കോട്ടയം;ഈരാറ്റുപേട്ട വാഗമൺ റോഡ് താത്കാലികമായി നിർമ്മിച്ച് യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടിയിട്ട് സംസ്ഥാന സർക്കാരും. നിർമ്മാണ പ്രവർത്തി ഏറ്റെടുത്തു നടപ്പാക്കിയ ഊരാളുങ്കൽ സൊസൈറ്റിയെ വാനോളം പുകഴ്ത്തിയ സഹകരണ വകുപ്പുമന്ത്രി വി എൻ വാസവനും പൊതുമരാമത്ത് വകുപ്പും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി.
കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന ഗ്രാമീണ റോഡുകൾക്കും അടിയന്തിര വൈദ്യസഹായം നല്കാൻ തയ്യാറാകണം.ഗ്രാമീണ റോഡുകൾ അധികവും പൊട്ടിപൊളിഞ്ഞ നിലയിലാണ് ദേശീയ പാതയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചു കയ്യടി വാങ്ങാൻ ശ്രമിക്കുന്നവർ ഉൾനാടൻ പ്രദേശങ്ങളെ സൗകര്യ പൂർവ്വം ഒഴിവാക്കുകയാണെന്നും ഹരി പറഞ്ഞു .
വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടന്ന ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ നിർമ്മാണ ഘട്ടത്തിൽ ഉണ്ടായിട്ടുള്ള വീഴ്ചകൾ മറച്ചുവെക്കാനുള്ള ആസൂത്രിത ശ്രമമാണ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നടത്തിയ വാഗമൺ പരാമർശങ്ങളിൽ ഏറെയും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് റോഡിനായി തുക അനുവദിക്കുകയും പിന്നീട് കരാറുകാരന്റെ മെല്ലെപ്പോക്കിനെ തുടർന്ന് റോഡ് പണി നിർത്തി വെക്കേണ്ട സാഹചര്യവും ഉണ്ടായി.പിന്നീട് കരാർ ഊരാളുങ്കൽ സൊസൈറ്റിയെ ഏല്പിച്ചെങ്കിലും ആദ്യ കരാറുകാരനെ സൗകര്യ പൂർവ്വം രക്ഷപ്പെടുത്തുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഹരി പറഞ്ഞു.
നൂറുകണക്കിന് സഞ്ചാരികൾ യാത്രചെയ്യുന്ന മഴക്കാലത്ത് ശക്തമായ വെള്ളമൊഴുക്കുള്ള വാഗമൺ റോഡ് കോടികൾ ചിലവഴിച്ചു നവീകരിക്കുക മാത്രമാണ് നിലവിൽ ചെയ്തിട്ടുള്ളത്.
ഇരുപത്തി മൂന്നു കിലോമീറ്റർ റോഡ് നവീകരണത്തിന് ഇത്രയും തുക അനുവദിച്ചത് ഏത് കരാർ കമ്പനിയെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് മന്ത്രി വി എൻ വാസവന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമായ കാര്യമാണ്.ഊരാളുങ്കൽ സൊസൈറ്റിയുടെ ബ്രാൻഡ് അംബാസിഡറാണ് സംസ്ഥാനത്തെ മന്ത്രിമാരും സിപിഐഎം നേതാക്കളും എന്ന നിലയിലാണ് കാര്യങ്ങൾ.
പ്രളയാതിജീവന പാതയായി പുനര്നിര്മ്മിക്കുമെന്ന് അവകാശപ്പെട്ട് 2020 ഒക്‌ടോബറിൽ 649.7 കോടി രൂപ മുതൽ മുടക്കിൽ നിർമ്മാണം ആരംഭിച്ച ചങ്ങനാശേരി ആലപ്പുഴ എ സി റോഡിന്റെ നിർമ്മാണം ഇതുവരെ പൂർത്തീകരിക്കാൻ നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്ക് സാധിച്ചിട്ടില്ല.
നിർമ്മാണത്തിലെ മേൽപാലങ്ങളുടെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് പ്രദേശവാസികൾ ആരോപിച്ചിട്ടും പൊതുമരാമത്തു വകുപ്പ് കരാർ കമ്പിനിയോട് നിലവിലെ നിർമ്മാണ പ്രവർത്തികളുടെ റിപ്പോർട്ട് ചോദിച്ചിട്ടില്ല.
ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഊരാളുങ്കൽ സൊസൈറ്റിക്ക് ലഭിച്ച കരാറുകളിലും നിർമ്മാണങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്നും ബിജെപി മധ്യമേഖലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ റോഡ് നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി പാതിവഴിയിൽ നിർമ്മാണം നിലച്ചിരിക്കുന്ന കോട്ടയം കുട്ടനാട് മേഖലകളിലെ പ്രാദേശിക റോഡുകളുടെ നിർമ്മാണവും അടിയന്തിരമായി പൂർത്തീകരിച്ചു ജനങ്ങളുടെ യാത്ര ദുരിതം പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.