കൊച്ചി: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടപ്പോൽ കൂട്ടുപ്രതിയായിരുന്ന വഫ ഫിറോസിന് ആശ്വാസം.
രണ്ടാം പ്രതിയായിരുന്ന വഫയെ കേസിൽ നിന്നൊഴിവാക്കി. വാഹനമോടിച്ചത് ശ്രീറാമാണെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അവരെ പൂർണമായി ഒഴിവാക്കിയത്. ശ്രീറാമിനെതിരെ നരഹത്യാ കുറ്റം നിലനിൽക്കില്ലെന്ന സെഷൻസ് കോടതി ഉത്തരവും ഹൈക്കോടതി റദ്ദാക്കി. സെഷൻസ് കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്.
സെഷൻ കോടതിയുത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വാഹനമോടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
കേസിൽ നിന്നൊഴിവാക്കണമെന്ന് വഫ ഹർജി നൽകിയിരുന്നു. വഫക്കെതിരെ പ്രേരണാകുറ്റമായിരുന്നു നേരത്തെ പൊലീസ് ചുമത്തിയിരുന്നത്. ഇത് നിലനിൽക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ശ്രീറാമിൽ നിന്നും നരഹത്യാ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവ് റദാക്കുക, നരഹത്യ കുറ്റം ചുമത്തിയുള്ള കുറ്റവിചാരണക്ക് ഉത്തരവിടുക എന്നിവയായിരുന്നു സെഷൻ കോടതി വിധിക്കെതിരായ സർക്കാരിന്റെ അപ്പീലിലെ അവശ്യം.
സർക്കാറിനും ഹൈക്കോടതി വിധി ഏറെ ആശ്വാസമായി. ശ്രീറാമിനെ സർവീസിൽ തിരച്ചെടുത്തതും ആരോഗ്യവകുപ്പിൽ സുപ്രധാന ചുമതല നൽകിയതും ഏറെ വിമർശനവിധേയമായിരുന്നു.
സെഷൻസ് കോടതി വിധിയെ തുടർന്നും സർക്കാർ വിമർശിക്കപ്പെട്ടു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.