തിരുവനന്തപുരം: വി വേണുവിനെ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വി പി ജോയ് ഈ മാസം വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ആണ് പുതിയ സംസ്ഥാന പൊലീസ് മേധാവി. കെ പത്മകുമാറിനെ മറികടന്നാണ് ഷേഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്. വേണുവിന് 2024 ഓഗസ്റ്റ് വരെ കാലാവധിയുണ്ട്. ഹൈദരാബാദ് സ്വദേശിയായ ഷേഖ് ദർവേഷ് സാഹിബിന് 2024 ജൂലൈ 31 വരെ സർവീസുണ്ട്.വേണുവിനെക്കാൾ സീനിയോറിറ്റിയുള്ളവരെല്ലാം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇവർ ആരും മടങ്ങിയെത്താൻ താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. വി പി ജോയ്ക്ക് പിന്നിലായി സീനിയോരിറ്റി അനുസരിച്ച് ഗ്യാനേഷ്കുമാർ, മനോജ് ജോഷി,
ദേവേന്ദ്രകുമാർ സിംഗ്, ആർ കെ സിംഗ്, അൽകേഷ്‌കുമാർ ശർമ എന്നിവരാണുള്ളത്. ദേവേന്ദ്രകുമാർ സിംഗ് വി.പി.ജോയിക്ക് ഒപ്പം ഈമാസം 30ന് വിരമിക്കും. ഗ്യാനേഷ്‌കുമാർ, മനോജ് ജോഷി, ആർ കെ.സിംഗ്, അൽകേഷ്‌കുമാർ ശർമ എന്നിവർ കേന്ദ്രത്തിൽ നിന്ന് മടങ്ങില്ലെന്നാണ് വിവരം. ഇതോടെയാണ് ഡോ. വി.വേണുവിന് അവസരം തെളിഞ്ഞത്.
1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വേണുവിന്റെ തുടക്കം പാലാ സബ്കളക്ടറായിട്ടായിരുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായിരുന്നു. കേരള ട്രാവൽ മാർട്ട്,
ഉത്തരവാദിത്ത ടൂറിസം എന്നിവ തുടങ്ങിയത് വി വേണുവാണ്. കണ്ണൂർ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സ്പെഷ്യൽ ഓഫീസറായിരുന്നു. പ്രളയത്തിന് ശേഷം കേരള പുനർനിർമ്മാണത്തിന്റെ ചുമതലയും സർക്കാർ നൽകിയത് വി വേണുവിനാണ്. നിലവിൽ ആഭ്യന്തര പരിസ്ഥിതി വകുപ്പുകളുടെ സെക്രട്ടറിയാണ്.
1990 ബാച്ചിലെ ഐപിഎസ് ഓഫീസറായ ഡോ. ഷേഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്. കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്,
സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ് പിയായും എംഎസ്പി, കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്‍റ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എഡിസിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
എസ് പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും ജോലി നോക്കി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാഡമിയില്‍ അസിസ്റ്റന്‍റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു.
എസ്ബിസിഐഡി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പോലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐ.ജി ആയിരുന്നു. അഡീഷണല്‍ എക്സൈസ് കമ്മീഷണറായും കേരള പോലീസ് അക്കാഡമി ഡയറക്ടറായും പ്രവര്‍ത്തിച്ചു.
എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പോലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പോലീസ് അക്കാഡമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എം.ബി.എയും നേടി.
വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പോലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ് സ്വദേശിയാണ്. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ.അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കള്‍. മരുമകന്‍ മുഹമ്മദ് ഇഫ്ത്തേക്കര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.