ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. 'മോണ്ടി തേസ്ഡെ' എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന് തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്.
കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ രാവിലെയാണ് നടക്കുന്നത്. പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകുന്നേരം നടക്കും.
പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഈ ദിവസം ഓരോ ഇടവകയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല് കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.
അതിന് ശേഷം വിശുദ്ധ കുര്‍ബാന വളരെ വിപുലമായി നടത്തും. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.
തിരുവത്താഴത്തിന്റെ ഓര്‍മ്മകളില്‍
യേശു ജറുസലെമിലേക്കു യാത്രയായി. യേശുവിനെ ബഹുമാനിക്കാന്‍ ജനങ്ങള്‍ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചു. വയലില്‍ നിന്നും പച്ചിലക്കൊമ്പുകള് മുറിച്ചു നിരത്തി. അവന്‍െറ മുമ്പിലും പിമ്പിലും നിന്നിരുന്നവര്‍ വിളിച്ചു പറഞ്ഞു - ഹോസാന, കര്‍ത്താവിന്‍െറ നാമത്തില്‍ വരുന്നവന്. അനുഗൃഹീതന്‍! അത്യുന്നതങ്ങളില്‍ ഹോസാന! (മര്‍ക്കോ 11: 1-10)
പെസഹാ ദിനത്തില്‍ യേശു ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിനിരുന്നു. യേശു അരുളി ചെയ്തു: ''ദൈവരാജ്യം വരുന്നതുവരെ ഇനി ഞാന്‍ പെസഹാ ഭക്ഷിക്കുകയില്ല"
തുടര്‍ന്ന് യേശു അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ചൊല്ലി അപ്പം മുറിച്ച് ശിഷ്യന്മാര്ക്കു നല്കി. യേശു പറഞ്ഞു: ''വാങ്ങി ഭക്ഷിക്കുവിന്‍. ഇതു നിങ്ങള്‍ക്കു വേണ്ടി അര്‍പ്പിക്കപ്പെടുന്ന എന്‍െറ ശരീരമാകുന്നു...'' (ലൂക്കാ 22: 7-20)
ക്രൈസ്തവരുടെ വിശുദ്ധവും ത്യാഗനിര്‍ഭരവുമായ ആഘോഷമാണ് പെസഹ. ക്രിസ്തുവിന്‍െറ അവസാനത്തെ അത്താഴ ദിനത്തിന്‍െറ പുണ്യസ്മരണ ലോകമാകമാനമുള്ള ക്രിസ്തുമതവിശ്വാസികള് ഈ ദിവസത്തില്‍ പുതുക്കുന്നു.
മരണദൂതനില്‍ നിന്നും ഈജിപ്തിലുണ്ടായിരുന്ന ഇസ്രയേല്‍ ജനതയുടെ കടിഞ്ഞൂല്‍ പുത്രന്മാരെ ദൈവം രക്ഷിച്ചതിന്‍െറ ആദരസൂചകമായാണ് പെസഹ ആചരിക്കാന്‍ തുടങ്ങിയതെന്നു പഴയനിയമത്തില്‍ പറയുന്നു. അന്നുമുതല്‍ കടിഞ്ഞൂല്‍ പുത്രന്മാരുടെ പേരില്‍ ഇസ്രയേല്‍ ജനത ദൈവത്തിനും കാഴ്ച അര്‍പ്പിക്കാന്‍ തുടങ്ങി.
അത്താഴത്തിനു ശേഷം പാനപാത്രം എടുത്ത് അദ്ദേഹം ശിഷ്യന്മാര്ക്കു നല്കി. ക്രിസ്തു അരുള്‍ ചെയ്തു: ''വാങ്ങി ഇതില്‍ നിന്നും കുടിക്കുവിന്‍. ഇത് എൻ്റെ രക്തമാകുന്നു. പുതിയതും ശാശ്വതവുമായ ഉടമ്പടിയുടെ രക്തം. നിങ്ങള്‍ക്കും എല്ലാവര്ക്കും വേണ്ടി പാപമോചനത്തിനായി ചിന്തപ്പെടാനിരിക്കുന്ന രക്തം'' (ലൂക്കാ 22: 7-20)
അത്താഴ സമയത്ത് യേശു എഴുന്നേറ്റ് മേലങ്കി മാറ്റി, അരയില്‍ തൂവാല കെട്ടി ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി. പത്രോസ് എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
'' നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ മാതൃക തന്നിരിക്കുന്നു. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം” - യേശു ശിഷ്യന്മാരുടെ കാല്‍കഴുകിയ ചടങ്ങിനെ അനുസ്മരിച്ച് ഇപ്പോഴും പള്ളികളില്‍ പെസഹാ വ്യാഴത്തിന് കാല് കഴുകി ശുശ്രൂഷ നടത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.