തിരുവനന്തപുരം: എ.ഐ ക്യാമറാ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ബന്ധുവിനെതിരായ ആരോപണങ്ങൾ കൊടുമ്പിരി കൊണ്ടിട്ടും വിഷയം ചർച്ച ചെയ്യാൻ കൂട്ടാക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. ശനി, ഞായർ ദിവസങ്ങളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഇതേപ്പറ്റി ആരെങ്കിലും ഉന്നയിച്ചാൽ പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കും നിലപാട് വിശദീകരിക്കേണ്ടിവരും.
ഗതാഗത കമ്മീഷണറേറ്റില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ വന്ന പരാതികളിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഈ ഉദ്യോഗസ്ഥനെതിരെയുളള വിജിലന്‍സ് അന്വേഷണമാകും മുഖ്യമന്ത്രിയുടെ പിടിവളളി.
രണ്ട് ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിഷയം പരിഗണിച്ചതേയില്ല. സംസ്ഥാനത്തെ പൊതുരാഷ്ട്രീയസ്ഥിതി സംബന്ധിച്ച അവലോകനം സമ്പൂർണ സെക്രട്ടേറിയേറ്റ് യോഗത്തിലെ പതിവാണെങ്കിലും എ.ഐ ക്യാമറാ വിവാദം പരാമർശ വിഷയമായതായി സൂചനയില്ല. ചർച്ച നടക്കാത്തത് കൊണ്ടുതന്നെ കുടൂംബ ബന്ധുവിനെതിരായ ആക്ഷേപത്തെപ്പറ്റി മുഖ്യമന്ത്രിയും പാർട്ടി യോഗത്തിൽ പ്രതികരിച്ചില്ല. ഏതെങ്കിലും സെക്രട്ടേറിയേറ്റംഗം വിഷയം ഉന്നയിച്ചിരുന്നെങ്കിൽ ക്യാമറാ വിവാദത്തിൽ സെക്രട്ടേറിയേറ്റ് യോഗത്തിൽ ചർച്ച നടക്കുമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ആരും അതിന് ധൈര്യപ്പെട്ടില്ല.
സംസ്ഥാന കമ്മിറ്റിയിൽ പൊതുരാഷ്ട്രീയ സ്ഥിതി അവലോകനം ചെയ്തു കൊണ്ടുളള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്ന രീതി സി.പി.എമ്മിനുണ്ട്. ഈ റിപ്പോർട്ടിൽ പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വന്ന ക്യാമറാ വിവാദം പരാമർശിക്കാതിരിക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ സെക്രട്ടേറിയേറ്റ് യോഗത്തിലെ പോലെ ചർച്ചയോ പരാമർശമോ തീർത്തും ഒഴിവായി പോകാനുളള സാധ്യത സംസ്ഥാന കമ്മിറ്റിയിൽ വിരളമാകും. ക്യാമറാ വിവാദത്തിൽ പ്രതിരോധത്തിലായിരിക്കുന്ന മുഖ്യമന്ത്രിയ്ക്ക് പാർട്ടിയിൽ നിന്ന് പഴയതുപോലെയുളള പിന്തുണയില്ലെന്ന പ്രതീതി വന്നതോടെ ചില നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി.
ആരോപണം അന്വേഷിക്കാൻ നിയോഗിച്ച വ്യവസായ വകുപ്പ് സെക്രട്ടറിയെ ഒപ്പമിരുത്തി, ഇടപാടിനെ ന്യായീകരിച്ച് പുലിവാല് പിടിച്ച വ്യവസായ മന്ത്രി പി. രാജീവും കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനുമാണ് മുഖ്യമന്ത്രിയെ പിന്തുണച്ച് പ്രതികരണം നടത്തിയത്. വിജിലൻസ് അന്വേഷണം നടക്കുന്നത് കൊണ്ടാണ് ആരോപണത്തെപ്പറ്റി മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നാണ് എ.കെ. ബാലൻെറ ന്യായീകരണം.
പ്രസാഡിയോ കമ്പനിയും മുഖ്യമന്ത്രിയും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ചാണ് മന്ത്രി പി. രാജീവിൻെറ ന്യായീകരണം. ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിൻെറ പണം പ്രസാഡിയോക്ക് നൽകിയത് മാത്രമാണ് ബന്ധു പ്രകാശ് ബാബുവും പ്രസാഡിയോയും തമ്മിലുളള ഇടപാട്. ഈ ബന്ധം വെച്ച് എന്ത് പ്രതികരിക്കാനാണ്. പ്രകാശ് ബാബു സൂം മീറ്റിങ്ങിൽ പങ്കെടുത്തതിൻെറ തെളിവു കൊണ്ടുവരട്ടെയെന്നും പി.രാജീവ് പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതൽ വിശദീകരിക്കാം.രേഖകൾ കെൽട്രോൺ പുറത്തുവിട്ടിട്ടുണ്ട്.പദ്ധതിയിൽ സർക്കാർ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.പുറത്തുവന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമായ പ്രചാരണമാണ്.ടെൻഡറിൽ ആക്ഷേപമുണ്ടെങ്കിൽ കോടതിയിൽ പോകണ്ടേ?” പി.രാജീവ് ചോദിച്ചു.
സംസ്ഥാന കമ്മിറ്റിയിൽ ക്യാമറാ വിവാദത്തിൽ ചർച്ചയോ പരാമർശമോ ഉണ്ടായാൽ മുഖ്യമന്ത്രി പ്രതികരിച്ചേക്കും. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന വാദത്തിലാകും മുഖ്യമന്ത്രിയുടെ ഊന്നൽ. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ശോഭകെടുത്താന്‍ പ്രതിപക്ഷം കൊണ്ടുവന്ന വ്യാജ ആരോപണം എന്ന നിലയ്ക്കാണ് മുഖ്യമന്ത്രി ആരോപണത്തെ നേരിടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.