തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ നിന്ന് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തു വരുന്നു. കോളേജിലെ അവസാനവർഷ വിദ്യാർഥിനി, വനിതാ ഹോസ്റ്റലിൽ ഒരേ മുറിയിൽ താമസിക്കുന്ന സഹപാഠിയെ ഗുരുതരമായി പൊള്ളലേൽപ്പിച്ചതായാണ് വിവരം.
തെലങ്കാന സ്വദേശികളായ ലോഹിതയും ദീപികയും 2019 ൽ ബിഎസ്സി അഗ്രിക്കൾചറൽ കോഴ്സ് പഠിക്കാൻ കോളജിൽ എത്തിയതാണ്. അന്നു മുതൽ വനിതാ ഹോസ്റ്റലിൽ ഒരേ മുറിയിൽ താമസക്കാരാണ് ഇരുവരും.
കീഴ് ജാതിക്കാരിയും പാവപ്പെട്ട കുടുംബത്തിലെ അംഗവുമായ ദീപികയോട് സമ്പന്നയും ഉന്നത കുല ജാതയുമായ ലോഹിത വേലക്കാരിയോടെന്ന പോലെയാണ് പെരുമാറിയിരുന്നത്.കഴിഞ്ഞ നാലു വർഷമായി അടിമയെ പോലെയാണ് ദീപിക കഴിഞ്ഞിരുന്നത്.
ലോഹിതയുടെ വസ്ത്രങ്ങൾ കഴുകുന്നതടക്കം എല്ലാ ജോലികളും ചെയ്തിരുന്നത് ദീപികയായിരുന്നു. മെസ്സിൽ നിന്നു ലോഹിതക്കുള്ള ഭക്ഷണം ഹോസ്റ്റൽ മുറിയിൽ എത്തിച്ചു കൊടുക്കുന്നതും പാത്രങ്ങൾ കഴുകുന്നതുമൊക്കെ ദീപികയുടെ ജോലി ആയിരുന്നു.
ഇക്കാര്യം പുറംലോകം ഇതുവരെ അറിഞ്ഞിരുന്നില്ല. ഒരാഴ്ച മുൻപ് ദീപിക പെട്ടെന്ന് തെലങ്കാനയിലെ വീട്ടിലേക്ക് പോയി. ഹോസ്റ്റലിൽ ആരോടും പറയാതെ പുറത്തെത്തി വണ്ടിക്കൂലിക്കു പണം കടം വാങ്ങിയാണ് വീട്ടിൽ എത്തിയത്.
അവശയായി എത്തിയ ദീപികയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ശരീരത്തിൽ പലയിടങ്ങളിലായി ഗുരുതരമായി പൊള്ളലേറ്റ വിവരം അറിയുന്നത്. ഇൻഡക്ഷൻ കുക്കറിൽ പാത്രം ചൂടാക്കിയ ശേഷം അതുപയോഗിച്ച് ലോഹിത പുറത്തും മുതുകിനും കൈക്കും പൊള്ളിച്ചു വെന്നാണ് പരാതി.
പൊള്ളാലേറ്റ ശരീര ഭാഗങ്ങളുടെ ചിത്രവും വിഡിയോയും ദീപിക ഹോസ്റ്റൽ വിദ്യാർത്ഥികളുടെ വാട്സപ്പ് ഗ്രൂപ്പിൽ ഇട്ടപ്പോഴാണ് വിവരം പുറത്തു വന്നത്. ഇവരുടെ കോഴ്സ് ജൂലൈയിൽ കഴിയാനിരിക്കെയാണ് സംഭവം.
കുട്ടിയുടെ കുടുംബം വിവരം അറിയിച്ചതിനെ തുടർന്ന് അന്വേഷണത്തിനു കോളജ് അധികൃതർ നാലംഗ സമിതിയെ നിയോഗിച്ചു. ലോഹിതക്കും ദീപികക്കുമൊപ്പം ഹോസ്റ്റൽ മുറിയിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥിനി ഈ അതിക്രമം പുറത്തറിയിക്കാതെ കൂട്ടു നിന്നെന്നു ആക്ഷേപമുണ്ട്.
നാട്ടിലേക്കു രക്ഷപ്പെടാൻ ഹോസ്റ്റലിൽ നിന്നു ദീപിക പുറത്തു കടന്ന വിവരം അറിഞ്ഞു പിടി കൂടാനായി ലോഹിത പിന്തുടർന്നതായും വിവരമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.