തിരുവനന്തപുരം : വിദേശത്തു നിന്നു മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു സുഖമില്ലാത്ത സാഹചര്യത്തിൽ, നേരിട്ട് ചേരാനിരുന്ന ഇന്നലത്തെ മന്ത്രിസഭാ യോഗം ഓൺലൈനിലേക്കു മാറ്റി.
നേരിട്ടുള്ള യോഗമാണ് ചേരുകയെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച രാത്രിയോടെയാണ് ഓൺലൈൻ യോഗമാണ് എന്ന സന്ദേശം മന്ത്രിമാർക്കു ലഭിച്ചത്.ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലിരുന്നു മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തു. സുഖമില്ലാത്ത സാഹചര്യത്തിലാണ് മന്ത്രിസഭ ഓൺലൈനായി നടത്തേണ്ടി വന്നതെന്ന് യോഗത്തിൽ അദ്ദേഹം അറിയിച്ചു. പനിയും ശാരീരിക അസ്വസ്ഥതകളുമാണു കാരണമെന്ന് അറിയുന്നു.
സംസ്ഥാനത്തെ വിവാദ വിഷയങ്ങൾ ഒന്നും മന്ത്രിസഭയിൽ ചർച്ചയായില്ല. മുഖ്യമന്ത്രിക്കു സുഖമില്ലാത്ത സാഹചര്യത്തിൽ കുറച്ച് വിഷയങ്ങൾ മാത്രമാണു പരിഗണിച്ചത്.
ചീഫ് സെക്രട്ടറി വി.പി.ജോയ് 30നു വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനം അടുത്ത ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും.
ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണുവിനാണ് സാധ്യത. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ കാലാവധിയും 30ന് അവസാനിക്കുന്ന സാഹചര്യത്തിൽ പുതിയ പൊലീസ് മേധാവിയുടെ കാര്യവും 27നു ചേരുന്ന മന്ത്രിസഭ പരിഗണിക്കും.
പൊലീസ് മേധാവി സ്ഥാനത്തേക്ക് യുപിഎസ്‌സി അംഗീകരിച്ച മൂന്നംഗ പട്ടിക സംസ്ഥാനത്തിനു ലഭിച്ചിട്ടുണ്ട്. ജയിൽ ഡിജിപി കെ.പദ്മകുമാർ, ഫയർ ആൻഡ് റെസ്‌ക്യു സർവീസസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബ്,
കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറക്ടർ ഹരിനാഥ് മിശ്ര എന്നിവരാണു പട്ടികയിലുള്ളത്. ഇവരിൽ ഒരാളെ മുഖ്യമന്ത്രി തീരുമാനിച്ച ശേഷം മന്ത്രിസഭയുടെ അംഗീകാരത്തിനു സമർപ്പിക്കുകയാണ് ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.