ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിൽ വിവാഹ സമ്മാനമായ ഹോം തിയറ്റർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. നവവരനും ഇയാളുടെ ജ്യേഷ്ഠനുമാണ് മരിച്ചത്. സ്ഫോടനത്തിൽ കുടുംബത്തിലെ ഒന്നര വയസ്സുള്ള കുട്ടിയടക്കം 4 പേർക്ക് പരിക്കേറ്റു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രംഗഖർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തിങ്കളാഴ്ചയാണ് സ്ഫോടനം നടന്നതെന്നും സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഹോം തിയേറ്റർ സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേൽക്കൂരയും പൂർണമായി തകർന്നു. മരിച്ച ഹേമേന്ദ്ര മെരാവി(22) ഏപ്രിൽ ഒന്നിനാണ് വിവാഹിതനായത്.
തിങ്കളാഴ്ച ഹേമേന്ദ്ര തന്റെ കുടുംബാംഗങ്ങൾക്കൊപ്പം വീടിന്റെ മുറിക്കുള്ളിൽ വിവാഹ സമ്മാനങ്ങൾ അഴിക്കുകയായിരുന്നുവെന്ന് കബീർധാം അഡീഷണൽ പൊലീസ് സൂപ്രണ്ട് മനീഷ താക്കൂർ പറഞ്ഞു. ഇതിനിടെ സമ്മാനമായി ലഭിച്ച ഹോം തിയേറ്റർ ഓൺ ചെയ്തതതും വൻ സ്‌ഫോടനമുണ്ടായി. മെരാവി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയിലിരിക്കെ ഇയാളുടെ സഹോദരൻ രാജ്കുമാറും(30) മരണപ്പെട്ടു. പരിക്കേറ്റവർ കവരദയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും മനീഷ താക്കൂർ അറിയിച്ചു.
വിവരമറിഞ്ഞ് ഉടൻ തന്നെ ഫോറൻസിക് വിദഗ്ധരും പൊലീസ് സംഘവും സ്ഥലത്തെത്തി. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് പറഞ്ഞു. റായ്പൂരിൽ നിന്ന് 200 കിലോമീറ്റർ അകലെ ഛത്തീസ്ഗഡ്-മധ്യപ്രദേശ് അതിർത്തിയിൽ മാവോയിസ്റ്റ് ബാധിത പ്രദേശത്താണ് ഈ പ്രദേശം വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.