എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത്. തീയിട്ട ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്നാണ് പ്രതിയുടെ മൊഴി.
കേരളം ഒന്നടങ്കം ഞെട്ടിയ സംഭവശേഷം റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നെന്നും ഇയാൾ പറഞ്ഞു. കണ്ണൂരിലെത്തിയ പ്രതി അവിടെനിന്ന് ട്രെയിൻ മാർഗവും മറ്റ് വാഹനങ്ങളിൽ കയറിയും മഹാരാഷ്‌ട്രയിൽ എത്തുകയായിരുന്നെന്നാണ് സൂചന. ഡൽഹി ഷഹീൻബാഗിൽ നിന്ന് മാർച്ച് 31ന് കാണാതായ യുവാവ് തന്നെയാണ് തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ പിടിയിലായതെന്നും റിപ്പോർട്ടുണ്ട്.
അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘ കുബുദ്ധി’ കൊണ്ടെന്നാണ് പ്രതിയുടെ മറുപടി. ഇയാളുടെ ഈ മൊഴി മുഖവിലക്കെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പുലർച്ചയോടെയാണ് രത്നഗിരിയിലേക്ക് പോയത്. ജനറൽ കമ്പർട്ട്മെന്റിൽ യാത്ര ചെയ്തത് ടിക്കറ്റ് എടുക്കാതെയാണ്. കേരളത്തിൽ എത്തുന്നത് ആദ്യമായാണെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. അക്രമം നടത്തിയ ട്രെയിനിൽ തന്നെയാണ് രക്ഷപ്പെട്ടതെന്ന മൊഴി ഗുരുതരമായ കാര്യമാണ്. പൊലീസ് ഇയാൾക്കായി പരിശോധന നടത്തുമ്പോഴെല്ലാം ട്രെയിനിലും റെയിൽവേസ്റ്റേഷനിലുമായി ഇയാൾ ഉണ്ടായിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു.
മഹാരാഷ്ട്രയിൽ നിന്ന് പ്രതിയെ മഹാരാഷ്ട്ര എ ടി എസ് ആണ് പിടികൂടിയത്. കേന്ദ്ര ഇന്റലിജൻസ് പ്രതിയെക്കുറിച്ച് എ ടി എസിന് വിവരം നൽകുകയായിരുന്നു. രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഷാരൂഖിനെ പിടികൂടിയത്. ട്രെയിൻ മാർഗമാണ് ഇയാൾ ഇവിടെയെത്തിയത്. ഇയാൾ രത്‌നഗിരിയിലെ സിവിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രതിയുടെ മുഖത്തും മറ്റും പൊള്ളലേറ്റ പാടുകളും മുറിവുമുണ്ട്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ എ ടി എസ് സംഘം പിടികൂടുകയായിരുന്നു. അജ്‌മീറിലേയ്ക്ക് കടക്കാനായിരുന്നു ശ്രമമെന്ന് ഷാരൂഖ് മൊഴി നൽകിയതായാണ് വിവരം.
എലത്തൂര്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫി റിമാന്റില്‍. പ്രതി ആശുപത്രിയില്‍ തന്നെതുടരും. ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഈ മാസം 20 വരെയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം കേസിൽ യുഎപിഎ ചുമത്തിയേക്കും. സെക്ഷൻ 15, 16 എന്നിവയാണ് ചുമത്തുക.
ഇന്നലെ കോഴിക്കോട്ടെത്തിച്ച പ്രതിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശരീരത്തിലേറ്റ പരുക്കുകൾക്ക് ചികിത്സ ആവശ്യമുണ്ടെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷാറുഖിന്റെ ശരീരത്തിലെ പൊള്ളല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്നും മറ്റു പരുക്കുകള്‍ ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ പറ്റിയതാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്നായിരുന്നു വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. അതേസമയം ഷാറൂഖിന്‍റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് യോഗം ചേര്‍ന്നു. മെഡിക്കൽ ബോർഡ് നിർദ്ദേശ പ്രകാരം പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റാന്‍ തീരുമാനമായി.
കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ് വി മനേഷ് മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. കമ്മീഷണർ രാജ്പാൽ മീണ, എസിപി കെ.സുദർശൻ എന്നിവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.