മടിയന്‍ശീലങ്ങളെ കാറ്റില്‍ പറത്താം, തുടങ്ങാം നല്ല ആരോഗ്യശീലങ്ങള്‍

 മൂടിപ്പുതച്ചിരിക്കുന്ന മടിയന്‍ശീലങ്ങളെ കാറ്റില്‍ പറത്തി ചില നല്ല ജീവിതശീലങ്ങള്‍ക്ക് ഈ ദിവസത്തിൽ  തുടക്കമിടാം.തുടരാന്‍ പ്രയാസമുള്ള വലിയ തീരുമാനങ്ങളേക്കാള്‍ ചെറിയ പ്രായോഗിക തീരുമാനങ്ങളായിരിക്കും നല്ലത്.

പുതിയ ദിവസങ്ങൾ പുതിയ പ്രതീക്ഷകളുടേതാണ്,പുതിയ തീരുമാനങ്ങളുടേതും പുതിയ ശീലങ്ങളുടേതുമാണ്. ദുശ്ശീലങ്ങളോട് ഗുഡ്ബൈ പറഞ്ഞ് പുതിയ ആരോഗ്യ തീരുമാനങ്ങൾ സ്വീകരിക്കാനും പിന്തുടരാനും ഓരോ പ്രഭാതങ്ങളും പ്രചോദനമാവട്ടെ'ഏവർക്കും ഡെയ്‌ലി മലയാളി ന്യൂസിന്റെ ശുഭദിനാശംസകൾ 

നല്ല ഭക്ഷണം നല്ല ശീലമാവട്ടെ

ഭക്ഷണത്തിൽ നിന്നുതന്നെയാകട്ടെ നല്ല ശീലങ്ങളുടെ തുടക്കം. രാവിലത്തെ ബെഡ്കോഫി ഉപേക്ഷിച്ച് ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ തീരുമാനിക്കാം. പലപ്പോഴും തിരക്കുപിടിച്ച് കഴിക്കാതെപോകുന്ന പ്രഭാതഭക്ഷണം പ്രധാന ഭക്ഷണമാക്കാൻ ശീലിക്കാം. ബ്രേക്ക്ഫാസ്റ്റ് താമസിപ്പിച്ച് ലഞ്ചുമായി ചേർത്ത് 'ബ്രഞ്ച്' ആക്കുന്ന പരിപാടി ഇനി വേണ്ട. ഉച്ചയ്ക്ക് ചോറ് കുറച്ച് കറികൾ കൂടുതൽ കഴിക്കാം. ചോറിനൊപ്പം ഉപ്പുചേർക്കുന്ന ശീലം ഒഴിവാക്കാം. രാത്രി കിടക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ് അത്താഴം കഴിക്കണം. രാത്രിഭക്ഷണം ലഘുവാക്കാം. വറുത്തതും പൊരിച്ചതും വേണ്ട. ഇടനേരങ്ങളിൽ ബേക്കറി സാധനങ്ങൾ വേണ്ട. പകരം പഴങ്ങളും കശുവണ്ടിയും നിലക്കടലയുമൊക്കെ ശീലമാക്കാം. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതാകട്ടെ മറ്റൊരു പ്രധാന തീരുമാനം. ഡയറ്റിന്റെ പേരിൽ ഭക്ഷണം കഴിക്കാതിരിക്കുന്നതും രുചിയുടെ പേരിൽ വാരിക്കോരി കഴിക്കുന്നതും ഒഴിവാക്കാം. ഭക്ഷണം കുറച്ചാലും ആരോഗ്യത്തെ ബാധിക്കാത്ത തരത്തിലാവണം ഡയറ്റ് പിന്തുടരാൻ.

ഉപ്പുകുറയ്ക്കാം, മധുരവും; നിത്യജീവിതത്തിൽ വളരെ ലളിതമായി വരുത്താവുന്ന ചില ചിട്ടകളാണ് ഉപ്പ്,എണ്ണ,പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത്. ആദ്യം വേണ്ടത് ഓരോന്നും ഇപ്പോൾ എന്തുമാത്രം ഉപയോഗിക്കുന്നു എന്നു നിരീക്ഷിക്കുകയാണ്. ഓരോന്നും കുറേശ്ശെ കുറച്ചു കൊണ്ടു വരിക. ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ഉപ്പിന്റെയും എണ്ണയുടെയും പഞ്ചസാരയുടെയും ഉപയോഗം പകുതിയായി കുറയ്ക്കുക. അതുകൊണ്ടു എല്ലാ രോഗങ്ങളിൽ നിന്നുമുള്ള മോചനവഴിയിൽ നാം എത്തിച്ചേരും.

