കോര്‍ക്ക് : അടുത്ത തിരഞ്ഞെടുപ്പോടെ അയര്‍ലണ്ടില്‍ ഒരു ഇടതുപക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പോടെ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു.കോര്‍ക്കില്‍ നടക്കുന്ന ലേബര്‍ പാര്‍ട്ടി ദേശിയ സമ്മേളനത്തിലെ മുഖ്യ അജന്‍ഡയും ഭാവിയിലെ ഇടത് ഭരണമാണ്.ഗ്രീന്‍ പാര്‍ട്ടിയെയും,സോഷ്യല്‍ ഡെമോക്രാറ്റുകളെയും , സോളിഡാരിറ്റി-പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് പോലെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുമിപ്പിച്ച് ഇലക്ഷന് നേരിടാനുള്ള തന്ത്രങ്ങളാണ് ലേബറിനുള്ളത്.
വരദ്കര്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷനേതൃത്വത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ടായിരിക്കും ഇടതുപക്ഷ മുന്നേറ്റത്തിന്റെ തുടക്കം . ലേബര്‍ പാര്‍ട്ടിയുടെ ലീഡര്‍ ഇവാന ബാസികാണ് കുറ്റാരോപണങ്ങളുടെ നീണ്ട പട്ടികകളുമായി അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് . പ്രതിപക്ഷത്തിന്റെ പ്രകടന പത്രികയെന്ന നിലയിലാണ് ടി ഡി പ്രമേയം അവതരിപ്പിച്ചത്. ഓരോ മേഖലയിലെയും വീഴ്ചകള്‍ എടുത്തു പറഞ്ഞ് സര്‍ക്കാരിനെ കടന്നാക്രമിക്കുകയായിരുന്നു ലേബര്‍ ടി ഡി .ഭവന പ്രതിസന്ധിയുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തികഞ്ഞ പരാജയമാണ് സര്‍ക്കാരെന്ന് ആരോപിച്ച ലേബര്‍ ടി ഡി പ്രമേയത്തിലുടനീളം സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ടു.
സോഷ്യല്‍ ഡെമോക്രാറ്റിക് കാഴ്ചപ്പാട് നടപ്പാക്കുന്നതിന് എസ് ഡി എല്‍ പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന സൂചനയും ടി ഡി നല്കി.’എല്ലാവരുടേയും അയര്‍ലണ്ട്’ കെട്ടിപ്പടുക്കാന്‍ ലേബര്‍ പാര്‍ട്ടിക്കൊപ്പം അണിചേരണമെന്ന ആഹ്വാനവും അവര്‍ നടത്തി. ഭവനരംഗത്ത് വേണ്ടത് വിപ്ലവം ഭവന രംഗത്തെ കുട്ടിച്ചോറാക്കിയതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമെന്ന് ലേബര്‍ നേതാവ് ഇവാന ബാസിക് പറഞ്ഞു.12000ഓളം പേര് എമര്‍ന്‍സി അക്കൊമൊഡേഷന്‍ തേടുന്നത് ഇതിന് തെളിവാണ്. ഇത് സര്‍വ്വകാല റെക്കോഡാണ്. ഭവനരഹിതര്‍ക്ക് വീടു നല്കുന്നതില് ഘടനാപരമായ വിപ്ലവമുണ്ടാകണമെന്ന് ടി ഡി പറഞ്ഞു.
ഭവനരംഗത്ത് സര്‍ക്കാര്‍ നിക്ഷേപം തീര്‍ത്തും കുറവാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.വാടകക്കാരെ കുടിയൊഴിപ്പിക്കുന്നതിന് കൊണ്ടുവന്ന നിരോധനം നീട്ടണമെന്ന് ടി ഡി ആവശ്യപ്പെട്ടു.റെന്റ് ഇന്‍-സിറ്റു സ്കീം വേഗത്തിലാക്കണം. സര്‍ക്കാര്‍ ഭൂമിയില്‍ കൂടുതല്‍ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുണ്ടാകണം.പ്രൈവറ്റ് റെന്റല്‍ കാസിനോ ഗെയിമിലേക്ക് സര്‍ക്കാര്‍ തലമുറയെ വിട്ടുകൊടുത്തിരിക്കുകയാണ്. ഭവനം ഭരണഘനാപരമായ അവകാശമാക്കും… പ്രതിവര്‍ഷം ഒരു മില്യണ്‍ വീടുകള്‍ പാര്‍പ്പിടത്തിനുള്ള അവകാശം ഭരണഘടനാപരമാക്കുമെന്നും അവര്‍ പറഞ്ഞു.വള്‍ച്ചര്‍ ഫണ്ടുകളെയും ബാങ്കുകളേയും അകറ്റിനിര്‍ത്തുമെന്നും ടി ഡി പറഞ്ഞു.10 വര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ വീടുകളാണ് ലക്ഷ്യം. പ്രതിവര്‍ഷം 50,000 പുതിയ വീടുകളും 50,000 നവീകരിച്ച വീടുകളും നല്‍കുമെന്നും ബാസിക് പറഞ്ഞു.
