തിരുവനന്തപുരം: ഓപ്പറേഷൻ തീയറ്ററിനുള്ളിലെ വസ്ത്രധാരണത്തെ സംബന്ധിച്ച മെഡിക്കൽ വിദ്യാർത്ഥിനികളുടെ ആവശ്യം ന്യായമെന്ന് എംഎസ്എഫ്. വിഷയം ചർച്ചയാക്കുന്നത് സംഘപരിവാറാണെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ തൊഹാനി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയ കത്തെങ്ങനെ പുറത്ത് പോയെന്ന് പരിശോധിക്കണമെന്നും തൊഹാനി ആവശ്യപ്പെട്ടു.
ഓപ്പറേഷൻ തിയേറ്ററിനുള്ളില്‍ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിലുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയും ശിരസ്സും കൈകളും പൂർണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ അനുമതി തേടിയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിന് കത്ത് നൽകിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2020 എംബിബിഎസ് ബാച്ചിലെ ഒരു വിദ്യാർത്ഥിനി എഴുതിയ കത്തിൽ 2018, 2021, 2022 ബാച്ചുകളിലെ വിദ്യാർത്ഥിനികളുടെ ഒപ്പുമുണ്ട്.ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ശിരസ്സ് മറയ്ക്കാൻ തങ്ങളെ അനുവദിക്കുന്നില്ലെന്നും മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും ഹിജാബ് നിർബന്ധമാണെന്നും കത്തിൽ പറയുന്നു. ” ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് മതപരമായ രീതിയിൽ വസ്ത്രങ്ങൾ ധരിക്കുന്നതിനൊപ്പം ഹോസ്പിറ്റൽ, ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കേണ്ടതുമുണ്ട്”- കത്തിൽ പറയുന്നു.
കത്ത് കിട്ടിയതായി കോളേജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് ജെ മോറിസ് സ്ഥിരീകരിച്ചു. എന്നാൽ ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് അനുവദിക്കണമെന്ന എംബിബിസ് വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെ ഐഎംഎ രംഗത്തെത്തി.
തിയേറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡങ്ങളാണെന്നും മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും ഐഎംഎ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സ്ക്രബ് ജാക്കറ്റുകളാണ് ഡോക്ടര്‍മാര്‍ ഓപ്പറേഷൻ തിയറ്ററുകളിൽ ധരിക്കുന്നത്. രോഗിയെ പരിചരിക്കുമ്പോൾ കൈകൾ ഇടക്കിടെ വൃത്തിയാക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് മുട്ടിന് മുകളിൽ കയ്യിറക്കമുള്ള ജാക്കറ്റുകളുടെ രൂപകൽപ്പന.
ഇത് മാറ്റി കയ്യിറക്കമുള്ള സ്ക്രബ് ജാക്കറ്റുകൾ വേണമെന്നും ശിരസുമൂടുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നുമാണ് ഏഴ് എംബിബിഎസ് വിദ്യാര്‍ത്ഥിനികൾ ഒപ്പിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.