നടന്നുകയറാം ആരോഗ്യത്തിലേക്ക്

ഭക്ഷണം കഴിക്കുന്നതൊക്കെ കൊള്ളാം. എന്നാൽ ഭക്ഷണത്തിനൊപ്പം ആരോഗ്യപരിപാലനത്തിനും ശ്രദ്ധ ചെലുത്തണം. തിരക്കിട്ട ജീവിത ശീലങ്ങൾക്കിടെ വർക്ക് ഔട്ടുകൾ പോയിട്ട് ഒന്നു നടക്കാൻ പോലും നേരമില്ലാത്തവരാണ് നമ്മളിൽ പലരും. എന്നാൽ ഈ ശീലം ഒന്ന് തിരുത്തിയാലോ?  ഇന്ന് പുലരിയിൽ തന്നെ നനുത്ത കാറ്റേറ്റ് മഞ്ഞിന്റെ സൗന്ദര്യം ആസ്വദിച്ച് നടന്നുനോക്കൂ. പ്രഭാതത്തിൽ തന്നെ വന്നുചേരുന്ന നവോന്മേഷം അനുഭവിച്ചറിയാം. ദിവസവും കുറഞ്ഞത് 30-40 മിനുട്ടെങ്കിലും നടക്കാൻ ശ്രമിക്കണം.

ഇതുവരെ വ്യായാമങ്ങളൊന്നും തുടങ്ങാത്ത ആളാണെങ്കിൽ മിതമായ വേഗത്തിൽ നടന്നുകൊണ്ടുള്ള തുടക്കമാവും നല്ലത്. ആദ്യത്തെ അഞ്ചു മിനിറ്റ് വാം-അപ്പ് ചെയ്ത് ശരീരത്തെ ചൂടാക്കിയ ശേഷം വ്യായാമത്തിനൊരുങ്ങണം. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. പുതിയ തീരുമാനം തെറ്റിക്കാതെ നിത്യവും പ്രാവർത്തികമാക്കണം. വ്യായാമം രണ്ടാം ഘട്ടത്തിലേക്കെത്തുമ്പോൾ അൽപം കായികാധ്വാനമുള്ള വ്യായമമുറകൾ സ്വീകരിക്കുന്നത് ഉചിതമാവും. വയർ ചാടൽ, പൊണ്ണത്തടി പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് അതിനനുസരിച്ചുള്ള വർക്കൗട്ടുകൾ തിരഞ്ഞെടുക്കാം.

ആരോഗ്യപരിശോധനകൾ കൃത്യമായി നടക്കട്ടെ

ജീവിതശൈലീരോഗങ്ങളുടെ പ്രത്യേകത അവ നിശ്ശബ്ദരാണെന്നതാണ്. പലപ്പോഴും ഹൃദയാഘാതവും പക്ഷാഘാതവുമൊക്കെ ഉണ്ടാകുമ്പോഴായിരിക്കും പ്രമേഹവും രക്താതിസമ്മർദവും ഉണ്ടെന്നറിയുക. ഈ  ദിനം ഓർത്തുവെച്ചു ഒരു വാർഷിക വൈദ്യപരിശോധന ശീലമാക്കാം. ശരീരഭാരം, രക്തസമ്മർദം, രക്തത്തിലെ ഷുഗറിന്റെയും കൊളസ്ട്രോളിന്റെയും നില ഇവ പരിശോധിച്ചറിയാം. വൈദ്യപരിശോധനകൾ നടത്താൻ വിമുഖത കാണിക്കുന്നത് ഡോക്ടറെ കാണാനും ആസ്പത്രിയിൽ പോകാനുമുള്ള മടികൊണ്ടും രോഗങ്ങളെക്കുറിച്ചുള്ള പേടികൊണ്ടുമായിരിക്കും. എന്നാൽ സൂചികൊണ്ടെടുക്കാൻ പറ്റുന്നത് തൂമ്പകൊണ്ടെടുക്കേണ്ടിവരാതെ നോക്കുന്നതല്ലേ നല്ലത്.

