പത്തനംതിട്ട : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുപ്പതോളം മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 3 സ്ത്രീകളെ അറസ്റ്റ് ചെയ്തു.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിതാവിന്റെ ചികിത്സയുടെ ഭാഗമായി എത്തിയ തിരുവൻവണ്ടൂർ സ്വദേശിനിയുടെ 30,000 രൂപയും എടിഎം കാർഡുകളും അടങ്ങുന്ന പഴ്സ് മോഷ്ടിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.ഇവരിൽ നിന്നും വില കൂടിയ 5 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. തമിഴ്മാട് സ്വദേശികളായ ദുർഗ ലക്ഷ്മി, വാസന്തി, പൊന്നാത്ത എന്നിവരാണ് പിടിയിലായത്. പ്രതികളുടെ ശരിയായി മേൽവിലാസം പൊലീസ് അന്വേഷിച്ചു വരികയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആശുപത്രിയുടെ ബില്ലിങ് സെക്‌ഷനിൽ നിൽക്കുമ്പോഴാണ് ബാഗിൽ നിന്ന് മൂവരും ചേർന്ന് പഴ്സ് മോഷ്ടിച്ചത്. ബിൽ അടയ്ക്കാനായി ബാഗ് തുറന്നപ്പോഴാണ് പഴ്സ് മോഷണം പോയ വിവരം ഉടമ അറിഞ്ഞത്.
ഉടൻ തിരുവല്ല പൊലീസിൽ വിവരം അറിയിച്ചു.ആശുപത്രിയിലെ ബിൽ കൗണ്ടറിന് സമീപത്തെ സിസിടിവിയിൽ നിന്നു ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് തിരുവല്ല വൈഎംസിഎ ജംക്‌ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്.
മോഷണ ശേഷം ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ട പ്രതികൾ തിരുവല്ല ബിഎസ്എൻഎൽ ജംക്‌ഷനിൽ ഇറങ്ങുന്നതിന്റെയും തുടർന്ന് ബസിൽ പൊടിയാടിയിൽ എത്തുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.മാന്യമായ വസ്ത്രം ധരിച്ച് എത്തുന്ന സംഘം ബസുകളിലും ആശുപത്രികളിലെ കാഷ് കൗണ്ടറുകൾക്ക് സമീപവും തിരക്ക് സൃഷ്ടിച്ച ശേഷം മോഷണം നടത്തുന്നതാണ് രീതി.
സംസ്ഥാനത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 30 ഓളം കേസുകളിൽ പിടികിട്ടാപ്പുള്ളികളാണിവരെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പി എസ്.അഷാദിന്റെ നിർദേശാനുസരണം സി.ഐ.സുനിൽ കൃഷ്ണൻ, എസ്ഐമാരായ പി.കെ.കവിരാജ്, നിത്യ സത്യൻ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.