കോട്ടയം: തിരുവാർപ്പിലെ ബസുടമയ്ക്കെതിരായ സമരം സിഐടിയു പിൻവലിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബസ് കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു.
സിഐടിയു നേതാക്കൾ സ്ഥലത്തെത്തി സമരം പിൻവലിക്കുകയാണെന്ന് പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥർ കൊടിതോരണങ്ങൾ അഴിച്ചുമാറ്റി ബസ് കസ്റ്റഡിയിലെടുത്തത്. ബസ് തിരുവാർപ്പിലെ മറ്റൊരു സ്ഥലത്തേക്ക് തന്നെ മാറ്റിയിട്ടു.അടുത്തദിവസം തന്നെ വിഷയം വീണ്ടും ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ബസുടമ രാജ്മോഹൻ പറഞ്ഞു. അതിനിടെ, തൊഴിൽ മന്ത്രി ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് സിഐടിയു നേതാക്കൾ പറയുന്നു. ചർച്ചയിലൂടെ പരിഹാരം ഉണ്ടാകുന്നതു വരെ ബസ് കുമരകം പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ബസ് സർവീസ് നടത്തുന്നതിനു പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇന്നലെ ഹൈക്കോടതി വിധിയെ തുടർന്നു ബസ് സർവീസിനായി രാവിലെ എത്തിയ രണ്ടു തൊഴിലാളികളെയും ബസ് ഉടമയെയും തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ തടഞ്ഞിരുന്നു.
ഇന്നലെ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ ആർ അജയ് പരസ്യമായി രാജ്മോഹനെ മർദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ഉൾപ്പെടെ പോലീസ് സ്റ്റേഷൻ ഉപരോധവും മറ്റും നടത്തി. ക്രമസമാധാനപ്രശ്നത്തിലേക്കും ഇത് കടക്കുമെന്ന സാഹചര്യം വന്നതോടെയാണ് പോലീസ് ബസ് കസ്റ്റഡിയിൽ എടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.