മാനസിക സമ്മർദ്ദം വേണ്ട, മാനസികോല്ലാസം മതി

വ്യക്തിജീവിതത്തിലും തൊഴിൽ ജീവിതത്തിലും നിരവധി സമ്മർദ്ദങ്ങളിലൂടെ നിത്യവും നമുക്ക് കടന്നു പോവേണ്ടതായി വന്നേക്കാം. അത് ജീവിതത്തിലെ സാധാരണത്വം മാത്രം. എന്നാൽ സമ്മർദ്ദങ്ങൾ നമ്മളെ കീഴപ്പെടുത്താതെ നോക്കേണ്ടത് നമ്മുടെ മാത്രം മിടുക്കാണ്. പ്രശ്നങ്ങൾക്കും സമ്മർദ്ദങ്ങൾക്കും മുന്നിൽ പരാജയപ്പെട്ടാൽ അതിന് മാത്രമാവും സമയമുണ്ടാവുക. അതിനാൽ മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാവുമ്പോൾ മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കുന്നത് തികച്ചും ആരോഗ്യകരമായ ശീലമാണ്. നല്ല ചിന്താഗതിയിലൂടേയും മെഡിറ്റേഷനിലൂടെയും പ്രശ്നങ്ങൾക്ക് മുന്നിൽ തലകുനിക്കാതെ നിൽക്കാനുള്ള മാനസികാരോഗ്യം നമുക്ക് സ്വന്തമാക്കാം. യോഗ പോലുള്ള മെഡിറ്റേഷൻ ട്രിക്കുകൾക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. വിർച്വൽ ലോകമാണ് ലോകമെന്നും ജീവിതമെന്നും ചിന്തിക്കുന്നവർ അവയ്ക്കൊക്കെ താൽക്കാലിക ബ്രേക്ക് കൊടുത്ത് കുടുംബത്തോടൊപ്പമോ പ്രിയപ്പെട്ടവരോടൊപ്പമോ കൂടുതൽ നേരം ചെലവഴിച്ചു നോക്കൂ, നിങ്ങളുടെ ജീവിതം കൂടുതൽ സുന്ദരമാവുന്നത് അനുഭവിച്ചറിയാം. ഓർക്കേണ്ടത് ഒന്നു മാത്രം, ജീവിതത്തിൽ പ്രശ്നങ്ങൾ നമ്മളെ പിന്തുടരുന്നതാണ്, നാം പ്രശ്നങ്ങളെ തേടിയല്ല ജീവിക്കുന്നത്.

കുടുംബത്തോടൊപ്പം കൂടുതൽ നേരം

ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രാധാന്യമുള്ളതാണ് മനസ്സിന്റെ ആരോഗ്യവും. ഇതിൽ മുൻതൂക്കം കൊടുക്കാനും ശ്രമിക്കുക. ആരോഗ്യജീവിതത്തിന്റെയും ആഹ്ലാദജീവിതത്തിന്റെയും അടിസ്ഥാനമാണ് കുടുംബത്തോടൊത്തു കഴിയുന്നത്. ഈ ദിവസം മുതൽ നിത്യവും കുടുംബാംഗങ്ങളോടൊപ്പം കൂടുതൽ നേരം ചെലവഴിക്കും എന്ന് തീരുമാനിക്കുക. എല്ലാ ദിവസവും ഏറ്റവും കുറഞ്ഞത് ഒരുമണിക്കൂർ നേരമെങ്കിലും കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കണം. കുടുംബാംഗങ്ങളുമായി ഒരുമിച്ചു ചെലവഴിക്കുന്ന സമയത്തെ ഉത്കർഷവേള (Quality Time) എന്നാണ് മനശ്ശാസ്ത്രവിദഗ്ധർ വിളിക്കുന്നത്.

കുട്ടികളാവട്ടെ മുതിർന്നവരാവട്ടെ മൊബൈൽ ഫോണും ലാപ്ടോപ്പിലും സ്വന്തം ലോകം തീർത്തിരിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഒന്ന് സൈൻ ഔട്ട് ചെയ്താൽ തീരാത്ത എത്ര ബന്ധങ്ങളുണ്ട് നിങ്ങൾക്ക്? ആത്മാർത്ഥമായി ആലോചിച്ചു നോക്കൂ. സൈബർ ലോകത്തിന്റെ ബഹളത്തിൽ നിന്നിറങ്ങി കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും കൂടുതൽ നേരം ചെലവഴിക്കുമെന്ന് തീരുമാനിച്ചു നോക്കൂ. അത്ഭുതകരമായ മാറ്റമാവും ആ തീരുമാനം നിങ്ങളുടെ വ്യക്തിജീവിതത്തിലും ചിന്താഗതിയിലും ഉണ്ടാക്കുക. കളിയും ചിരിയും കൊച്ചുവർത്തമാനവും തുറന്നു പറച്ചിലും പല മാനസിക പ്രശ്നങ്ങൾക്കും ഫുൾ സ്റ്റോപ്പിടും. മുതിർന്നവരുടെ ജീവിതത്തിൽ മാത്രമല്ല, കുട്ടികളിലും ഇത്തരം ശീലം വളർത്തുന്നത് പല കുടുംബങ്ങളും ഇന്ന് നേരിടുന്ന പല പ്രതിസന്ധിക്കും പരിഹാരമുണ്ടാക്കും. കുട്ടികൾക്ക് തുറന്നു പറയാൻ അവസരമില്ലാത്തതും കാരണവന്മാർ അതു കേൾക്കാൻ താത്പര്യപ്പെടാത്തതുമാണ് മിക്ക വീടുകളിലും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള വിടവിനു കാരണമാകുന്നത്. ഈ വിടവാണ് വഴിതിരിഞ്ഞു പോകാൻ കുട്ടികൾക്കു പ്രേരണയേകുന്നത്. നിത്യവും ഒരുമിച്ചിരിക്കാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനും മാറ്റിവെയ്ക്കുന്നത് കുടുംബത്തെ കൂടുതൽ ഇമ്പമുള്ളതാക്കി മാറ്റും.

