ഡൽഹിയിൽ ഉൾപ്പടെ ഉത്തരേന്ത്യയിൽ ഒട്ടാകെ അതിശക്തമായ ഭൂചലനമാണ് ഇന്നലെ രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി കൂടാതെ ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലും അനുഭവപ്പെട്ടിരുന്നു. എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു ദുരന്തമാണ് ഭൂകമ്പം.
1) ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടാൽ വീടിനുള്ളിലോ ഏതെങ്കിലും കെട്ടിടത്തിനുള്ളിലോ ആണെങ്കിൽ ഉടൻ തന്നെ തുറന്ന സ്ഥലത്തേക്ക് മാറണം. വലിയ കെട്ടിടങ്ങൾ, വൈദ്യുത തൂണുകൾ, മരങ്ങൾ എന്നിവയിൽ നിന്ന് അകലം പാലിക്കുക.
2) തുറസായ സ്ഥലം വളരെ അകലെയാണെങ്കിലോ നിങ്ങൾക്ക് എത്താൻ സാധിക്കുന്നിടത്തല്ലെങ്കിലോ കട്ടിലിനടിയിലോ മേശയ്ക്കടിയിലോ കമഴ്ന്ന് കിടക്കണം.
3) ഭൂകമ്പം ഉണ്ടാകുമ്പോൾ ഫാൻ, ജനൽ, അലമാരകൾ, ഭാരമുള്ള വസ്തുക്കൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കുക. ഇവ വീണ് പരിക്കേൽക്കാനുള്ള സാധ്യത ഏറെയാണ്.
4) ഭൂകമ്പം ഉണ്ടായാൽ കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ ഒരിക്കലും ലിഫ്റ്റ് ഉപയോഗിക്കരുത്. പടികൾ ഉപയോഗിക്കുക.
5) കട്ടിൽ, മേശ തുടങ്ങിയ ഭാരമുള്ള ഫർണിച്ചറുകൾക്ക് താഴെയിറങ്ങി അവയിൽ മുറുകെ പിടിക്കുക.
6) ഭാരമുള്ള വസ്തുക്കൾ ഒന്നും കണ്ടില്ലെങ്കിൽ, ബലമുള്ള ഒരു ഭിത്തിയോട് ചേർന്നിരുന്ന് ശിരസ്സും കൈകളും മറ്റും ബലമുള്ള വസ്തുക്കളോ കട്ടിയുള്ള പുസ്തകമോ കൊണ്ട് മൂടി മുട്ടുകുത്തി ഇരിക്കുക.
ഇന്നലെ മാർച്ച് 21, ചൊവ്വാഴ്ച രാത്രി 10.20നും 10.26നും ഇടയ്ക്കാണ് ഭൂചലനമുണ്ടായത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 11 മരണം റിപ്പോർട്ട് ചെയ്തു. 300ൽ അധികം പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു വീണതായും റിപ്പോർട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്നും 90 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം എന്നാണ് വിവരം.
പ്രകമ്പനം അനുഭവപ്പെട്ടതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വന്നു കഴിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളിൽ വെച്ച് ഏറ്റവും ശക്തമായ പ്രകമ്പനമാണ് ഇന്നലെയുണ്ടായതെന്നാണ് വിവരം. പ്രകമ്പനം മൂന്ന് സെക്കൻഡ് നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ട്. പ്രകമ്പനം ഏറെ നേരം നീണ്ടുനിന്നതോടെ പരിഭ്രാന്തരായ ജനം കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങി തുറസായ സ്ഥലങ്ങളിലേക്ക് മാറി. പരിഭ്രാന്തിക്ക് അയവുണ്ടായതായാണ് വിവരം. ചിലയിടങ്ങളിൽ മൊബൈൽ നെറ്റ്വർക്ക് നഷ്ടപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.