തിരുവനന്തപുരം: കോവളം ബീച്ച് കാണാനെത്തിയ പത്ത് വയസുകാരിയുടെ കാൽ നടപ്പാതയുടെ സ്ലാബിനിടയിൽ കുടുങ്ങി. വിഴിഞ്ഞത്തു നിന്ന് എത്തിയ ഫയർഫോഴ്സ് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ കുഞ്ഞിനെ രക്ഷിച്ചു.
പരിക്കേറ്റ കുട്ടിയെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് തെക്കെകുന്നത്തുവിളാകം വീട്ടിൽ ഗണേഷിന്റെ മകൾ അനാമിക (10)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴോടെ ബീച്ചിന് സമീപം ലൈറ്റ് ഹൗസ് റോഡിലായിരുന്നു സംഭവം.
എതിരെ വന്ന വാഹനം കടന്നുപോകാൻ പുറകിലേക്ക് മാറിയ കുട്ടിയുടെ വലതു കാൽ ഓടയുടെ സ്ലാബിനിടയിലേക്ക് താഴ്ന്ന് കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കൾ കാൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് ഫയർഫോഴ്സ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. അവിടെ നിന്നുള്ള നിർദ്ദേശപ്രകാരം വിഴിഞ്ഞം യൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ ഏംഗൽസ്, ഫയർമാൻമാരായ അനീഷ് എസ്.ബി, സന്തോഷ് കുമാർ, ഷിജു, ഷിബി, പ്രദീപ്, ഹോംഗാർഡ് സദാശിവൻ, ഡ്രൈവർ ബൈജു എന്നിവർ എത്തി.
വേദനിച്ച് നിലവിളിക്കുകയായിരുന്ന കുട്ടിയെ അശ്വസിപ്പിച്ച ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ, കമ്പിപ്പാര എന്നിവയുടെ സഹായത്തോടെ സ്ലാബിനെ ഇളക്കി മാറ്റി. സ്ലാബുകളെ ടാറിട്ട് ഉറപ്പിച്ചിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിനും തടസം സൃഷ്ടിച്ചെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
അവധി ആഘോഷിക്കാൻ വിഴിഞ്ഞത്തെ ബണ്ഡു വീട്ടിൽ എത്തിയശേഷം കോവളം ബീച്ച് കാണാൻ വരുന്നതിനിടയിലാണ് സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.