കോഴിക്കോട്: തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന ശേഷം വെട്ടിനുറുക്കി കൊക്കയിൽ തള്ളിയ കേസിൽ കുറ്റം സമ്മതിച്ച് പ്രതികളായ ഫർഹാനയും ഷിബിലിയും ആഷിഖും. സിദ്ദിഖിനെ കൊല ചെയ്തത് ഈ മൂന്നുപേരും ചേർന്നാണെന്ന് പൊലീസ് വ്യക്തമാക്കി.
സിദ്ദിഖും ഫർഹാനയുടെ പിതാവും ഗൾഫിൽ വച്ച് പരിചയക്കാരാണ്. ഇത് നാട്ടിൽ വന്നപ്പോഴും തുടരുകയായിരുന്നു. ഈ ബന്ധത്തെ ഫർഹാന മറ്റൊരു വിധത്തിലാണ് ഉപയോഗപ്പെടുത്തിയത്.
ഷിബിലിയെ ഹോട്ടലിൽ ജോലിക്കായി പറഞ്ഞുവിട്ടതും ഫർഹാനയുടെ തന്ത്രമായിരുന്നു. അവിടെചെന്ന് കാര്യങ്ങൾ മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഫർഹാനയുടെയും ഷിബിലിയുടെയും നീക്കങ്ങൾ.
ഹോട്ടൽ ജോലിക്കിടെ സിദ്ദിഖിൻ്റെ എടിഎം പിൻ നമ്പർ പോലും ഷിബിലി മനസ്സിലാക്കിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.കൊല നടന്ന ദിവസം സിദ്ദിഖിനെ വിളിച്ചതും റൂം എടുപ്പിച്ചതും ഫർഹാനയായിരുന്നു. ഒന്നു കൂടണമെന്നും റൂം ബുക്ക് ചെയ്യാനും സിദ്ദിഖിനോട് ഫർഹാന ആവശ്യപ്പെടുകയായിരുന്നു.
ഇവർ തമ്മിൽ നേരത്തെ ഇത്തരത്തിൽ ഹോട്ടലുകളിൽ സന്ധിച്ചിരുന്നുവെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. തുടർന്നാണ് സിദ്ദിഖ് ഹോട്ടലിൽ രണ്ടു റൂം ബുക്ക് ചെയ്തത്. എന്നാൽ ഫർഹാനയോടൊപ്പം ഷിബിലിയും ആഷിഖും ഹോട്ടലിൽ എത്തുകയായിരുന്നു എന്നാണ് വിവരം.
അതേസമയം, ഹണിട്രാപ്പായിരുന്നു ലക്ഷ്യമെന്നും അതിനിടയിലുണ്ടായ പ്രശ്നങ്ങൾക്കിടയിലാണ് സിദ്ദിഖ് കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് പറയുന്നത്. ഫര്‍ഹാനയും ഷിബിലും ആഷിഖും ചേര്‍ന്നാണ് ഹണി ട്രാപ്പിനു പദ്ധതിയിട്ടത്.
ഹോട്ടലിലേക്കു വിളിച്ചു വരുത്തി സിദ്ദിഖിന്റെ നഗ്നഫോട്ടോ എടുക്കുകയായിരുന്നു പദ്ധതി. ഫോട്ടോ എടുക്കുന്നതിനെ സിദ്ദിഖ് എതിര്‍ത്തപ്പോള്‍ കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.സിദ്ദിഖിൻ്റെ കൊലപാതകം നടന്ന ദിവസമായ 18ന് മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമങ്ങളും പ്രതികൾ നടത്തിയിരുന്നു.
കൊലപാതകം നടത്തിയ 18ന് മാനാഞ്ചിറയിലെ കടയില്‍നിന്ന് ഒരു ട്രോളി ബാഗാണ് ആദ്യം വാങ്ങിയത്. അതില്‍ മൃതദേഹം കയറുന്നില്ലെന്നു കണ്ടപ്പോള്‍ അടുത്ത ദിവസം പോയി കട്ടര്‍ വാങ്ങിച്ചു. ഒപ്പം ഒരു ട്രോളി ബാഗ് കൂടി വാങ്ങി. കൊലപാതകം നടത്തിയ മുറിയുടെ ബാത്ത് റൂമില്‍ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയതെന്നും പ്രതികൾ സമ്മതിച്ചു.
ഈ സമയത്ത് ഫർഹാന കൂടെയുണ്ടായിരുന്നു എന്നും മൃതദേഹം കഷ്ണങ്ങളാക്കുന്നതിനയിൽ തറയിൽ പടർന്ന ചോര വസ്ത്രങ്ങളിൽ തുടച്ചത് ഫർഹാനയായിരുന്നു എന്നുമാണ് വിവരം. തുടർന്ന് മൃതദേഹാവശിഷ്ടങ്ങൾ രണ്ടു ട്രോളി ബാഗില്‍ നിറച്ച് അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നും പ്രതികൾ വ്യക്തമാക്കി.
കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും രക്തം തുടച്ച വസ്ത്രങ്ങളുമെല്ലാം മറ്റൊരിടത്ത് ഉപേക്ഷിക്കുകയായിരുന്നു. ഈ സ്ഥലത്തെക്കുറിച്ച് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ അവിടെ എത്തിച്ച് തെളിവെടുപ്പു നടത്തുമെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.