കോട്ടയം; മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ട 13 കാരി കഠിനമായ ലൈംഗിക പീഡനത്തിന് വിധേയയായതായി തെളിഞ്ഞതിനേ തുടർന്ന് കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പത്തനംതിട്ട മല്ലപ്പള്ളി കീഴ്വായ്പ്പൂര് പോലീസ് പിടികൂടി.
ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരം വീട്ടിൽ നിന്നും തോട്ടക്കാട് ഇരവിചിറയിൽ വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു സുരേഷാ(26)ണ് കീഴ്‌വായ്‌പ്പൂർ പോലീസിന്റെ പിടിയിലായത്.
പനി, ഛർദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവേ, കഴിഞ്ഞവർഷം സെപ്റ്റംബർ 9 നാണ് പെൺകുട്ടി മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിനെതുടർന്ന് അവിടെ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
ഡോക്ടർമാരുടെ സംഘം മെഡിക്കൽ ബോർഡ് രൂപീകരിച്ച്, ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് പ്രകാരം, കുട്ടി ലൈംഗിക ആക്രമണത്തിന് വിധേയയാതായി തെളിഞ്ഞു.
ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞശേഷമാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെപ്റ്റംബർ അഞ്ചിന് പ്രവേശിപ്പിച്ചത്.
തുടർന്ന് 9 ന് രാത്രി 9.30 ന് മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് എസ് ഐ ബി എസ് ആദർശ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെ തുടർന്ന് ബലാൽസംഗം പോക്സോ വകുപ്പുകൾ ചേർത്ത് അന്വേഷണം പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് ഏറ്റെടുത്തു.
കുട്ടിയുടെയും മാതാവിന്റെയും ഫോൺ കാളുകൾ പരിശോധിച്ചതാണ് കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവായത്. പെൺകുട്ടിയുടെ ഫോണിലേക്ക് ഒരു ഫോണിൽ നിന്നും 29 കാളുകൾ വന്നത് ശ്രദ്ധയിൽപ്പെട്ട അന്വേഷണസംഘം, ആ ഫോൺ നമ്പരിൽ അന്വേഷണം കേന്ദ്രീകരിച്ചു, അങ്ങനെയാണ് വിഷ്ണുവിലേക്ക് പോലീസ് എത്തിയത്.
ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ തുടർന്ന അന്വേഷണത്തിൽ ഇയാളും കുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും, യുവാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും വെളിപ്പെട്ടു.
2022 ആഗസ്റ്റ് 16 ന് ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്റിനോട് ചേർന്നുള്ള താമരശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ പൊങ്കാലയോട് അനുബന്ധിച്ച് ചെണ്ട കൊട്ടാൻ വന്ന പ്രതി, പെൺകുട്ടിയെ പരിചയപ്പെട്ടു. പിന്നീട് ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു, തുടർന്ന് നിരന്തരം വിളിക്കുകയും അടുപ്പത്തിലാവുകയും ചെയ്തു. ചങ്ങനാശ്ശേരിയിലും മറ്റും വച്ച് സ്ഥിരമായി കണ്ടുമുട്ടാൻ തുടങ്ങി. തുടർന്ന്, ആഗസ്റ്റ് 19 ന് ഇയാളുടെ ബൈക്കിൽ കയറ്റി ആലപ്പുഴ ബീച്ചിൽ കൊണ്ടുപോയി, തിരികെ കുട്ടി താമസിക്കുന്ന വീട്ടിലെത്തി. കുട്ടി തനിച്ചായപ്പോൾ വീട്ടിലെ മുറിക്കുള്ളിൽ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.
ശാസ്ത്രീയവും തന്ത്രപരവുമായ അന്വേഷണത്തിൽ പ്രതിയെപ്പറ്റി പൂർണമായും മനസ്സിലാക്കിയ പോലീസ് ബുധനാഴ്ച സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയും മറ്റ് നടപടികളും നടത്തി, തുടർന്ന് ഇരുവരും ഒരുമിച്ചു യാത്രചെയ്ത ആലപ്പുഴ ബീച്ച്, തിരിച്ചുവരുമ്പോൾ ഭക്ഷണം കഴിച്ച ഹോട്ടൽ, കുട്ടിയുടെ വീട്, പ്രതി താമസിക്കുന്ന വീട് എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തി. ഫോണും സിം കാർഡും വസ്ത്രങ്ങളും പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനക്കയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.