തിരുവനന്തപുരം ;അഴിയൂരില്‍ പതിമൂന്നുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് ക്യാരിയറായി ചിത്രീകരിച്ച് സംപ്രേഷണംചെയ്ത വാര്‍ത്താപരമ്പരയുടെ വീഡിയോ ക്ലിപ്പിങ്ങുകള്‍ ഹാജരാക്കാന്‍ ഏഷ്യാനെറ്റ് ന്യൂസിന് പൊലീസ് നോട്ടീസ് നല്‍കി. വടകരയ്ക്ക് അടുത്ത് നടന്ന സംഭവം വാര്‍ത്തയാക്കിയ കോഴിക്കോട് ബ്യൂറോ ചീഫ്, ക്യാമറാമാന്‍ എന്നിവരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഏഷ്യാനെറ്റിലെ മുന്‍ ന്യൂസ് എഡിറ്റര്‍ ജിമ്മി ജെയിംസ്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഏഷ്യാനെറ്റിന് ഒരു പണി കൂടി വരുന്നു….
ഇത്തവണയും ലഹരി മരുന്നും, പെൺകുട്ടിയെ ക്യാരിയറായി ഉപയോഗിച്ചതുമൊക്കെയാണ് പശ്ചാത്തലം. വടകരയ്ക്ക് അടുത്ത് നടന്ന സംഭവം വാർത്തയാക്കിയ കോഴിക്കോട് ബ്യൂറോ ചീഫ്, ക്യാമറാമാൻ എന്നിവരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. ഏഷ്യാനെറ്റ് ന്യൂസ് എൻറെ ജീവിതം തകർത്തെന്ന ആരോപണ വിധേയൻറെ പ്രതികരണവുമായി ദേശാഭിമാനിയും സൈബർ സഖാക്കളും നേരത്തെ ആഞ്ഞടിച്ചിരുന്നു. ഇതേവാദം മുഖ്യമന്ത്രി നിയമസഭയിലും ഉന്നയിച്ചു. ഇപ്പോൾ പൊലീസ് കേസിലേക്ക് കാര്യങ്ങളെത്തുന്നു.
പക്ഷെ ഒരു പ്രശ്നമുണ്ട്. പെൺകുട്ടിയുടെ ആരോപണവും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്. അതെങ്ങനെ കുറ്റമാകും? ഇനി പൊലീസ് അന്വേഷണം തീരുന്നത് വരെ പ്രസദ്ധീകരിക്കാൻ പാടില്ല എന്നോ മറ്റോ ആണ് നിലപാടെങ്കിൽ ഇതേ വാർത്ത ദേശാഭിമാനിയും പ്രസിദ്ധീകരിച്ചതാണ്. മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ചതാണ്. ദ് ഹിന്ദു പ്രസിദ്ധീകരിച്ചതാണ്. ദേശാഭിമാനിയാണെങ്കിൽ ഇതുകേട്ട് ഞെട്ടിയെന്ന മട്ടിലുള്ള ജനാധിപത്യ മഹിളാ അസോസിയേഷൻറെ പ്രസ്താവനയും വിശദമായി അന്വേഷിക്കുമെന്ന എക്സൈസ് മന്ത്രിയുടെ ഉറപ്പും അടക്കം വലിയ പ്രാധാന്യത്തോടെയാണ് വാർത്ത നൽകിയത്. ഏന്തേ അവരെയൊന്നും ചോദ്യം ചെയ്യണ്ടേ?
ഒരു മാധ്യമസ്ഥാപനത്തിന് എതിരെയുള്ള സർക്കാരിൻറെ യുദ്ധപ്രഖ്യാപനമാണ് ഇത്. ഇതുപോലെ ഒരു സംഭവത്തിൽ ചില മാധ്യമപ്രവർത്തകരെ മാത്രം തിരഞ്ഞുപിടിച്ച് നോട്ടീസ് നൽകുന്നത് കേരളത്തിലെ ആദ്യ സംഭവമായിരിക്കണം. ശത്രുവിനെ പ്രഖ്യാപിച്ചാൽ തല്ലിക്കൊല്ലണമെന്ന് ലെനിനോ കാൾമാർക്സോ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ പാർട്ടിക്ക് അത് ശ്രമിച്ചുനോക്കാവുന്നതാണ്. പക്ഷെ ഒരു സർക്കാരിന് അത് ചെയ്യാനാവില്ല.
—–ഏഷ്യാനെറ്റിന് എതിരായ ആദ്യ കേസിൽ പ്രതികരിച്ചവർ ഈ സംഭവം അറിഞ്ഞിട്ടില്ലെങ്കിൽ ഇത് ഒരു അറിയിപ്പായി കരുതണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.