കോട്ടയം: ജോസ് കെ മാണിയുടെ മകൻ മണിമലയിലുണ്ടാക്കിയ വാഹനാപകട കേസിൽ ആദ്യം നടന്നത് അട്ടിമറി. എഫ് ഐ ആറിൽ ആദ്യം ഡ്രൈവറുടെ പ്രായമായി നൽകിയത് 45 വയസ്സ്. പിന്നീട് പൊലീസ് അത് തിരുത്തി. ജോസ് കെ മാണിയുടെ മകൻ സ്‌റ്റേഷൻ ജാമ്യം എടുക്കുകയും ചെയ്തു. വാഹനാപകടത്തിൽ കോട്ടയം മണിമലയിലാണ് യുവാക്കൾ ദാരുണമായി മരിച്ചത്. സ്‌കൂട്ടർ യാത്രക്കാരായ മണിമല പതാലിപ്‌ളാവ് കുന്നുംപുറത്ത് താഴെ യോഹന്നാൻ മാത്യുവിന്റെ മകൻ ജിൻസ് ജോൺ, സഹോദരൻ ജിസ് എന്നിവരാണ് മരിച്ചത്.
അപകടത്തിന് കാരണമായ ഇന്നോവ ഓടിച്ചിരുന്നത് കേരളാ കോൺഗ്രസ് നേതാവായ ജോസ് കെ മാണിയുടെ മകനാണ്. 19കാരനായ കെഎം മാണി ജൂനിയർ എന്ന് അറിയപ്പെടുന്ന കൊച്ചു മാണിയാണ് ഇന്നോവ ഓട്ടിച്ചിരുന്നത്. കെഎൽ 7 സിസി 1711 എന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്നാണ് എഫ് ഐ ആർ. ആദ്യ എഫ് ഐ ആറിൽ വാഹന നമ്പർ ശരിയായി കൊടുത്ത പൊലീസ് ഡ്രൈവറുടെ പ്രായമായി കാണിച്ചിരിക്കുന്നത് നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു. അതായത് 19കാരൻ ഓടിച്ച വാഹനം അപകടമുണ്ടാക്കിയപ്പോൾ എഫ് ഐ ആറിലെ കുറ്റാരോപിതൻ 45കാരനാകുന്നു. എന്നാൽ പിന്നീട് എഫ് ഐ ആറിൽ തിരുത്തലുകൾ വരുത്തി.
അപകടത്തെ കുറിച്ച് വസ്തുതാപരമായി തന്നെ എഫ് ഐ ആറിൽ വിശദീകരിക്കുന്നു. മൂവാറ്റുപുഴ പുനലൂർ റോഡിൽ മണിമല ഭാഗത്ത് നിന്നും കരിക്കാട്ടൂർ ഭാഗത്തേക്ക് ഓടിച്ച് പോയ ഇന്നോവാ കാറിന്റെ ഭാഗത്താണ് തെറ്റെന്ന് എഫ് ഐ ആർ പറയുന്നു. ഉദാസീനമായും മനുഷ്യ ജീവന് അപകടം വരത്തക്കവിധം ഓടിച്ചെന്നും വിശദീകരിക്കുന്നു. എട്ടാം തീയതി വൈകിട്ട് ആറുമണിക്കാണ് അപകടമെന്നും പറയുന്നു. ബി എസ് എൻ എൽ ഓഫീസിന് മുൻ വശത്ത് പെട്ടെന്ന് കാർ ബ്രേക്കിട്ടെന്നും തുടർന്ന് കാറിന് പുറകെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നും എഫ് ഐ ആർ പറയുന്നു. അതായത് പ്രതിക്കെതിരെ നരഹത്യാകുറ്റം നിലനിൽക്കും വിധമാണ് ചാർജ്ജ്.
