ന്യൂഡൽഹി: തനിക്ക് എതിരെയുളള നടപടി തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള ചോദ്യങ്ങളെ തുടര്‍ന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കില്ല. ജനാധിപത്യത്തിന് മേല്‍ ആക്രമണം നടക്കുകയാണ്. താന്‍ ആരേയും ഭയക്കുന്നില്ല. ജയിലില്‍ അടച്ച് നിശബ്ദനാക്കാനാകില്ല. ജനാധിപത്യത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് ശേഷം എഐസിസി ആസ്ഥാനത്ത് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
താന്‍ ചോദിച്ചത് ഒരു ചോദ്യം മാത്രമാണ്. അദാനിയും മോദിയും തമ്മിലുളള ബന്ധമെന്ത് ?. ഈ ചോദ്യമാണ് താന്‍ ലോക്‌സഭയില്‍ ഉന്നയിച്ചത്. എന്നാൽ തന്റെ പ്രസ്താവനകള്‍ ലോക്സഭ രേഖയില്‍ നിന്ന് നീക്കി. ഇതിൽ സ്പീക്കർ ഓം ബിർളക്ക് വിശദമായ കത്ത് നല്‍കിയിരുന്നു. തന്റെ കത്തുകള്‍ക്കൊന്നും സ്പീക്കര്‍ മറുപടി നല്‍കിയില്ല. സ്പീക്കറെ നേരിട്ട് കണ്ടിട്ടും പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുമതി കിട്ടിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ജനാധിപത്യത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി അദാനിക്കെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചു. അദാനിയുടെ ഷെല്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയതാരൊക്കെയാണെന്നും അദ്ദേഹം ചോദിച്ചു. സത്യം മാത്രമേ പറയൂ അത് തന്റെ രക്തമാണ്. അദാനിക്ക് വിമാനത്താവളം നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അയോഗ്യനാക്കിയാലും കേസെടുത്താലും ഒന്നും എനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബമാണ്. ഈ രാജ്യമാണ് എനിക്ക് എല്ലാം നൽകിയത്. അതുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. ഒപ്പം നിന്ന പ്രതിപക്ഷ പാർട്ടികൾക്ക് നന്ദി. പരാമർശത്തിൽ മാപ്പ് പറയാൻ താൻ സവർക്കറല്ല ഗാന്ധിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.