ഡൽഹി :കള്ളപ്പണത്തിന്റെ അന്തകനാകുമെന്ന പ്രഖ്യാപനത്തോടെയെത്തിയ 2000 രൂപ നോട്ടാണ് അകാല ചരമമടഞ്ഞ് വിടവാങ്ങുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ കറൻസികളിൽ ഇത്രയേറെ പബ്ലിസിറ്റി കിട്ടിയ മറ്റൊരു നോട്ടുമില്ലെന്നതാണ് വാസ്തവം. 2016 ൽ പുറത്തിറക്കിയ നോട്ടിന്റെ അച്ചടി 2018 അവസാനം ആർബിഐ അവസാനിപ്പിച്ചു.
2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. രാത്രി എട്ട് മണിയോടെ അഞ്ഞൂറും ആയിരവും വെറും കടലാസായ ദിവസമായിരുന്നു അത്. രാജ്യം വരിനിന്ന് മടുത്ത നാളുകളിൽ വീരപരിവേഷത്തോടെ പുറത്തിറങ്ങിയതായിരുന്നു രണ്ടായിരത്തിന്‍റെ നോട്ടിന്റെ ചരിത്രം. വെറും ഏഴാണ്ട് കൊണ്ടാണ് അതും അകാലചരമം പ്രാപിക്കുന്നത്.
ചിപ്പ് ഘടിപ്പിച്ച നോട്ടെന്നായിരുന്നു 2000ത്തിനെ കുറിച്ചുള്ള ആദ്യ പ്രചാരണം. മണ്ണിൽ കുഴിച്ചിട്ടാൽ തിളങ്ങും, ഉറവിടം സ്വയം വെളിപ്പെടുത്തും എന്നെല്ലാം കേട്ടു. കളളപ്പണ പരിപാടി ഇനി നടക്കില്ലെന്ന് ബിജെപി കേന്ദ്രങ്ങളും പ്രചരിപ്പിച്ചു. എന്നാൽ നോട്ടിറങ്ങിയപ്പോൾ കളി മാറി. ചിപ്പ് വാദക്കാർക്കും സ്ഥലം കാലിയാക്കേണ്ട സ്ഥിതി വന്നു.
കൊവിഡും പിന്നാലെയെത്തിയ ലോക്ഡൗണും 2000 നോട്ടിന്‍റെ പ്രചാരം കുറച്ചു. വിനിമയവും കുറഞ്ഞു.ഇതോടെ നോട്ട് പിൻവലിക്കുന്നുവെന്ന റിപ്പോർട്ടുകളും എത്തി. കേന്ദ്രവും ആർബിഐയും തുടക്കത്തിൽ ഇത് നിഷേധിച്ചെങ്കിലും വൈകാതെ പാർലമെന്റിൽ സ്ഥിരീകരണം എത്തി. 2019 ന് ശേഷം 2000 നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് കേന്ദ്രം പാർലമെന്‍റിനെ അറിയിച്ചു. എടിഎമ്മുകളിൽ നിന്നും ബാങ്കുകളിലെ കൗണ്ടറുകളിൽ നിന്നും 2000 നോട്ടുകൾ അപ്രത്യക്ഷമായി തുടങ്ങി.
ആർബിഐ ഇപ്പോൾ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2023 മാർച്ച് 31ന് പ്രാബല്യത്തിലുളള 2000 രൂപ നോട്ടുകളുടെ മൂല്യം 3.62 ലക്ഷം കോടിയാണ്. അതായത് ആകെ നോട്ട് മൂല്യത്തിന്‍റെ 10.8 ശതമാനം മാത്രം. അതുകൂടി സെപ്തംബർ 30ന് അസാധുവാകും. രണ്ടായിരം നോട്ട് പിൻവാങ്ങും. അപ്പോഴും ട്രോളുകൾ ബാക്കിയാകും.നിലവിൽ പ്രചാരത്തിലുള്ള 2000 നോട്ടുകൾ സെപ്തംബർ മുപ്പതിനകം ബാങ്കുകളിൽ തിരികെ നല്കാനാണ് റിസർവ് ബാങ്ക് നിർദ്ദേശം.
തൽക്കാലം നോട്ട് ഉപയോഗിക്കുന്നതിന് തടസമില്ല. 2016 ൽ അഞ്ഞൂറ് ആയിരം രൂപ നോട്ടുകൾ നിരോധിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രണ്ടായിരം രൂപ നോട്ടുകൾ അച്ചടിച്ചു തുടങ്ങിയത്. 500 രൂപാ നോട്ടിനു പകരം പുതിയ 500 ന്റെ നോട്ടുകൾ പിന്നീട് പുറത്തിറക്കി. 500 ൻറെ നോട്ടുകൾ ആവശ്യത്തിന് ലഭ്യമായതോടെ 2018 ൽ 2000 രൂപ നോട്ട് അച്ചടിക്കുന്നത് നിർത്തിയിരുന്നു. രണ്ടായിരത്തിൻറെ നോട്ടുകൾ പൂർണ്ണമായും പിൻവലിക്കുന്നതായാണ് ആർബിഐ വാർത്താകുറിപ്പിലൂടെ അറിയിച്ചത്.
ഇപ്പോൾ കൈവശമുള്ള രണ്ടായിരത്തിൻറെ നോട്ടുകൾ തല്ക്കാലം മൂല്യമുണ്ടാകും. ഇത് കൈമാറ്റം ചെയ്യുന്നതിനും തടസമില്ല. എന്നൽ നോട്ടുകൾ 2023 സെപ്റ്റംബർ 30നകം ബാങ്കുകളിൽ മാറ്റിയെടുക്കണം. ഇതിനായി മേയ് 23 മുതൽ സൗകര്യമൊരുക്കും. 2000 രൂപയുടെ പരമാവധി 10 നോട്ടുകൾ വരെ ഒരേസമയം ഏതു ബാങ്കിൽനിന്നും മാറ്റിയെടുക്കാമെന്നാണ് അറിയിപ്പ്. 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ ഉള്ള സംവിധാനമാണ് ക്രമീകരിക്കുക.
പഴയ നോട്ടുകൾ പിൻവലിക്കുന്ന ക്ലീൻ നോട്ട് നയത്തിൻറെ ഭാഗമാണിതെന്ന് ആർബിഐ വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.