ക്ഷമപറഞ്ഞ് ശീലിക്കൂ, ക്ഷമിച്ചു തുടങ്ങൂ

ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനും മുൻതൂക്കം കൊടുക്കുന്നതായിരിക്കണം നമ്മുടെ നല്ല ആരോഗ്യശീലങ്ങൾ. എന്നാൽ എടുത്തുചാടിയുള്ള പല പ്രതികരണങ്ങളും തീരുമാനങ്ങളും നിങ്ങൾക്ക് അമിതഭാരം മാത്രമേ നൽകുകയുള്ളൂ. പകരം ചില സ്വാഭാവഗുണങ്ങൾ കൂടി സ്വന്തമാക്കാൻ ശ്രമിച്ചു നോക്കൂ, നിങ്ങളറിയാതെ നിങ്ങളുടെ വ്യക്തിത്വം പ്രകാശിക്കുന്നത് കാണാം.

വഴക്കാളിയാണെന്നും ദേഷ്യക്കാരനോ ദേഷ്യക്കാരിയോ ആണെന്ന തരത്തിൽ നിങ്ങളെ കുറിച്ചുള്ള കമന്റുകൾ അഭിമാനമായി കൊണ്ടുനടക്കരുത്. അത് നിങ്ങളെ കുറവായി പരിഗണിച്ച് അത് മാറ്റാനാണ് ശ്രമിക്കേണ്ടത്. അതിന് ക്ഷമ, അകാരണമായ ദേഷ്യം ഒഴിവാക്കൽ തുടങ്ങിയ ചില ശീലങ്ങൾ പരിശീലിക്കാം.

സ്വയം സൗഖ്യം പകരാൻ സാധിക്കുന്ന കഴിവാണ് ക്ഷമാശീലം. മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന പല പ്രശ്നങ്ങൾക്കും ക്ഷമാശീലം ഉത്തമ പരിഹാരമാണ്. ക്ഷമ കാണിക്കുന്നതുകൊണ്ടുള്ള മെച്ചം നമുക്ക് തന്നെയാണ്. അത് മനസ്സിനേയും ശരീരത്തേയും സമ്മർദങ്ങളിൽ നിന്നും രക്ഷപ്പെടുത്തും. ആത്മവിശ്വാസം കൂട്ടുകയും ചെയ്യും.അകാരണമായുള്ള ദേഷ്യപ്പെടലും ഒഴിവാക്കാം. ദേഷ്യപ്പെടേണ്ടതില്ലാത്ത, ഒന്നു കണ്ണടച്ചാൽ, സാഹചര്യത്തിൽ നിന്നും ഒഴിവായി നിന്നാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ ഉള്ളൂവെങ്കിൽ ഈ ക്ഷമ ഒരു ശീലമാക്കി നോക്കൂ, ബന്ധങ്ങൾ കൂടുതൽ സുദൃഡമാക്കുന്നതിനൊപ്പം അത് നിങ്ങളുടെ വ്യക്തിത്വത്തിലും പ്രകാശിക്കും. 

ജീവിതം ചിട്ടയോടെ..

നിങ്ങൾ നിങ്ങളുടെ മുറിയൊക്കെ വൃത്തിയാക്കി സാധനങ്ങളൊക്കെ അടുക്കിവെക്കുന്നതുപോലെ ജീവിതത്തിലും അൽപം അടുക്കും ചിട്ടയുമൊക്കെ കൊണ്ടുവരാൻ ശ്രമിക്കാം.ആദ്യമായി സമയക്ലിപ്തത പാലിക്കാൻ ശ്രദ്ധിക്കാം. ഉറങ്ങാനും ഉണരാനും ഉണ്ണാനും സമയം ചിട്ടപ്പെടുത്തണം. ഒരു കാര്യവും നീട്ടിവെക്കാതിരിക്കാനും തീരുമാനിക്കാം, ചെയ്തു തീർക്കേണ്ട കാര്യങ്ങൾ അമാന്തിക്കാതെ ചെയ്തു തീർത്ത് കരിയറിലും ജീവിതത്തിലും ഡിസിപ്ലിൻഡ് ആവട്ടെ നമ്മൾ. കടമകളൊന്നും മറക്കാതെ സ്നേഹിക്കുന്നവർക്ക് വേണ്ടി സമാധാനത്തോടെ ജീവിക്കുമ്പോഴല്ലേ ജീവിതവും സുന്ദരമാവുന്നത്?

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !