തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കള്‍ പ്രതിയായ പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറായി. അഞ്ച് എസ്എഫ്ഐ നേതാക്കളും ഒരു സിവില്‍ പൊലീസ് ഓഫിസറും പ്രതിപ്പട്ടികയിലുണ്ട്. മൂന്ന് പിഎസ്സി ഇന്‍വിജിലേറ്റര്‍മാരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.
തട്ടിപ്പ് നടന്ന് നാലര വര്‍ഷം കഴിയുമ്പോഴാണ് ഈ മാസം അവസാനത്തോടെ കുറ്റപത്രം നല്കാന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. 2019 അവസാനം ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും മൂന്നര വര്‍ഷത്തോളം നടപടികളെല്ലാം പൂഴ്ത്തി വയ്ക്കപ്പെട്ടു. ഇതോടെ പ്രതികളെല്ലാം ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് കുറ്റപത്രം ഒരുങ്ങുന്നത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ സഹപാഠിയെ കുത്തിയ എസ്എഫ്ഐ നേതാക്കളാണ് ശിവരഞ്ജിത്തും നസീമും പ്രണവും. മൂവരും 2018 ജൂലായില്‍ നടന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ ഒന്നും രണ്ടും 28ഉം റാങ്ക് നേടിയിരുന്നു. കൃത്യമായി ക്ലാസില്‍ പോലും കയറാത്ത പ്രതികളുടെ റാങ്ക് നേട്ടത്തേക്കുറിച്ചുള്ള അന്വേഷണമാണ് പിഎസ്സി പരീക്ഷാ തട്ടിപ്പിലേക്കു വിരല്‍ ചൂണ്ടിയത്. കോപ്പിയടിച്ചാണ് മൂവരും ഉന്നത റാങ്ക് നേടിയതെന്ന് സ്ഥിരീകരിച്ചു.
എസ്എഫ്ഐ പ്രാദേശിക നേതാക്കളായ ശിവരഞ്ജിത്, പ്രണവ്, നസീം, സഫീര്‍, പ്രവീണ്‍ എന്നിവരും പേരൂര്‍ക്കട ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന ഗോകുലുമാണ് പ്രതികള്‍. ഗുഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഐടി ആക്ട് എന്നിവയാണ് കുറ്റങ്ങള്‍. ശിവരഞ്ജിത്തും പ്രണവും നസീമും പരീക്ഷാഹാളിലിരുന്ന് സ്മാര്‍ട് വാച്ചിലെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ചോദ്യപേപ്പര്‍ സ്കാന്‍ ചെയ്ത് അയച്ചു. സഫീര്‍, ഗോകുല്‍, പ്രവീണ്‍ എന്നിവര്‍ ഗൂഗിളില്‍ നോക്കി ഉത്തരം കണ്ടെത്തി തിരിച്ചും നല്‍കിയെന്നാണു കണ്ടെത്തല്‍.
പരീക്ഷാ മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിനു മൂന്ന് ഇന്‍വിജിലേറ്റര്‍മാരെ പ്രതിചേര്‍ത്തെങ്കിലും കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന വിലയിരുത്തലില്‍ ഒഴിവാക്കി. ഗോകുലിനെ സഹായിച്ച മൂന്ന് പൊലീസുകാര്‍ക്കെതിരെ വേറൊരു കേസെടുക്കാന്‍ തീരുമാനിച്ചതും വേണ്ടന്നു വച്ചു. ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.