മലപ്പുറം :വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നടക്കുന്ന ജില്ലയിലെ 146 കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സംസ്ഥാന സർക്കാർ വരുത്തിയ ഭീമമായ സബ്സിഡി കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോവിഡ് കാലഘട്ടത്തിൽ ആദ്യമായി ആരംഭിച്ച സാമൂഹിക കിച്ചൻ മാതൃകയിൽ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളുടെ കൂട്ടായ്മകൾ ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്നത്.
ജനകീയ ഹോട്ടലുകൾക്ക് 20 രൂപയുടെ ഒരു ഊണിന് 10 രൂപയും സപ്ലൈകോ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സുഭിക്ഷ ഹോട്ടലുകൾക്ക് ഊണ് ഒന്നിന് 5 രൂപയും ആണ് സർക്കാർ സബ്സിഡി നൽകിയിരുന്നത്. മലപ്പുറം ജില്ലയിൽ പല കേന്ദ്രങ്ങളിലും ഒന്നര വർഷമായി പ്രസ്തുത സബ്സിഡി മുടങ്ങിയിരിക്കുകയാണ്.
അതോടൊപ്പം 600 കിലോഗ്രാം അരി വീതം അനുവദിച്ചത് നൽകുമെന്ന് പറഞ്ഞെങ്കിലും ആറുമാസമായി അരിയും മുടങ്ങിയിരിക്കുകയായിരുന്നു. 15 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ കുടിശ്ശികയായി കോടികളാണ് ഈ ഇനത്തിൽ മലപ്പുറം ജില്ലയിലെ 146 കുടുംബശ്രീ സംരംഭകർക്കായി ലഭിക്കാനുള്ളത്.
500 ഊണ് വിറ്റുപോകുന്ന ഒരു ജനകീയ ഹോട്ടലിൽ ഒരു മാസം ഒന്നര ലക്ഷം രൂപയാണ് സബ്സിഡിയായി ലഭിക്കാനുണ്ടാവുക. ഭീമമായ തുക സർക്കാരിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ പല സംരംഭകരും ആത്മഹത്യയുടെ വക്കിലാണ്. വലിയ സാമ്പത്തിക ബാധ്യതയിൽ അകപ്പെട്ടതിനെ തുടർന്ന് വായ്പ നൽകിയ സ്ഥാപനങ്ങൾ തിരഞ്ഞു വരുന്ന സാഹചര്യവും ഉണ്ട്.
കൂടാതെ പിന്നെയും കടം വാങ്ങിയും മറ്റുമാണ് ജീവനക്കാർക്ക് വേതനം പോലും നൽകുന്നത് വിഷയത്തിൽ കുടുംബശ്രീ ജില്ലാ സംസ്ഥാന മിഷനുകളെ ബന്ധപ്പെടുമ്പോൾ സബ്സിഡി സംബന്ധിച്ച കൃത്യമായ ഉത്തരം ലഭിക്കാത്തതും സംരംഭകരെ ആശങ്കയിൽ ആക്കുന്നുണ്ട്. സബ്സിഡി ലഭിക്കാത്തതിനു പുറമേ അരി, പച്ചക്കറി, പാചകവാതകം ഉൾപ്പെടെയുള്ളവയുടെ വിലവർധനവും ജനകീയ ഹോട്ടലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
ജനകീയ ഹോട്ടലിന്റെ വാടക, വെള്ളം, വൈദ്യുതി ചെലവുകൾ എന്നിവ തദ്ദേശ സ്ഥാപനം വഹിക്കണമെന്നാണ് സർക്കാരിൻറെ ഉത്തരവുള്ളത്. അതിനാലാണ് പല കുടുംബശ്രീ ജനകീയ ഹോട്ടലുകളും ഇന്നും പൂട്ടാതെ നിലനിൽക്കുന്നത്.
സർക്കാരിൽ വിശ്വാസമർപ്പിച്ച് ഈ നഷ്ടം സഹിച്ചും ജനകീയ ഹോട്ടൽ നടത്തിപ്പോരുന്ന കുടുംബശ്രീ സംരംഭകരെ അവർക്ക് അർഹതപ്പെട്ട സബ്സിഡി കുടിശ്ശിക ഉടൻ വിതരണം ചെയ്ത് വനിതാ സംരംഭകരെയും അവരുടെ കുടുംബങ്ങളെയും ദുരിതക്കയത്തിൽ നിന്ന് രക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ഈ പ്രമേയത്തിലൂടെ മലപ്പുറം ജില്ലാ പഞ്ചായത്ത് ആവശ്യപ്പെടുന്നത് ഐക്യകണ്ഠേന അംഗീകരിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ അധ്യക്ഷത വഹിച്ചു.
അവതാരക:
ശ്രീമതി. സെറീന ഹസീബ് (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) പിന്തുണക്കുന്നത്:
ശ്രീ. വി.കെ.എം. ഷാഫി (നിറമരുതൂർ ഡിവിഷൻ മെമ്പർ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.