എറണാകുളം: കൊച്ചി കോർപ്പറേഷൻ ഓഫിസിൽ സംഘർഷം. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ചേരാനിരിക്കെയായിരുന്നു സംഘർഷമുണ്ടായത്.
കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ മേയർ എം. അനിൽ കുമാർ കോർപ്പറേഷൻ ഓഫിസിൽ എത്തിയതോടെ പ്രതിപക്ഷ കൗൺസിലർമാർ തടയുകയായിരുന്നു. ഇവരിൽ നിന്നും പൊലീസ് ബലപ്രയോഗത്തിലൂടെയായിരുന്നു മേയറെ അകത്തേക്ക് കടത്തി വിട്ടത്. ഇതിനിടെയാണ് പ്രതിപക്ഷ കൗൺസിലർമാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. ഇതിനിടെ മൂന്ന് പ്രതിപക്ഷ കൗൺസിലർമാർക്ക് പരിക്കേറ്റു. കോര്‍പ്പറേഷന്‍ ഓഫിസ് യുദ്ധക്കളമായി.
പരിക്കേറ്റ യുഡിഎഫ് കൗൺസിലർമാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും പ്രയാസപ്പെട്ടു. ഇതിനിടെ പ്രതിപക്ഷ കൗൺസിലർമാരില്ലാതെ കോർപ്പറേഷൻ കൗൺസിൽ യോഗം ചേർന്നു. അജണ്ടകൾ പാസാക്കി അരമണിക്കൂറിനകം പിരിയികയും ചെയ്‌തു. തലയ്ക്ക് പരിക്കേറ്റ രണ്ട് കൗൺസിലർമാരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതിപക്ഷ കൗൺസിലർമാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ കോർപ്പറേഷൻ ഓഫിസ് യുദ്ധക്കളമായി മാറി. ഇതിനിടെ മേയർക്ക് പിന്തുണയുമായി സിപിഎം പ്രവർത്തകരും സംഘടിച്ചെത്തിയത് സാഹചര്യം കൂടുതൽ സംഘർഷഭരിതമാക്കി.
അതേസമയം പ്രതിപക്ഷ കൗൺസിലർമാരുടെ തല അടിച്ച് പൊട്ടിക്കുകയായിരുന്നുവെന്നും മേയർ രാജി വെക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. മേയറുടെ സമവായ ചർച്ചയെന്ന ആവശ്യവും അവർ തള്ളി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മേയർ രാജി വെക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
കൗൺസിൽ യോഗത്തിന് ശേഷം പൊലീസ് സംരക്ഷണത്തിൽ മേയർ പുറത്തേക്ക് പോയി. ഇതിനിടയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. അതേസമയം മേയർക്ക് പിന്തുണയുമായി ഭരണപക്ഷ കൗൺസിലർമാരും സിപിഎം പ്രവർത്തകരും നഗരത്തിൽ പ്രകടനം നടത്തി. പ്രതിപക്ഷ കൗൺസിലർമാർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സിറ്റി പൊലീസ് കമ്മീഷണർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.
"പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആക്രമണം അവിച്ചുവിട്ടു": ഈ സമയം പ്രതിപക്ഷ കൗൺസിലർമാർ മേയറുടെ ഓഫിസിന്‍റെ വാതിൽ ചില്ല് അടിച്ച് തകർത്തു. കൗൺസിൽ ഹാൾ ഒഴിവാക്കി മേയറുടെ ഓഫിസിൽ തന്നെയായിരുന്നു യോഗം കൂടിയത്. പ്രതിപക്ഷ കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ആസൂത്രിമായ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് മേയർ എം. അനിൽകുമാർ ആരോപിച്ചു.
കോർപ്പറേഷൻ ഓഫിസിലേക്ക് കടക്കാൻ പോലും അനുവദിക്കാത്ത രീതിയിലായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. തന്‍റെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുകയാണ്. സമാധാനപരമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. സമവായ ചർച്ചയ്ക്ക് തയ്യാറാണെന്നും മേയര്‍ പറഞ്ഞു.
ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്‍റിന് തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് മേയര്‍ എം അനില്‍ കുമാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊച്ചിയില്‍ വലിയ രീതിയില്‍ പ്രതിഷേധം നടത്തുകയാണ്. വിഷപ്പുകയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് വലിയ ഭീതിയാണ് ഉള്ളത്. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട കരാറുകളിലെ അഴിമതിയാണ് ഇത്തരത്തിലുള്ള ഒരു സ്ഥിതി വിശേഷത്തിലേക്ക് നയിച്ചത് എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ബ്രഹ്‌മപുരം തീപിടുത്തതെ തുടര്‍ന്ന് കാണാന്‍ സാധിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.
തീപിടിത്തത്തിൽ എറണാകുളം കളക്ടറെ ഹൈക്കോടതി വിമര്‍ശിക്കുകയുണ്ടായി. ബ്രഹ്മപുരം വിഷയം പരിഗണിച്ച സമയത്ത് കോടതിയില്‍ എത്താത്തതിനാണ് വിമര്‍ശനം. ഇത് കുട്ടിക്കളിയല്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തന ശേഷി മോശമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.