കാൾ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ എസ്റ്റിമേറ്റ്. അത് സംഘടിപ്പിക്കാൻ ഞാൻ ആശുപത്രികളിൽ നിന്നും സ്കൂളുകളിൽ നിന്നുമൊന്നും പണം പിരിക്കില്ല. 2026ൽ വിക്ടോറിയയിൽ കോമൺവെൽത്ത് ഗെയിംസ് നടക്കില്ല”, എന്നും ഡാനിയേൽ പറഞ്ഞു. കരാറിൽ നിന്നും പിൻമാറാനുള്ള തങ്ങളുടെ തീരുമാനം കോമൺവെൽത്ത് ഗെയിംസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 26 വിഭാഗങ്ങളിലായി 20 കായിക ഇനങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ഗെയിംസ് വിക്ടോറിയയിലെ ഗീലോംഗ്, ബല്ലാരത്ത്, ബെൻഡിഗോ, ഗിപ്പ്‌സ്‌ലാൻഡ്, ഷെപ്പാർട്ടൺ തുടങ്ങിയ സ്ഥലങ്ങളിൽ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്.
ഹബുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനും ഗെയിംസ് വിക്ടോറിയ സംസ്ഥാന തലസ്ഥാനമായ മെൽബണിലേക്ക് മാറ്റുന്നതിനും തന്റെ ടീം ശ്രമിച്ചിരുന്നു എന്നും അതൊന്നും വിജയിച്ചില്ല ഡാനിയൽ പറഞ്ഞു. കരാറിൽ നിന്ന് പിൻമാറുന്നതിന് തങ്ങളുടെ ഭാഗത്തു നിന്നും എത്ര തുക ചെലവാകും എന്ന ചോദ്യത്തോട് ഡാനിയൽ ആൻഡ്രൂസ് പ്രതികരിച്ചില്ല. കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷനുമായുള്ള ചർച്ചകൾ സൗഹാർദപരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫെഡറേഷൻ ഭാരവാഹികൾ തങ്ങളുടെ തീരുമാനത്തിൽ അത്യന്തം നിരാശരായെന്നും ഡാനിയൽ കൂട്ടിച്ചേർത്തു.
”എട്ടു മണിക്കൂറിലെ നോട്ടീസിൽ ഞങ്ങളെ ഇക്കാര്യം അറിയിച്ചതിൽ വളരെയധികം നിരാശരാണ്. അവർ ഈ തീരുമാനത്തിലെത്തുന്നതിന് മുൻപ് സംയുക്തമായി ഒരു ചർച്ച നടത്തുന്നതിനോ അവരുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനോ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനോ ഒരു ശ്രമവും ഉണ്ടായില്ല”.
ഫെഡറേഷൻ ഒദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. കോമൺവെൽത്തിലെ 54 രാജ്യങ്ങളിൽ നിന്നുള്ള നാലായിരത്തിലധികം അത്‌ലറ്റുകളാണ് സാധാരണയായി ഗെയിംസിൽ പങ്കെടുക്കാനെത്തുന്നത്. ഇതിൽ പല രാജ്യങ്ങളും മുൻപ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിൽ ഉള്ളവയായിരുന്നു. 2022ൽ ഇംഗ്ലണ്ടിലാണ് ഇതിനു മുൻപത്തെ കോമൺവെൽത്ത് ഗെയിംസ് നടന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.