ഇടുക്കി;അരിക്കൊമ്പനെ പിടിക്കാനുള്ള രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിൽ എത്തി. ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ എന്ന് പേരുള്ള ആനയാണ് പുലർച്ചയോടെ എത്തിയത്. വയനാട് ആർആർടി റെയ്ഞ്ച് ഓഫീസർ രൂപേഷിൻറെ നേതൃത്വത്തിലുള്ള ആറംഗ വനപാലക സംഘവും ഒപ്പമുണ്ട്. മുൻപ് പല ദൗത്യങ്ങളിലും പങ്കെടുത്തിട്ടുള്ള ആനയാണ് സൂര്യൻ. വിക്രം എന്ന കുങ്കിയാന കഴിഞ്ഞ ദിവസം എത്തിയിരുന്നു. കോന്നി സുരേന്ദ്രൻ , കുഞ്ചു എന്നീ കുങ്കിയാനകളും നാളെയെത്തും. ഇതോടെ അരികൊമ്പൻ ദൗത്യത്തിനുള്ള സന്നാഹങ്ങൾ പൂർണമാകു.
അരിക്കൊമ്പനെ പിടികൂടാൻ എതാനും ദിവസം മാത്രം ബാക്കി നിൽക്കെ ആനയുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കാൻ അഞ്ചംഗ സംഘത്തെ വനംവകുപ്പ് നിയോഗിച്ചു. ദേവികുളം റേഞ്ചിൽ ജോലി ചെയ്യുന്ന വാച്ചർമാരുടെ സംഘമാണ് അരിക്കൊമ്പനെ ഓരോ നിമിഷവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. പെരിയകനാലിലെ എസ്റ്റേറ്റ് ഭാഗത്തുള്ള കൊമ്പനെ പിടികൂടാൻ തീരുമാനിച്ചിരിക്കുന്ന ദിവസം ചിന്നക്കനാൽ ഭാഗത്തേക്ക് എത്തിക്കാനാണ് വനംവകുപ്പ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം ദൗത്യം സംബന്ധിച്ച് ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ ഇന്ന് യോഗം ചേരും. ഉച്ചയ്ക്കുശേഷം മൂന്നു മണിക്കാണ് യോഗം. ശനിയാഴ്ച തന്നെ മയക്കുവെടി വച്ച് അരിക്കൊമ്പനെ പിടികൂടാനാണ് ഇപ്പോഴത്തെ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.