കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടം കാണാൻ മുന്നറിയിപ്പുകളെ അവഗണിച്ച് ഇന്നും സഞ്ചാരികളുടെ പ്രവാഹം. ഒഴിവ് ദിനങ്ങളുടെ ആലസ്യത്തിൽ തണുത്ത വെള്ളത്തിലൊരു കുളിയും, ഉയർന്ന പാറക്കെട്ടുകളിൽ നിന്നും വെള്ളക്കെട്ടുകളിലേക്ക് എടുത്തു ചാടിയുള്ള ഒരിത്തിരി സാഹസികതയും ആഗ്രഹിക്കുന്ന സഞ്ചാരികളാൽ നിറഞ്ഞിരിക്കും അവധി ദിനങ്ങളിൽ പതങ്കയത്ത്.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ ഇരുവഴിഞ്ഞിപ്പുഴയിലെ ചെറുവെള്ളച്ചാട്ടമാണ് പതങ്കയം.... വർഷത്തിലെ എല്ലാ സീസണിലും സുലഭമായി ജലം ലഭ്യമാണെന്നതാണ് പതങ്കയത്തെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നത്... കൂടെ ചാടിത്തിമിർക്കാനും നീന്തിത്തുടിക്കുവാനും പാകത്തിൽ പാറക്കെട്ടുകൾക്കിടയിൽ പ്രകൃതി തീർത്ത വെള്ളക്കെട്ടുകളും.... വെള്ളരിമലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഇരുവഴിഞ്ഞിയെന്ന സുന്ദരിയുടെ മാറ്റ് കൂട്ടുന്ന അനേകമിടങ്ങളിലൊന്നാണ് പതങ്കയവും...
സഞ്ചാരികൾ എത്തുന്ന വാഹനങ്ങളുടെ തിരക്കു കാരണം പലപ്പോഴും ഗതാഗത തടസ്സവും നേരിട്ടു. പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വിധം സഞ്ചാരികൾ പെരുമാറുന്നതായി പരാതിയും ഉയരുന്നുണ്ട്.
സമീപപ്രദേശങ്ങളിലുള്ള കൃഷിയിടങ്ങളിൽ കയറി കൊക്കോ അടക്കമുള്ള കാർഷിക ഉത്പന്നങ്ങൾ പറിച്ചു കൊണ്ടുപോകുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. പതങ്കയം വെള്ളച്ചാട്ടത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതാണ്. വെള്ളച്ചാട്ടത്തിന് സമീപത്തായി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. മുന്നറിയിപ്പുകൾ അവഗണിച്ച് നൂറുകണക്കിനാളുകളാണ് വെള്ളച്ചാട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.