കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഹൗസ് സർജൻ ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ അഞ്ചു ദിവസം ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് വൈദ്യ സഹായം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ വിടണമെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടത്.
ഒന്നിടവിട്ട ദിവസങ്ങളിൽ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി. സന്ദീപിനെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി എ ആളൂർ ആണ് ഹാജരായത്. പ്രതിക്ക് ആയുധം എവിടെ നിന്ന് ലഭിച്ചുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനാൽ തെളിവെടുപ്പ് എന്തിനെന്ന് ആളൂർ ചോദിച്ചു. സന്ദീപിന്റെ ഇടതുകാലിന് പരിക്കുണ്ട്. യൂറിനറി ഇൻഫെക്ഷൻ ഉണ്ട്.
പ്രതിയെ ശാരീരിക പ്രശ്‌നങ്ങൾ കണക്കിലെടുത്ത് കസ്റ്റഡിയിൽ കൊടുക്കരുതെന്നും ആളൂർ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. സന്ദീപിനെ രാവിലെ ഉമ്മന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വൈദ്യ പരിശോധന നടത്തിയ ശേഷമാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷണൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതിക്ക് പുറത്ത് പ്രതി സന്ദീപിനും പ്രതിക്കായി ഹാജരായ അഭിഭാഷകൻ ബി എ ആളൂരിനും എതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിക്ഷേധിച്ചു. ഏരിയ പ്രസിഡൻറ് അനിത ഗോപകുമാർ, സെക്രട്ടറി ബിന്ദു പ്രകാശ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സുധാമണി, ബിജി ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിക്ഷേധിച്ചത്.
വൈദ്യ പരിശോധനക്കായി ഉമ്മന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴും മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി കരിക്കൊടി വീശി പ്രതിക്ഷേധിച്ചിരുന്നു. സന്ദീപിന്റെ രക്തസാംപിൾ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.