ന്യൂഡൽഹി: പ്രതിപക്ഷ ഐക്യം ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് അനിവാര്യമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2024 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം.
രാഷ്ട്രീയ കൂട്ടുകെട്ട് സംസ്ഥാന സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. പ്രതിപക്ഷ കൂട്ടായ്മയുടെ കൺവീനർ സ്ഥാനം നിതീഷ് കുമാറിന് നൽകാൻ കോൺഗ്രസ് ആലോചിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം.
യുപിഎ അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടർന്നുകൊണ്ട് കൺവീനർ സ്ഥാനം നിതീഷിന് നൽകാനാണ് ആലോചന. കൺവീനർ സ്ഥാനത്തേക്ക് എത്തുന്നതിന് മുമ്പായി വിവിധ പാർട്ടി നേതാക്കളെ കാണാനാണ് നിതീഷ് കുമാറിന്റെ തീരുമാനം.
ബുധനാഴ്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വിവിധ പ്രതിപക്ഷ നേതാക്കളുടെ നിർണായക കൂടിക്കാഴ്ചയിൽ നിതീഷ് കുമാർ പങ്കെടുത്തിരുന്നു. രാജ്യത്ത് കൂടുതൽ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുമെന്നും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു.
ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്, ജെഡിയു അദ്ധ്യക്ഷൻ രാജീവ് രഞ്ജൻ സിങ്ങ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷ സഖ്യം രാജ്യത്തിന് പുതിയ ദിശാബോധം നൽകുമെന്ന് യോഗത്തിന് ശേഷം ഖാർഗെ പറഞ്ഞു.
പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ ചുവടുവെപ്പ് എന്നാണ് രാഹുൽ ഗാന്ധി യോഗത്തെ വിശേഷിപ്പിച്ചത്. പ്രതിപക്ഷ സഖ്യം ഒരുമിച്ച് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഖാർഗെ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിനുള്ള ആദ്യ ഔപചാരിക ശ്രമമാണ് ബുധനാഴ്ച നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും ഫോൺ മുഖേന ചർച്ച നടത്തിയിരുന്നു. വരും ദിവസങ്ങളിൽ വിവിധ പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഖാർഗെ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.