കോട്ടയം: നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ യു ഡി എഫിന് വിജയം. നഗരസഭയിലെ പുത്തൻതോട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ സൂസന്‍ കെ സേവ്യറാണ് വിജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥിക്ക് 596 വോട്ടും രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ ഡി എഫ് സ്ഥാനാർത്ഥിക്ക് 521 വോട്ടും ലഭിച്ചു. യു ഡി എഫിന്റെ സിറ്റിങ് സീറ്റായിരുന്നു പുത്തന്‍തോട് ഡിവിഷന്‍.
നഗരസഭയിൽ എൽ ഡി എഫിനും യു ഡി എഫിനും 22 അംഗങ്ങൾ വീതമായിരുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികള്‍ക്കും നിർണ്ണായകമായിരുന്നു. കോൺഗ്രസ് കൗൺസിലർ ജിഷ ബെന്നിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജിഷ ബെന്നിയുടെ മരണത്തോടെ യു ഡി എഫിന് ഒരു സീറ്റ് കുറഞ്ഞു. നിലവില്‍ യു ഡി എഫിന് 21 അംഗങ്ങളാണുള്ളത്. ഉപതെരഞ്ഞെടുപ്പിൽ തോറ്റാൽ യു ഡി എഫിന് ഭരണം നഷ്ടമാകും എന്നതായിരുന്നു സാഹചര്യം. ഇതോടെ ഡിവിഷന്‍ നിലനിർത്താന്‍ യു ഡി എഫും പിടിച്ചെടുക്കാന്‍ എല്‍ ഡി എഫും ശക്തമായ പ്രചരണമായിരുന്നു നടത്തിയിരുന്നത്.
മഹിളാ കോൺഗ്രസ് വൈസ് പ്രസിഡൻറും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമാണ് സൂസൻ സേവ്യർ. ബി ജെ പി സ്ഥാനാർഥിയായി മുൻ കൗൺസിലർ ജിഷാ ബെന്നിയുടെ സഹോദരന്റെ ഭാര്യയും ചിങ്ങവനം കുടുംബശ്രീ സെക്രട്ടറിയുമായ ആൻസി സ്റ്റീഫൻ തെക്കേമഠത്തിലും രംഗത്തുണ്ടായിരുന്നു. യുഡിഎഫ് വിമത സ്ഥാനാർഥിയായി ഗാന്ധിനഗർ സൗത്തിൽ ( 52-ാം വാർഡ്) നിന്നു വിജയിച്ച ബിൻസി സെബാസ്റ്റ്യനാണ് നിലവില്‍ യു ഡി എഫ് പിന്തുണയോടെ നഗരസഭാധ്യക്ഷ.
അതേസമയം ചേർത്ത മുന്‍സിപ്പാലിറ്റിയിലെ പതിനൊന്നാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ എ അജി വിജയിച്ചു. എല്‍ ഡി എഫ് സ്ഥാനാർത്ഥിക്ക് 588 വോട്ട് ലഭിച്ചപ്പോള്‍ യു ഡി എഫിന് വേണ്ടി മത്സരിച്ച അഡ്വ. പ്രേംകുമാർ കാർത്തികേയന് 278 വോട്ടുകളും ലഭിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായിട്ടുള്ള 19 തദ്ദേശ വാർഡുകളിലേക്കായിരുന്നു കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ ഇന്ന് രാവിലെയോടെ ആരംഭിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡില്‍ ഉള്‍പ്പടെ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എല്‍ ഡി എഫിന്റെ സിറ്റിങ് സീറ്റില്‍ അവരുടെ സ്ഥാനാർത്ഥിയായ അജിത് രവീന്ദ്രന്‍ 746 വോട്ടുമായി ലീഡ് ചെയ്യുകയാണ്. കണ്ണൂർ കോർപ്പറേഷനിലെ പള്ളിപ്രം ഡിവിഷനില്‍ ആയിരത്തിലേറെ വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.