ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പട്ടിണി കിടക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ആവശ്യത്തിന് സൗജന്യ ഭക്ഷണം നല്കാനാകാതെ ഫുഡ് ബാങ്കുകള്‍ പോലും പ്രതിസന്ധി നേരിടുന്ന സ്ഥിതിയാണെന്ന് ഫുഡ്ബാങ്ക് കോര്‍ഡിനേറ്റര്‍മാർ പറയുന്നു.
വളരെയധികം ആളുകള്‍ പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും കറുത്ത ദിനങ്ങളിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും എത്തുന്നത്. ജീവിത ച്ചെലവിന്റെ കുതിപ്പ് കൂടുതല്‍ കട ബാധിതരെ സൃഷ്ടിക്കാന്‍ പോന്നതാണെന്നും ഇദ്ദേഹം പറയുന്നു.
രണ്ടായിരത്തി ഇരുപതിൽ കോവിഡ് വ്യാപനമായിരുന്നു പട്ടിണിക്കാരെ സൃഷ്ടിച്ചതെങ്കില്‍ കുതിച്ചുയര്‍ന്ന ജീവിതച്ചെലവുകളായിരിക്കും ഈ വര്‍ഷം ദാരിദ്ര്യമുണ്ടാക്കുന്നതെന്നും ട്രിം ഫാമിലി റിസോഴ്സ് സെന്ററിലെ ഫുഡ് കോര്‍ഡിനേറ്റര്‍ എലെയന്‍ കേസി പറയുന്നു.
ജീവിതച്ചെലവ് താങ്ങാനാകാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒട്ടേറെപ്പേര്‍ ഇപ്പോള്‍ത്തന്നെയുണ്ട്. ഫുഡ്ബാങ്ക് കേന്ദ്രത്തില്‍ ലഭിക്കുന്ന ഭക്ഷണപ്പൊതികളൊന്നും തികയാത്ത നിലയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. കൂടുതല്‍ പേര്‍ക്ക് സൗജന്യ ഭക്ഷണമെത്തിക്കാന്‍ സാമ്പത്തിക പരിമിതികള്‍ തടസ്സമാകുന്ന സ്ഥിതിയുമുണ്ട്. അന്നദാനത്തിന് സംഭാവന നല്‍കിയിരുന്ന ഒട്ടേറെ കുടുംബങ്ങള്‍ ഇപ്പോള്‍ വിലക്കയറ്റത്തിന്റെ കെടുതിയില്‍ വലയുന്ന സ്ഥിതിയാണ്.
അവരും ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ്. സര്‍ക്കാര്‍ പേരിന് ചില നടപടികളൊക്കെ സ്വീകരിക്കുന്നുണ്ടെങ്കിലും അതൊന്നും ഇപ്പോഴത്തെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പര്യാപ്തമല്ല എന്നാണ് പലരുടെയും അനുഭവത്തിൽ നിന്ന് ബോധ്യപ്പെടുത്തുന്നത്.
താങ്ങാന്‍ പറ്റാത്ത ജീവിതച്ചെലവാണ് ദാരിദ്ര്യമുണ്ടാക്കുന്നതെന്ന് ജനുവരിയില്‍ ബര്‍ണാര്‍ഡോസ് നടത്തിയ പഠനം കണ്ടെത്തിയിരുന്നു. ഇത് സാധൂകരിക്കുന്ന നിലയിലാണ് അയര്‍ലണ്ടില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.