ആലപ്പുഴ: നോക്കുകൂലി ചോദിച്ച യൂണിയന്‍കാര്‍ക്കെതിരെ ശക്തമായി രംഗത്ത് വന്ന് സിപിഐഎം നേതാവായ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റ്.
ആലപ്പുഴയിലെ സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ആലപ്പി ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ കെ. ആർ. ഭഗീരഥനാണ് നോക്കുകൂലി ചോദിച്ചവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ബിഎംഎസ് അംഗങ്ങളാണ് നോക്കുകൂലി ചോദിച്ചെത്തിയത്.
ആലപ്പുഴ പവർ ഹൗസ് വാർഡിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ് സഹകരണ സംഘത്തിനായി ഭഗീരഥന്‍റെ നേതൃത്വത്തിലുള്ള സൊസൈറ്റി കെട്ടിടം നിർമ്മിക്കുന്നയിടത്താണ് തർക്കമുണ്ടായത്. ഇവിടെ ഒരു ദിവസം മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിലൂടെ ഉണ്ടായ തൊഴിൽ നഷ്ടത്തിനു പരിഹാരമായി 8000 രൂപയാണ് യൂണിയൻകാർ ആവശ്യപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ ഭഗീരഥൻ നോക്കുകൂലി നൽകില്ലെന്നു കർശനമായി പറഞ്ഞു. സൊസൈറ്റിയിൽ അംഗത്വമെടുത്താൽ അനുയോജ്യമായ ജോലി വരുമ്പോൾ പരിഗണിക്കാമെന്ന് യൂണിയന്‍കാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പണം തരാതെ പറ്റില്ലെന്നായിരുന്നു യൂണിയൻകാരുടെ നിലപാട്.
നോക്കുകൂലിയായി ഒരു പൈസ പോലും തരില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. പിന്നെ ഞങ്ങളെന്തു ചെയ്യും എന്ന യൂണിയൻകാരുടെ ചോദ്യത്തെ ദേശീയപാതയുടെ പണിക്കു യന്ത്രം ഉപയോഗിക്കുന്നതിന് ഇങ്ങനെ പണം ചോദിക്കുന്നുണ്ടോ എന്ന മറുചോദ്യം കൊണ്ടാണ് ഭഗീരഥന്‍ നേരിട്ടത്.
കർശന നിലപാടെടുത്തപ്പോഴാണ് യൂണിയൻകാർ പിൻമാറിയത്. നോക്കുകൂലിക്ക് എതിരാണ് സര്‍ക്കാരിന്‍റേയും യൂണിയനുകളുടേയും നയമെന്നിരിക്കെയാണ് ഇത്തരം സംഭവമെന്നതാണ് ശ്രദ്ധേയം.
നോക്കുകൂലിക്കെതിരെ സർക്കാർ കർശന നിലപാടെടുത്തിട്ടും ഇതൊക്കെ ഇപ്പോഴും തുടരുന്നുവെന്നും ജോലി കൊടുക്കുന്ന സൊസൈറ്റിയോടാണ് നോക്കുകൂലി ചോദിച്ചതെന്നുമാണ് സംഭവത്തേക്കുറിച്ച് ഭഗീരഥൻ പ്രതികരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.