കാനഡ: സിമി നേതാവും രാജ്യത്ത് നിരവധി കേസുകളില്‍ പ്രതിയും ട്രെയിൽ സ്ഫോടന കേസിൽ പ്രതിയുമായ മുഹമ്മദ് ബഷീറിനെ (സി.എ.എം. ബഷീര്‍) ഇന്റര്‍പോള്‍ പിടികൂടി.
2003ല്‍ മുംബൈ മുളുണ്ടില്‍ ലോക്കല്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 10 പേര് മരിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയാണ് ആലുവ കപ്രശേരി ചാണേപ്പറമ്പില്‍ മുഹമ്മദ് ബഷീർ.കളമശേരി ബസ് കത്തിക്കല്‍ കേസിലും തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന് ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലും ഇയാളുടെ പങ്കാളിത്തം കേരളത്തിലെ അന്വേഷണ ഏജന്‍സികള്‍ സംശയിച്ചെങ്കിലും മതിയായ തെളിവ് കിട്ടിയിരുന്നില്ല. 1989ല്‍ ‘സിമി’യുടെ ദേശീയ പ്രസിഡന്റായിരുന്നു ബഷീർ.
കാനഡയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച കാര്യം വിമാനത്താവളത്തിലെ സുരക്ഷാ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനക്കിടെ ഇന്റര്‍പോള്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബഷീര്‍ നിരോധിത സംഘടനയായ ‘സിമി’യുടെ (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) മുന്‍ ദേശീയ പ്രസിഡന്റ് ആണ്.
ഡല്‍ഹിയിലെ സഫ്ദര്‍ജങ് വിമാനത്താവളത്തില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറായിരുന്ന ബഷീർ, യുഎഇ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ശേഷമാണ് കാനഡയില്‍ എത്തിയതെന്ന് മുംബൈ പൊലീസ് പറഞ്ഞിരിക്കുന്നു. ഈ മത തീവ്ര വാദിയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ നടക്കുകയാണ്.
പാക്കിസ്ഥാനില്‍ 1980ല്‍ പരിശീലനം നേടിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണു ബഷീര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയാവുന്നത്. നിരോധനത്തിലേക്കു നയിച്ച പ്രവര്‍ത്തനങ്ങള്‍ സംഘടന ഏറ്റെടുത്തത് ബഷീറിന്റെ കാലത്താണെന്നു പൊലീസ് പറയുന്നു. 1992ലെ അഹമ്മദാബാദ് സ്ഫോടനത്തെ തുടര്‍ന്നാണു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിരീക്ഷണത്തില്‍ ഇയാൾ പെടുന്നത്.
കാം ബഷീര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുഹമ്മദ് ബഷീർ ആലുവയിലാണ് ജനിച്ചുവളര്‍ന്നത്. എയറോനോട്ടിക്കല്‍ എന്‍ജീനിയറായിരുന്ന ബഷീര്‍ പിന്നീട് നിരോധിത സംഘടനയായ സിമിയില്‍ ചേർന്നു. 1990കളുടെ തുടക്കത്തിലാണ് ബഷീര്‍ പാകിഭീകരവാദികളില് ഒരാളായി മാറുന്നത്. ബഷീര്‍ തങ്ങളെ സ്വാധീനിച്ചതായി മുന്‍പ് പിടിയിലായ സിമി അംഗങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ഷാര്‍ജയിലായിരുന്നെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള മുന്‍ സിമി കേഡര്‍മാരുമായി ഇയാള്‍ നിരന്തരം ബന്ധം പുലർത്തി വരുകയായിരുന്നു. സാമ്പത്തികമായി നല്ല നിലയിലായിരുന്ന ബഷീര്‍, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് സിംഗപ്പൂരിലേക്കും തുടര്‍ന്ന് കാനഡയിലേക്കും താമസം മാറ്റി. ബഷീര്‍ സൗദി അറേബ്യയില്‍ തീവ്രവാദ ക്യാമ്പുകള്‍ നടത്തുകയും നിരവധി മുസ്ലീം യുവാക്കളെ ബ്രയിന്‍വാഷ് ചെയ്ത് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തുവെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.
ഇന്റർപോൾ അറസ്റ് ചെയ്ത ആൾ ബഷീര്‍ തന്നെയെന്ന് ഉറപ്പാക്കാന്‍ ആലുവയിലുള്ള സഹോദരി സുഹറാബീവി ഇബ്രാഹിം കുഞ്ഞിയുടെ രക്തസാംപിള്‍ എടുത്ത് ഡിഎന്‍എ പരിശോധന നടത്താന്‍ മുംബൈ കോടതി അനുമതി നല്‍കിയിരിക്കുകയാണ്.
തൊട്ടടുത്ത സര്‍ക്കാര്‍ മെഡിക്കല്‍ സെന്ററില്‍ നിന്നോ അംഗീകൃത ആശുപത്രിയില്‍ നിന്നോ മെഡിക്കല്‍ ഓഫീസര്‍ മുഖേന സാമ്പിളുകള്‍ എടുക്കാനാണ് കോടതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാനും സുഹാര്‍ബീവി കുഞ്ഞിയുടെ രക്തസാമ്പിളുകള്‍ നല്‍കാനും ഇവരുടെകുടുംബത്തോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.