പക്ഷേ അതിന് അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തുന്നില്ല. ഐപിസിയിലെ 279, 337, 338 വകുപ്പുകളാണ് ചുമത്തിയത്. എല്ലാം സ്‌റ്റേഷൻ ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ്. സ്‌കൂട്ടർ ഓടിച്ചിരുന്ന ജിൻസും പുറകിലിരുന്ന് യാത്ര ചെയ്ത ജിസും റോഡിൽ തെറിച്ചു വീണ് പരിക്കേറ്റെന്നാണ് എഫ് ഐ ആർ. പിന്നീട് രണ്ടു പേരും മരിച്ചു. പൊലീസിനെ അപകടത്തിൽ മരിച്ചവരുടെ അച്ഛന്റെ ചേട്ടനാണ് അപകട വിവരം അറിയിച്ചതെന്നും എഫ് ഐ ആറിൽ വ്യക്തമാണ്. ജിൻസിന് ഇരുപത്തിയഞ്ചും ജിസിന് 28ഉം വയസ്സുണ്ടെന്നും എഫ് ഐ ആർ പറയുന്നു. മണിമല പതാലിപ്‌ളാവ് കുന്നുംപുറത്ത് താഴെ യോഹന്നാൻ മാത്യുവിന്റെയും സിസമ്മയുടേയും മക്കളാണ് മരിച്ച ജിൻസ് ജോണും ജിസും. അങ്ങനെ ഈ കുടുംബത്തിന് രണ്ട് ആശ്രയങ്ങളാണ് നഷ്ടമാകുന്നത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലിയാണ് ഇവർ ചെയ്തിരുന്നത്.
ശനിയാഴ്ച വൈകിട്ട് കറിക്കാട്ടൂരിനും മണിമലയ്ക്കുമിടയ്ക്കാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ മണിമല ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. എതിർ വശത്തു കൂടെ പോയ ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടർന്ന് വട്ടം തിരിയുകയായിരുന്നു. ഇങ്ങനെ വട്ടം തിരിഞ്ഞ കാറിന് മുമ്പിൽ സഹോദരങ്ങൾ യാത്ര ചെയ്ത സ്‌കൂട്ടർ പെടുകയായിരുന്നു. അങ്ങനെയാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ ഇന്നവോ കാർ അപ്രതീക്ഷിതമായാണ് ബ്രേക്ക് ചവിട്ടിയത്. ഇതിന്റെ കാരണവും അവ്യക്തമാണ്. വളവുള്ളിടത്തല്ല അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ജിൻസ് അർദ്ധരാത്രിയിലും, ജിസ് പുലർച്ചെയുമാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇതിൽ ആരാണ് ഇന്നോവ ഓട്ടിച്ചതെന്ന് വ്യക്തമാണ്. അമിത വേഗതയാണ് അപകടത്തിന് കാരണം. ഇതോടെയാണ് എഫ് ഐ ആറിലെ പ്രതിയുടെ പ്രായത്തിൽ അടക്കം മാറ്റം വരുത്തിയത്. ഭാവിയിൽ വിവാദങ്ങൾ ഒഴിവാക്കാൻ കൂടിയാണ് ഇത്.
കെഎൽ 07 സിസി 1717 കാർ കെഎം മാണിയുടെ കുടുംബത്തിന്റേതാണ്. ഇത് കോട്ടയത്ത് എല്ലാവർക്കും അറിയാവുന്നതുമാണ്. സേവിയർ മാത്യുവിന്റെ പേരിലെ കാർ. കെ എം മാണിയുടെ മകളുടെ ഭർത്താവാണ് സേവിയർ മാത്യു. ജോസ് കെ മാണിയുടെ മകളുടെ വീട് മണിമലയിലാണ്. ജോസ് കെ മാണിയുടെ മകൻ സഹോദരിയുടെ വീട്ടിലേക്ക് പോകും വഴിയാണ് ഈസ്റ്റർ തലേന്ന് അപകടമുണ്ടാക്കിയതെന്നാണ് സൂചന. ബംഗ്ലൂരിൽ എംബിഎ വിദ്യാർത്ഥിയാണ് 19കാരനായ കൊച്ചു മാണിയെന്ന ജോസ് കെ മാണിയുടെ മകൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.