അസമത്വം വളര്‍ത്തുന്നു ഫിന ഫാളും ഫിനഗേലും അയര്‍ലണ്ടിലാകെ അസമത്വം വളര്‍ത്തുകയാണെന്ന് അവര്‍ ആരോപിച്ചു.മാറ്റവും പുരോഗതിയുമാണ് അയര്‍ലണ്ടിന് വേണ്ടതെന്ന് ടി ഡി പറഞ്ഞു. അതിന് നിലവിലെ യാഥാസ്ഥിതിക സഖ്യം പര്യാപ്തമല്ല.ആശയപരമായും കാലാനുസൃതമായും കാലഹരണപ്പെട്ട സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും ടി ഡി കുറ്റപ്പെടുത്തി. ക്ലൈമറ്റ് ആക്ഷനില്‍ ഒന്നാമതാക്കും ക്ലൈമറ്റ് ആക്ഷനില്‍ അയര്‍ലണ്ടിനെ ലീഡാറാക്കാനാകുമെന്നും ടി ഡി പറഞ്ഞു.ഇപ്പോഴത്തെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകളാണ് നടത്തുന്നത്. അതുകൊണ്ട് കാര്യമില്ല.കൃഷിയിലും സമ്പൂര്ണ്ണമാറ്റമുണ്ടാകണം.
അതിന് ഗ്രാമീണ കര്‍ഷകരെ ചേര്‍ത്തുപിടിച്ചു കൊണ്ട് സുസ്ഥിര വികസനമുണ്ടാക്കണം. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും മുന്‍ഗണന നല്‍കണമെന്ന് അവര്‍ പറഞ്ഞു. ക്ലൈമറ്റ് ടിക്കറ്റ് പദ്ധതി പ്രതിമാസം ഒമ്പത് യൂറോയ്ക്ക് അയര്‍ലണ്ടില്‍ എവിടെയും സഞ്ചരിക്കാവുന്ന ബസ്, ട്രെയിന്‍ സംവിധാനം കൊണ്ടു വരുമെന്ന് ടി ഡി പറഞ്ഞു.അതിനായി ക്ലൈമറ്റ് ടിക്കറ്റ് പദ്ധതി അവതരിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു. തൊഴിലാളികള്‍ കൈനിറയെ വേതനം മിനിമം വേതനമില്ലാത്ത അപ്രന്റീസ്ഷിപ്പുകള്‍ അവസാനിപ്പിക്കുന്നതടക്കം തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനവും വ്യവസ്ഥകളും തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള അവകാശവും ഉറപ്പാക്കും. വീട്ടില്‍ പരിചരണത്തിന് സൗകര്യം വേണ്ട ജീവനക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ ജോലി സമയം കുറയ്ക്കുന്നത് നിയമപരമായ അവകാശമാക്കുമെന്നും ബാസിക് പറഞ്ഞു.
ഗ്യാരണ്ടീഡ് പ്രീ-സ്കൂള്‍ എല്ലാ കുട്ടികള്‍ക്കും ഗ്യാരണ്ടീഡ് പ്രീ-സ്കൂള്‍ നല്‍കുന്നതിന് പൊതു ശിശു സംരക്ഷണ പദ്ധതി കൊണ്ടുവരും. ആരോഗ്യ രംഗത്ത് സമൂലമായ മാറ്റം പ്രൈമറി കെയറിനും പുതിയ നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും പരിശീലനത്തിനും വന്‍തോതില്‍ നിക്ഷേപം നടത്തുമെന്ന് അവര്‍ പറഞ്ഞു.18 വയസ്സിന് താഴെയുള്ള എല്ലാവര്ക്കും സൗജന്യ ജിപി കെയര്‍ ലഭ്യമാക്കും. ഉക്രൈയ്നൊപ്പം ഉക്രൈയ്നെ യൂറോപ്യന്‍ യൂണിയനിലുള്പ്പെടുത്തണമെന്നും റഷ്യയുടെ അംബാസഡറെ പുറത്താക്കണമെന്നും ടി ഡി ആവശ്യപ്പെട്ടു.പലസ്തീനിലെ അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്ന നിയമം പാസാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.