ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുളള തയ്യാറെടുപ്പുമായി വനം വകുപ്പ്. ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുളള നടപടികളുമായി മുന്നോട്ട് പോവുകയാണ് വനംവകുപ്പ്. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകൾ ഇന്ന് ഇടുക്കിയിലെത്തും.
ഹർജി പരിഗണിക്കുന്ന 29-ാം തീയതിയിലെ തീരുമാനം അനുസരിച്ചായിരിക്കും മയക്കുവെടി വെക്കുന്ന നടപടിയുണ്ടാകൂ. ഹൈക്കോടതിയിൽ സമർപ്പിക്കാനായി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാനയാക്രമണം ഉണ്ടായ സംഭവങ്ങളുടെ കണക്കെടുപ്പ് വനം വകുപ്പ് ഇന്ന് തുടങ്ങും. അതേസമയം കോടതി വിധിക്കെതിരെ പ്രതിഷേധിച്ച് അരിക്കൊമ്പന്റെ ആക്രമണം രൂക്ഷമായ ബിഎൽ റാവിൽ പ്രതിഷേധ പരിപാടികൾ നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം. കേസിൽ കക്ഷി ചേരാനാണ് ഇരു പഞ്ചായത്തുകളുടേയും നീക്കം.
കേസിൽ കക്ഷി ചേരുമെന്ന് ഡീൻ കുര്യാക്കോസ് എംപിയും അറിയിച്ചിട്ടുണ്ട്. കുങ്കിയാനകളെ തിരികെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. കോടതിയിൽ നിന്ന് അനുകൂലമായ വിധി ഉണ്ടായില്ലെങ്കിൽ ഹർത്താൽ അടക്കമുളള സമരപരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം. ഞായറാഴ്ച അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി വനം വകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
മൃഗ സംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയില്‍ രാത്രി എട്ട് മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് 29 വരെ നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ബദൽ മാർഗങ്ങൾ പരിശോധിക്കാമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. അരിക്കൊമ്പനെ പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിൽ സൂക്ഷിക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹർജി. ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.